
ന്യൂഡൽഹി: സിവിൽ ജഡ്‌ജ് ജൂനിയർ ഡിവിഷൻ (നേരത്തെ മുൻസിഫ്, മജിസ്ട്രേട്ട്) നിയമനവുമായി ബന്ധപ്പെട്ട നിബന്ധനകൾ സുപ്രീംകോടതി പുനക്രമീകരിച്ചു. മൂന്നു വർഷത്തെ അഭിഭാഷക പ്രാക്ടീസ് ഒരു വർഷമായി കുറച്ചു. എന്നാൽ, നിയമനം കിട്ടിക്കഴിഞ്ഞാൽ ആദ്യ ആറു മാസം ജില്ലാ ജഡ്‌ജിയുടെയും അടുത്ത ആറു മാസം ഹൈക്കോടതി ജഡ്‌ജിയുടെയും മേൽനോട്ടത്തിൽ ലാ ക്ലർക്കായി ജോലി ചെയ്യണം. ഇതു പുതിയ വ്യവസ്ഥയാണ്. ഒരു വർഷത്തെ ജുഡിഷ്യൽ അക്കാഡമിയിലെ പരിശീലനം അതേപടി നിലനിറുത്തി.
മൂന്നു വർഷത്തെ അഭിഭാഷക പ്രക്ടീസും നിയമനം കിട്ടിയാൽ ഒരു വർഷത്തെ ജുഡിഷ്യൽ അക്കാഡമിയിലെ പരിശീലനവും നിർബന്ധമാക്കിയ 2025 മേയ് 20ലെ ഉത്തരവാണ് ഇപ്പോൾ തിരുത്തിയത്. അതിനാൽ, അന്നു മുതലുള്ള വിജ്ഞാപനങ്ങൾക്ക് ഇന്നലത്തെ ഉത്തരവ് ബാധകമാക്കി. 2025 മേയ് മുതലുള്ള അഞ്ചു വർഷത്തേക്കാണ് പുതിയ നിബന്ധന. അതിനുശേഷം,ജുഡിഷ്യൽ ഓഫീസർമാരുടെ പ്രകടനം വിലയിരുത്തി ആവശ്യമെങ്കിൽ ഈ സംവിധാനം പുനഃപരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നു വർഷം അഭിഭാഷക പ്രാക്‌ടീസ് നിർബന്ധമാക്കിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചാണിത്. മൂന്നംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ വിധി പരിഷ്‌ക്കരിച്ചാൻ തീരുമാനിച്ചപ്പോൾ, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വിയോജിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |