തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം ദമാം നവോദയ ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ രംഗത്തുള്ള വ്യക്തിക്കും കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് യൂണിറ്റിനുമാണ് അവാർഡ്. ജൂൺ 21നു മുമ്പ് kodiyeriaward@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കാം. അവാർഡിനായി പേര് നിർദ്ദേശിക്കാനും അവസരമുണ്ട്. കില ഡയറക്ടർ ഡോ. ജോയി ഇലമൺ, എ.ജി. ഒലീന, അനീഷ്യ ജയദേവൻ എന്നിവരുൾപ്പെട്ട ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കും.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 15 പേരും സ്ഥാപനങ്ങളും 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി നൽകണം. തുടർന്ന് ജൂറി അംഗങ്ങൾ ജൂലായ് ആദ്യവാരം ഓൺലൈൻ പരിശോധന നടത്തും. ജൂലായ് അവസാന വാരത്തോടെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. ആഗസ്റ്റ് 4ന് പുരസ്കാരം നൽകുമെന്ന് സി.പി.എം നേതാവ് ഡോ. ടി.എം. തോമസ് ഐസക്, ദമാം നവോദയ ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെഡിസെപ്:
ജൂൺ 10വരെ
മാറ്റം വരുത്താം
തിരുവനന്തപുരം:സർക്കാർ ജീവനക്കാർ,അദ്ധ്യാപകർ,സർവകലാശാല ജീവനക്കാർ,തദ്ദേശജീവനക്കാർ തുടങ്ങിയവർക്ക് ചികിത്സാ സഹായം നൽകുന്നതിനുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ ജൂൺ 10വരെ തിരുത്തൽ വരുത്താമെന്ന് സർക്കാർ അറിയിച്ചു. ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും നിലവിലുള്ളവരെ ഒഴിവാക്കാനും കഴിയും.വിവാഹം കഴിച്ചവരെയും നവജാത ശിശുക്കളെയും ഉൾപ്പെടുത്താം.
മരണമടഞ്ഞവരെയും വിവാഹമോചനം നേടിയവരെയും ഒഴിവാക്കാം. പിന്നീട് തിരുത്തൽ അനുവദിക്കില്ല.പരാതിയും സ്വീകരിക്കില്ല. സർവീസിലുളളവർ വകുപ്പ് ഡി.ഡി.ഒമാർക്കും പെൻഷൻകാർ ട്രഷറി ഓഫീസർക്കുമാണ് അപേക്ഷ നൽകേണ്ടത്. പുതുതായി പെൻഷനായവർ അപേക്ഷ നൽകുമ്പോൾ സർവീസിലുണ്ടായിരുന്നപ്പോഴുള്ള പെൻ നമ്പറും നൽകേണ്ടതാണ്. ജീവനക്കാരുടെ പാർട്ട് പേയ്മെന്റിൽ നിന്ന് മെഡിസെപ് പ്രീമിയം പിടിക്കാൻ സ്പാർക്കിൽ സൗകര്യമില്ല. അത് കണക്കാക്കി പാർട്ട് പേയ്മെന്റുള്ള മാസങ്ങളിൽ പ്രീമിയം പിടിക്കേണ്ടതില്ലെന്നും തൊട്ടടുത്ത മാസം കുടിശികസഹിതം പ്രീമിയം പിരിക്കണമെന്നും നിർദേശം നൽകി. മെഡിസെപ് പദ്ധതിയുടെ മൂന്നാം വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഡേറ്റാതിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |