SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

പെല്ലറ്റിൽ  രാഹുലിന്റെ  മിന്നൽ പ്രഹരം,​ വിദ്യാർത്ഥി നൽകിയ പരാതിയിൽ കേസെടുത്തു

READ ENGLISH VERSION
r

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സർജിക്കൽ സ്‌ട്രൈക്ക്. ജൂലായ് 20-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് തറച്ച് പരിക്കേറ്റ 19-കാരൻ സാഹിൽ ലോചബിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഡി.സി.പി ഓഫീസിൽ ആറര മണിക്കൂർ ധർണയിരുന്നു. ഒടുവിൽ കേന്ദ്രം വഴങ്ങി.

പെല്ലറ്റുമായി സാഹിലും കുടുംബാംഗങ്ങളും രാഹുലിനൊപ്പം സമരത്തിന് എത്തുകയായിരുന്നു. സാഹിലിൽ നിന്ന് മെഡിക്കൽ റിപ്പോർട്ടുകളും അനുബന്ധ രേഖകളും ശേഖരിച്ച പൊലീസ് സുതാര്യവും കൃത്യവുമായ അന്വേഷണം നടത്തുമെന്നു ഉറപ്പ് നൽകി. എഫ്.ഐ.ആറിന്റെ പകർപ്പും കൈമാറി.

വൈകിട്ട് ആറരയോടെയാണ് സമരം അവസാനിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് നാടകീയ സംഭവങ്ങൾക്കു തുടക്കം. സാഹിലും മാതാവ് ജ്യോതി ലോചബിനും ഒപ്പം ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്‌റ്റേഷനിലാണ് രാഹുൽ ആദ്യമെത്തിയത്. പൊലീസ് പരാതി സ്വീകരിച്ചില്ല.

തുടർന്ന് പാർലമെന്റ് സ്ട്രീറ്റിലെ ന്യൂഡൽഹി ഡി.സി.പി ഓഫീസിൽ എത്തി. ഡി.സി.പി സച്ചിൻ ശർമയുമായി നടത്തിയ ചർച്ചയും ഫലം കാണാതെ വന്നതോടെയാണ് രാഹുൽ പുറത്തേക്കിറങ്ങി ധർണ ആരംഭിച്ചത്.

12 മണിയോടെ കുത്തിയിരുപ്പ് ആരംഭിച്ച രാഹുലിനെ അനുനയിപ്പിക്കാൻ ഡി.സി.പി ശ്രമിച്ചെങ്കിലും രാഹുൽ ഉറച്ചുനിന്നു. സാഹിലിനൊപ്പം രാഹുൽ നിലത്തിരുന്നപ്പോൾ അമ്മ ജ്യോതിയും ഒപ്പമിരുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിലെ കസേരകൾ നൽകി.

രണ്ടുമണിയോടെ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ജയ്റാം രമേശ്, അധീർ രഞ്ജൻ ചൗധരി, കുമാരി ഷെൽജ, സുപ്രിയ ശ്രീനതെ തുടങ്ങിയ തുടങ്ങിയ നേതാക്കളും അണിനിരന്നു.ആയിരത്തോളം പ്രവർത്തകർ തടിച്ചുകൂടി.

ഡി.സി.പി വീണ്ടും രാഹുലും പ്രിയങ്കയുമായി ചർച്ച നടത്തി. മുകളിൽ നിന്ന് അനുവാദം ലഭിക്കാതെ എഫ്.ഐ.ആർ ഇടാനാകില്ലെന്ന് പൊലീസ് അറിയിച്ചു. പുറത്തിറങ്ങിയ രാഹുൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചു.

പെല്ലറ്റുകൾ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ഉയർത്തിക്കാട്ടി.'പൊലീസ് പെല്ലറ്റ് പ്രയോഗിച്ചില്ലെങ്കിൽ ഈ പെല്ലറ്റുകൾ എവിടെനിന്നെത്തി?' എന്നായിരുന്നു ചോദ്യം.

അഞ്ചരയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ആറരയോടെ ഡി.സി.പി പകർപ്പ് നൽകിയശേഷമാണ് സമരം അവസാനിപ്പിച്ചത്.

``എഫ്.ഐ.ആർ നീതിയിലേക്കുള്ള ആദ്യപടി``

-രാഹുൽ ഗാന്ധി

`` നിയമനടപടികൾ പുരോഗമിക്കെ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തുന്നത് രാഷ്ട്രീയ നാടകം``

- ജെ.പി. നദ്ദ,

കേന്ദ്ര മന്ത്രി

3 തവണ പരാതിയുമായി

പൊലീസിനെ സമീപിച്ചു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ജൂലായ് 20ന് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ 'സൻസദ് ചലോ' മാർച്ചിനിടെയാണ് സാഹലിന് പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റത്. അന്വേഷണം ആവശ്യപ്പെട്ട് മന്ദിർ മാർഗ് പൊലീസ് സ്‌റ്റേഷനിൽ ഓഗസ്റ്റ് 14ന് പരാതി എഴുതി നൽകിയെങ്കിലും സ്വീകരിച്ചില്ല. രണ്ടു തവണ കൂടി പൊലീസിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.ഇതോടെയാണ് രാഹുലിന്റെ സഹായം തേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360