SignIn
Kerala Kaumudi Online
Tuesday, 15 September 2026 5.28 PM IST

കോച്ചിംഗ് സെന്ററുകൾക്ക് വൻ തുക കൊടുക്കേണ്ട; നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകാൻ സർക്കാർ

coaching-centre
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച 'മുകുളം' എ ഐ അധിഷ്ഠിത പോർട്ടൽ ജവഹർ സഹകരണ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങൾ സഹായിക്കുമെന്നും ഇത്തരം പദ്ധതികൾ ഫലപ്രദമായി സ്‌കൂളുകളിൽ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.ഐ.എസ്.ഇ.ആർ, കെ.വി.പി.വൈ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എ ഐ അധിഷ്ഠിത പരിശീലനം നൽകുന്നതിനാണ് മുകുളം പോർട്ടൽ ഒരുക്കിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടാൻ കഴിയാത്ത സാധാരണക്കാരായ കുട്ടികൾക്കും മികച്ച വിജയം നേടുന്നതിനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുത്ത 25 സ്‌കൂളുകളിൽ പൈലറ്റ് പ്രോജക്റ്റായി, പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്സൈറ്റിൽ തയാറാക്കിയിട്ടുണ്ട്.

കൈറ്റിന്റെ നേതൃത്വത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾമാർക്കുള്ള ഏകദിന ശില്പശാലയും ജവഹർ സഹകരണ ഭവനിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ തലത്തിലും കാലാനുസൃത മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ സാദ്ധ്യതകൾക്ക് പ്രാധാന്യം നൽകി കൃഷി, വ്യവസായം തുടങ്ങിയ മേഖലകളെയും എ.ഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച് വി.എച്ച്.എസ്.ഇയെ പുനഃസംവിധാനം ചെയ്യും. ഇതിനായി പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. വ്യത്യസ്ഥ ഉത്തരവാദിത്വങ്ങൾ മികച്ച ഏകോപനത്തോടെ നിർവഹിക്കപ്പെടുമ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയെ വിജയകരമായി മുന്നോട്ട് നയിക്കാൻ കഴിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ലർക്ക്, പ്യൂൺ സേവനത്തിന്റെ ആവശ്യകതയെ കുറിച്ച് വകുപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഹയർസെക്കൻഡറിയിൽ കായികാദ്ധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിന് നടപടിയുണ്ടാകുമെന്നും ഭിന്നശേഷി അദ്ധ്യാപക നിയമനം, കെ.ടെറ്റ് തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.

സൈബർ സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച് ഏകദിന ശില്പശാലയിൽ എല്ലാ ജില്ലകളിലെയും ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾമാർ അതത് കേന്ദ്രങ്ങളിൽ നിന്നും ഓൺലൈനായി പങ്കുചേർന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, ഹയർസെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടർ അഷ്‌റഫ് കെ.കെ, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) കെ.വി മനോജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary

The Kerala government has launched the ‘Mukulām’ AI-based portal to provide free training for entrance examinations including NEET and JEE. The initiative aims to ensure equal opportunities for students in government schools, especially those who cannot afford private coaching centres. The portal will offer AI-based digital learning materials and training for higher secondary and vocational higher secondary students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET FREE COACHING, JEE FREE COACHING, MUKULAM AI PORTAL, KERALA EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA