
സൂറിച്ച് : ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി കേപ്പ് വെർദേ താരം സിഡ്നി ലോപ്പസ് കബ്രാൽ അർജന്റീനയ്ക്ക് എതിരായ രണ്ടാം റൗണ്ട് മത്സരത്തിൽ നേടിയ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ആകെ പിറന്ന 308 ഗോളുകളിൽ നിന്ന് പൊതുജനങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ കണ്ടെത്തിയത്.ഫിഫ തയ്യാറാക്കിയ 12 ഗോളുകളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് വോട്ടെടുപ്പ് നടന്നത്. ഉസ്‌ബക്കിസ്ഥാന്റെ എൽദോർ ഷോമുറോദോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവരെ പിന്നിലാക്കിയാണ് കബ്രാലിന്റെ ഗോൾ മികച്ചതായത്.
ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും മിന്നുന്ന വിജയം നേടിവന്ന അർജന്റീനയെ രണ്ടാം റൗണ്ടിൽ കുഞ്ഞൻ രാജ്യമായ കേപ്പ് വെർദേ ശരിക്കും വിറപ്പിച്ചശേഷമാണ് തോറ്റത്. മത്സരത്തിൽ 29-ാം മിനിട്ടിൽ മെസിയിലൂടെ ലീഡെടുത്ത അർജന്റീനയ്ക്കെതിരേ 59-ാം മിനിട്ടിൽ ഡെറോയ് ദുവാർത്തെയുടെ ഗോളിൽ കേപ് വെർദെ സമനില പിടിച്ചിരുന്നു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 92-ാം മിനിട്ടിൽ ലിസാൺഡ്രോ മാർട്ടിനെസ് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ഈ ഗോളിനുള്ള കേപ് വെർദെയുടെ മറുപടിയാണ് ലോകോത്തര ഗോളായി മാറിയത്.103-ാം മിനിട്ടിൽ ഇടതുവിംഗിലൂടെ മുന്നേറിയ കബ്രാൾ ബോക്സിന്റെ മൂലയിൽ നിന്ന് തകർപ്പനൊരു ലോംഗ് റേഞ്ചറിലൂടെ പന്ത് വളച്ചടിച്ച് വല തുളച്ചു. കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനെസിനെ നിസഹായനാക്കിയാണ് പന്ത് വലയിൽ കയറി. ഗോൾ നേടിയ ശേഷം നേരേ ഗാലറി ഓടിയ കബ്രാൽ തന്റെ കുടുംബത്തെ കെട്ടിപ്പിടിച്ചാണ് താരം ആഘോഷിച്ചത്. എന്നാൽ അവസാനസമയത്തെ സെൽഫ് ഗോളിലൂടെ കേപ് വെർദേ തോൽക്കുകയായിരുന്നു.
2002-ൽ നെതർലൻഡ്സിലെ റോട്ടർഡാമിൽ ജനിച്ച സിഡ്നി ലോപ്പസ് കബ്രാളിന്റെ ഫുട്ബോൾ ജീവിതമാരംഭിക്കുന്നത് നെതർലാൻഡിലെ എഫ്.സി ട്വന്റെ അക്കാദമിയിലൂടെയാണ്. തുടർന്ന് സ്വീഡിഷ് ക്ലബ്ബായ ഹെൽസിംഗ്ബോർഗിലും ജർമനിയിലെ റോട്ട്-വെയ്‌സ് എർഫർട്ടിലും താരം കളിച്ചു. ജർമൻ ക്ലബ്ബായ വിക്ടോറിയ കോൾണിനായി 46 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടി .പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിലും കളിച്ചിട്ടുണ്ട്. ഈ ലോകകപ്പിന് തൊട്ടുമുമ്പാണ് 10 മില്യൺ യൂറോയ്ക്ക് തുർക്കി ക്ലബ്ബായ ട്രാബ്സൺസ്പോർ താരത്തെ സ്വന്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |