
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കോക്രോച്ച് ജനതാ പാർട്ടി.കഴിഞ്ഞ ദിവസം അർദ്ധരാത്രി സർക്കാർ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യമറിയിച്ചത്.
പ്രതിഷേധക്കാർക്കെതിരേ തുടർനടപടികൾ സ്വീകരിക്കില്ലെന്നും ബീഹാർ, അസാം, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കേസ് പിൻവലിച്ചതിന്റെ ഉത്തരവ് കൈമാറിയെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്നും എൻ.ഡി.എ ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കുമെന്ന ഉറപ്പ് ലഭിച്ചെന്നും വ്യക്തമാക്കി. എഫ്.ഐ.ആറുകൾ റദ്ദാക്കിയില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സി.ജെ.പി പറഞ്ഞിരുന്നു.
സമരത്തിനിടെ അക്രമത്തിൽ ഏർപ്പെട്ടവരെയോ ക്രിമിനൽ പശ്ചാത്തലമുള്ളവരെയോ വെറുതേ വിടുമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമാധാനമായി പ്രതിഷേധിച്ചവർക്ക് മാത്രമാണ് ഉറപ്പ് നൽകിയത്. നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരെ അതിൽ ഉൾപ്പെടുത്തിയിട്ടില്ല. അവരുടെ ചെയ്തികൾ പരിശോധിച്ച് വേണ്ട നിയമനപടികൾ സ്വീകരിക്കും.
സമരക്കാരിൽ 2873 പേർ ക്രിമിനലുകൾ
കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) നടത്തിയ സമരത്തിൽ പങ്കെടുത്തവരിൽ 2873 പേർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് 'മുഖം തിരിച്ചറിയൽ' സംവിധാനത്തിലൂടെ കണ്ടെത്തി ഡൽഹി പൊലീസ്. സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് നോക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. 2873 ക്രിമിനലുകളിൽ 989 പേർ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, പോക്സോ, പീഡനക്കേസ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |