
ടെഹ്റാൻ: ഹോർമുസിൽ വാണിജ്യക്കപ്പലുകളെ സംരക്ഷിക്കാനായി യു.എസ് സൈന്യം 'പ്രോജക്ട് ഫ്രീഡം' എന്ന പേരിൽ അകമ്പടി ദൗത്യം തുടങ്ങി. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. ഹോർമുസിൽ യു.എസ് നടത്തുന്ന പ്രകോപനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും തങ്ങളുടെ ശക്തിപ്രകടനം തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. യു.എസ് വെടിനിറുത്തൽ കരാർ ലംഘിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച യു.എ.ഇയ്ക്കും ഒമാനും നേരെ ഇറാൻ ഡ്രോൺ, മിസൈലാക്രമണങ്ങൾ നടത്തിയതോടെ മേഖലയിൽ സംഘർഷം വീണ്ടും പുനരാരംഭിച്ചേക്കുമെന്ന ആശങ്ക ശക്തമായി. ഇന്നലെയും യു.എ.ഇയ്ക്ക് നേരെ ഇറാന്റെ വ്യോമാക്രമണമുണ്ടായെങ്കിലും തകർത്തു. യു.എ.ഇയിലെ സ്കൂളുകളിൽ ഈ ആഴ്ച ക്ലാസുകൾ ഓൺലൈനാക്കി. 11 വരെ യു.എ.ഇ വ്യോമപരിധിയിൽ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഏതാനും അംഗീകൃത റൂട്ടുകളിലൂടെ മാത്രമേ സർവീസ് അനുവദിക്കൂ.
കപ്പലുകളെ ലക്ഷ്യമിടുന്നത് തുടർന്നാൽ ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനയിലേക്ക് തിരിച്ചു.
# അപലപിച്ച് മോദി
യു.എ.ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഇറാൻ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു
യു.എസ് നേവി അകമ്പടിയോടെ ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെയർസ്‌കിന്റെ ഒരു കപ്പൽ കടന്നെന്ന് റിപ്പോർട്ട്
യു.എസ് ദൗത്യത്തിനൊപ്പം ചേരുന്നത് പരിശോധിക്കുന്നുണ്ടെന്ന് തങ്ങളുടെ ചരക്കുകപ്പൽ ഹോർമുസിൽ വച്ച് ആക്രമിക്കപ്പെട്ട പിന്നാലെ ദക്ഷിണ കൊറിയ
# യു.എസ് വിമാനം
കാണാതായി
യു.എസിന്റെ ബോയിംഗ് കെ.സി - 135 സ്ട്രാറ്റോടാങ്കർ സൈനിക വിമാനം കാണാതായെന്ന് റിപ്പോർട്ട്. ഇന്നലെ ഖത്തറിന് സമീപം പേർഷ്യൻ ഉൾക്കടലിന് മുകളിലൂടെ സഞ്ചരിക്കവെ വിമാനം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായി. വട്ടം ചുറ്റിയ ശേഷം താഴ്ന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകൾ ചൂണ്ടിക്കാട്ടി. അപായ സന്ദേശവും വിമാനം പുറപ്പെടുവിച്ചിരുന്നു. വിമാനം തകർന്നതാണോ വെടിവച്ചിട്ടതാണോ എന്ന് സംശയങ്ങൾ ഉയരുന്നു. യു.എസ് പ്രതികരിച്ചിട്ടില്ല. യു.എ.ഇയിലെ അൽ ദഫ്ര എയർ ബേസിൽ നിന്ന് പുറപ്പെട്ടതാണ് യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവച്ച് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന ഈ ഭീമൻ വിമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |