SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

പെല്ലറ്റ് ആക്രമണം: പരിക്കേറ്റവരുടെ കണക്ക് പുറത്തുവിടാതെ എയിംസ്

6

ന്യൂഡൽഹി: ജൂലായ 20ന് ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവരുടെ കണക്ക് പുറത്തുവിടാതെ എയിംസ്. അന്ന് കാഷ്വാലിറ്റി, എമർജൻസി വിഭാഗങ്ങളിൽ 96 കേസുകൾ രജിസ്റ്റർ ചെയ്തതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ആശുപത്രി വ്യക്തമാക്കി. ഇതിൽ 94 എണ്ണം മെഡിക്കോ- ലീഗൽ കേസുകളായിരുന്നു. എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ എത്ര പേർക്ക് പെല്ലറ്റ്, ഷോട്ട്, പ്രൊജക്ടൈൽ പരിക്കുകളുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

പരിക്കേറ്റവരുടെ എണ്ണം ആവശ്യപ്പെട്ടുള്ള ആർ.ടി.ഐ അപേക്ഷയാണ് രോഗികളെ തിരിച്ചറിയാൻ സാദ്ധ്യതയുണ്ടെന്ന കാരണം (ആർ.ടി.ഐ നിയമത്തിലെ 8(1)(ഐ) വകുപ്പ്) ചൂണ്ടിക്കാട്ടി എയിംസ് തള്ളിയത്. എന്നാൽ രോഗികളുടെ പേരോ വിലാസമോ മറ്റ് വ്യക്തിഗത വിവരങ്ങളോ വേണ്ടെന്ന് ആർ.ടി.ഐ അപേക്ഷകൻ തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി.

അതേസമയം ഡൽഹിയിലെ മറ്റ് രണ്ട് കേന്ദ്രസർക്കാർ ആശുപത്രികളിൽനിന്നുള്ള കണക്കുകൾ ആക്രമണത്തിന്റെ വ്യാപ്തി സംബന്ധിച്ച സൂചന നൽകുന്നു. ലേഡി ഹാർഡിംഗ് ആശുപത്രിയിൽ ഒൻപത് പേരും സഫ്ദർജംഗ് ആശുപത്രിയിൽ ഒരാളും പെല്ലറ്റ് ആക്രമണത്തെത്തുടർന്ന് ചികിത്സ തേടിയതായി ആർ.ടി.ഐ രേഖകൾ വ്യക്തമാക്കുന്നു.

ജന്തർ മന്ദറിൽനിന്ന് പാർലമെന്റിലേക്ക് നടത്തിയ 'സൻസദ് ചലോ" മാർച്ചിനിടെയാണ് ഡൽഹി പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്. പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, PELLET ATTACK, AIMS, NATIONALNEWS, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360