SignIn
Kerala Kaumudi Online
Saturday, 26 September 2026 4.21 PM IST

കുസാറ്റ് ദുരന്തം പാഠമാക്കാം: വരട്ടെ വിദ്യാർത്ഥി രക്ഷാസേന

READ ENGLISH VERSION
kusat-accident

തിരുവനന്തപുരം : 2021ൽ കൊണ്ടുവന്ന് ചവറ്റുകൊട്ടയിലിട്ട സ്റ്റുഡന്റ് സിവിൽ ഡിഫൻസ് പരിശീലനം കുസാറ്റ് ദുരന്ത പശ്ചാത്തലത്തിൽ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദുരന്തഘട്ടങ്ങൾ നേരിടാൻ ഫയർഫോഴ്സാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുള്ള പദ്ധതിയിൽ പ്രകൃതിദുരന്തം,​ ആൾക്കൂട്ട അപകടം,​ തീപിടിത്തം എന്നിവയിലൊക്കെ രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകും. മുൻകരുതലെടുക്കാനും കുട്ടികളെ പ്രാപ്തമാക്കും.

ഓരോ കോളേജിലും വിദ്യാർത്ഥികൾ,​ അദ്ധ്യാപകർ,​ അനദ്ധ്യാപകർ എന്നിവരുൾപ്പെട്ട 50 അംഗങ്ങൾക്കാണ് പരിശീലനം. അഞ്ചുദിവസ പരിശീലനമാണ് ആദ്യം. ആദ്യബാച്ചിന്റെ രജിസ്ട്രേഷൻ ഉൾപ്പെടെ സമയപരിധി നിശ്ചയിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വി.വിഘ്‌നേശ്വരി 2021 ഡിസംബർ 24ന് എല്ലാ പ്രിൻസിപ്പൽമാർക്കും സർക്കുലർ നൽകി. എന്നാൽ നടപടികൾ മുന്നോട്ടുപോയില്ല. കോളേജാണ് പരിശീലനത്തിന് സൗകര്യം ഒരുക്കേണ്ടിയിരുന്നത്. പങ്കാളികളാകാൻ ജീവനക്കാരും താത്പര്യം കാട്ടിയില്ല. സ്റ്റുഡന്റസ് കേഡറ്റ്, എൻ.സി.സി എന്നിവയുള്ളപ്പോൾ കോളേജുകളിൽ സ്റ്റുഡന്റ്സ് ഡിഫൻസ് പദ്ധതി വേണ്ടന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം ശഠിച്ചു. പൊതുസമൂഹത്തിൽ സിവിൽ ഡിഫൻസ് പോരാളികൾ ഉള്ളപ്പോൾ കോളേജുകളിൽ എന്തിനെന്ന ചോദ്യം ഫയർഫോഴ്സിലും ചില കോണുകളിൽ ഉയർന്നു.

മാതൃകയായി സിവിൽ ഡിഫൻസ് യോദ്ധാക്കൾ

ഫയർ ഫോഴ്സ് എല്ലാ സ്റ്റേഷൻ പരിധിയിലും 18 തികഞ്ഞ 50 പേർക്ക് വീതം ജീവൻരക്ഷാ പരിശീലനം നൽകുന്ന സിവിൽ ഡിഫൻസ് പദ്ധതി നടപ്പാക്കുന്നു

 ഇക്കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തുൾപ്പെടെ സിവിൽ ഡിഫൻസ് പരിശീലനം ലഭിച്ച ചെറുപ്പക്കാർ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുണ്ടായിരുന്നു

ആൾക്കൂട്ട പരിപാടികളിൽ സംഘാടകർ ആവശ്യപ്പെട്ടാൽ ഇവരെ വിന്യസിക്കാറുണ്ട്. കുസാറ്റ് ഗാനമേള ഗ്രൗണ്ടിൽ ഇവരുടെ സേവനം തേടിയിരുന്നില്ല

2.70 ലക്ഷം കുട്ടികൾക്ക് മികച്ച പരിശീലനം

1. പ്രതിവർഷം 2.70,000 കുട്ടികൾക്ക് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം

2. ജീവൻരക്ഷാ മാർഗങ്ങളും ഫസ്റ്റ് എയ്ഡും ഉപയോഗിക്കാൻ പ്രാപാതമാക്കും

3. വാഹനാപകടം,തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലിന് പ്രാപ്തമാക്കൽ

4. വെള്ളത്തിലുണ്ടാകുന്ന അപകടങ്ങളെ നേരിടാൻ നീന്തൽ പരിശീലനം

5. ആൾക്കൂട്ട അപകട സാദ്ധ്യത കണ്ട് ഗേറ്റുകളിൽ നിയന്ത്രണം,​ മുന്നൊരുക്കം

സിവിൽ ഡിഫൻസ് കോളേജുകളിൽ കാര്യക്ഷമാക്കുന്നതിന് കുറച്ച് നടപടികൾ കൂടി പൂർത്തിയാകാനുണ്ട്.

-കെ.പത്മകുമാർ

ഫയർ ഫോഴ്സ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA