
ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ ബീഹാറിലെ സിവാൻ ജില്ലയിൽ വിദ്യാർത്ഥികൾക്കു നേരെ എ.കെ-47 തോക്ക് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗമായിരുന്ന അഭിഷേക് പട്ടേലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് 25ന് ബീഹാറിൽ നടന്ന ബന്ദിനിടെയാണിത്. പൊലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ എസ്.ഐ.ടി സംഘത്തിലുണ്ടായിുന്ന അഭിഷേക് വിദ്യാർത്ഥികൾക്കു നേരെ എ.കെ-47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. വെടിയേറ്റ് ചികിത്സയിലുള്ള ആരിഫ് (15) അടക്കം മൂന്നു പേരുടെ നില തൃപ്തികരമാണെന്ന് പട്നയിലെ ജയപ്രഭ മേദാന്ത ആശുപത്രി അധികൃതർ പറഞ്ഞു.
സി.ജെ.പി പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികൾക്കു നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച ദ്രുതകർമ്മ സേനാ (റാപ്പിഡ് ആക്ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞു. ജൂലായ് 20ന് നടന്ന പാർലമെന്റ് മാർച്ചിനിടെ ഡൽഹി കൊണാട്ട് പ്ലേസിൽ വിന്യസിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് നിറയൊഴിച്ചതെന്ന് സി.ആർ.പി.എഫ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.
ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ലോഗ് (പ്രവർത്തന രേഖ) പരിശോധിച്ചപ്പോൾ കുറഞ്ഞത് ഏഴു റൗണ്ട് വെടിയുതിർത്തതായി കണ്ടെത്തി. ഇതിൽ അഞ്ച് റൗണ്ട് വിദ്യാർത്ഥികൾക്കു നേരെയും രണ്ട് റൗണ്ട് നിലത്തേക്കുമാണെന്ന് സി.ആർ.പി.എഫ് പറയുന്നു. സംഭവത്തിൽ സി.ആർ.പി.എഫ് ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥരുടെ മൊഴികൾ,ഡ്യൂട്ടി ലോഗ്, സംഭവ സ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുന്നുണ്ട്. പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിന് മുമ്പ് പ്രവർത്തന നടപടിക്രമങ്ങൾ(എസ്.ഒ.പി) പാലിച്ചിരുന്നോ എന്നും അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിംഗിന് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |