SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

അസോസിയേഷൻ- സ്പോർട്സ് കൗൺസിൽ തർക്കം: ഹോക്കി കളത്തിൽ വീണത് കുട്ടികളുടെ കണ്ണീർ !

hockey

തിരുവനന്തപുരം : സംസ്ഥാനത്തെ ഹോക്കി അസോസിയേഷനും സ്പോർട്സ് കൗൺസിലും തമ്മിലുള്ള അധികാരവടംവലിയിൽ കണ്ണീരുകുടിച്ചത് ജൂനിയർ കായിക താരങ്ങൾ. ഇന്നലെ കോയമ്പത്തൂരിൽ തുടങ്ങിയ ദേശീയ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ പോയ 18 അംഗടീമിനാണ് മത്സരവേദിയിൽ നിന്ന് മടങ്ങേണ്ടിവന്നത്.

സംസ്ഥാനത്ത് ഹോക്കിയെ പ്രതിനിധീകരിക്കുന്ന കേരള ഹോക്കി എന്ന അസോസിയേഷനും സ്പോർട്സ് കൗൺസിൽ കോടതിവിധിയെത്തുടർന്ന് രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിയും ഒരേ ദേശീയ ചാമ്പ്യൻഷിപ്പിന് രണ്ട് ടീമുകളെ അയച്ചതോടെയാണ് ഒരു ടീമിന് മത്സരിക്കാൻ കഴിയാതെവന്നത്. ഈ മാസമാദ്യം കൊല്ലത്ത് സംസ്ഥാന ചാമ്പ്യൻഷിപ്പ് നടത്തി അതിൽ നിന്നാണ് കേരള ഹോക്കി 18 അംഗടീമിനെ തിരഞ്ഞെടുത്തത്. ഒളിമ്പിക് മെഡലിസ്റ്റ് പി.ആർ ശ്രീജേഷാണ് സമ്മാനദാനം നടത്തിയത്. എന്നാൽ ഇതിനുപിന്നാലെ ടെക്നിക്കൽ കമ്മറ്റി സെലക്ഷൻ ട്രയൽസ് നടത്തി. ഏത് ടീമിനാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയെന്ന് അറിയാത്തതിനാൽ കേരള ഹോക്കി തിരഞ്ഞെടുത്ത ടീമിലുള്ളവരും ടെക്നിക്കൽ കമ്മറ്റിയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു.

കോയമ്പത്തൂരിലേക്ക് ആദ്യം പോയത് കേരള ഹോക്കി തിരഞ്ഞെടുത്ത ടീമിലുള്ളവരായിരുന്നു. ഇവർ കോയമ്പത്തൂരിലെത്തിയപ്പോഴാണ് ഇതിലെ എട്ടുപേർക്ക് ടെക്നിക്കൽ കമ്മറ്റി ടീമിൽ സെലക്ഷനുണ്ടെന്ന് അറിയുന്നത്. ഇവരോട് കഴിഞ്ഞ ദിവസം കൊല്ലത്ത് യാത്രയ്ക്ക് എത്താനും അറിയിച്ചു. എന്നാൽ തങ്ങൾ കോയമ്പത്തൂരിൽ എത്തിയെന്ന് അറിയിച്ചതോടെ ടെക്നിക്കൽ കമ്മറ്റി ആ എട്ടുപേരേയും മാറ്റി റിസർവ് ലിസ്റ്റിലുണ്ടായിരുന്നവരെ ടീമിലെ‌ടുത്തി. കോയമ്പത്തൂരിൽ രണ്ട് ടീമുകളുമെത്തിയതോടെ ദേശീയ ഫെഡറേഷൻ വിഷമവൃത്തത്തിലായി. ഇതോടെ കോടതി വിധി പ്രകാരം ടീം സെലക്ഷന് തങ്ങൾക്കാണ് അധികാരമെന്ന ടെക്നിക്കൽ കമ്മറ്റിയുടെ വാദം കണക്കിലെടുത്ത് കേരള ഹോക്കിയുടെ ടീമിനോട് മടങ്ങാൻ ആവശ്യപ്പെട്ടു.

രണ്ട് ടീമിലും ഇടം പിടിച്ച, ശ്രീജേഷിന്റെ കയ്യിൽ നിന്ന് മികച്ച താരങ്ങൾക്കുള്ള സമ്മാനം ലഭിച്ച, എട്ടുപേർക്കുൾപ്പടെയാണ് ദേശീയ തലത്തിൽ കളിക്കാനുള്ള അവസരം നഷ്‌ടമായത്. ഇവർ കണ്ണീരോടെയാണ് ഇന്നലെ ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്. മുതിർന്നവരുടെ അധികാരവടം വലിയിൽ പൊലിഞ്ഞത് മാസങ്ങളോളം ഈ കുട്ടികൾ കഷ്ട‌പ്പെട്ട് നടത്തിയ പരിശീലനവും പ്രയത്നവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOCKEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360