SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.38 AM IST

വിലകൂടിയ വൈദ്യുതി വാങ്ങൽ വിനയാകും,​ വൈദ്യുതി എത്തിക്കാൻ തീവ്രശ്രമം

READ ENGLISH VERSION
1

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വിലകൂടിയ വൈദ്യുതി വാങ്ങുന്നതിന്റെ ബാദ്ധ്യത ഇപ്പോഴും ഭാവിയിലും ഉപഭോക്താക്കളുടെ കീശചോർത്തും. കെ.എസ്.ഇ.ബിക്ക് ഉണ്ടാവുന്ന നഷ്ടം നികത്താൻ സർചാർജ്ജ് ഈടാക്കുകയോ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. അല്ലെങ്കിൽ അധികബാദ്ധ്യത സർക്കാർ ഏറ്റെടുക്കേണ്ടിവരും. അതിന്റെ ഭാരവും ജനങ്ങൾ താങ്ങേണ്ടിവരും.

സംസ്ഥാനത്തെ വൈദ്യുതി പതിസന്ധി പരിഹരിക്കാൻ എല്ലാ വാതിലുകളും മുട്ടുകയാണ് കെ.എസ്.ഇ.ബിയും സർക്കാരും. ഒരു മണിക്കൂർവരെ വൈദ്യുതി മുടങ്ങുന്ന സാഹചര്യം സർക്കാരിന്റെ 'പിടിപ്പുകേടായി' വരുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി സി.എം.ഡി രാജമാണിക്യത്തിനും നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വൈദ്യുതി മന്ത്രാലയവുമായും വൈദ്യുതി ഉത്പാദന കമ്പനികളുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
എൻ.ടി.പി.സിയുടെ മഹാരാഷ്ട്ര രത്‌നഗിരിയിലെ എൽ.എൻ.ജി നിലയത്തിൽ നിന്ന് യൂണിറ്റിന് 30 രൂപവരെ നൽകി വൈദ്യുതി വാങ്ങാമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസം വന്നുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എൽ.എൻ.ജിക്ക് വിലക്കൂടുതലായതിനാൽ ഇവിടെനിന്നുള്ള വൈദ്യുതിക്കും വില കൂടുതലാണ്. 3 മണിക്കൂർ മുമ്പുവരെ അറിയിച്ചാൽ എൻ.ടി.പി.സിയുടെ രത്‌നഗിരി നിലയത്തിൽനിന്ന് വൈദ്യുതി കിട്ടും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കെ.എസ്.ഇ.ബി ഡയറക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യുതി കിട്ടാനുള്ള ചർച്ചകൾ ഇന്നാരംഭിക്കും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടി അധികൃതരെയും കേരളത്തിലെ സ്ഥിതി ബോദ്ധ്യപ്പെടുത്തി കൂടൂതൽ വിഹിതം കിട്ടാനുള്ള ശ്രമം നടത്തും.

ഇന്നലെയും ഇരുട്ടിൽ
ഇന്നലെ സംസ്ഥാനവ്യാപകമായി പവർ കട്ട് വേണ്ടിവന്നു. എന്നാൽ,​ ഞായറാഴ്ച ഉപഭോഗം കുറവും ആവശ്യമായ വൈദ്യുതി ലഭിക്കുകയും ചെയ്തതിനാൽ നിയന്ത്രണം വേണ്ടിവന്നില്ല. ഇന്നലെ മദ്ധ്യപ്രദേശിൽനിന്ന് സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് കിട്ടിയില്ല. ഇതിനിടെ ഒഡീഷയിൽനിന്നടക്കം 90 മെഗാവാട്ട് അധികമായി ലഭിച്ചെങ്കിലും പീക്ക് സമയ ഉപഭോഗം നേരിടാനുള്ള വൈദ്യുതിയുടെ കുറവുണ്ടായി. ഇന്നലെ രാത്രി 6.15 മുതൽ 12.45 വരെയാണ് വൈദ്യുതി മുടങ്ങിയത്.

പണം നോക്കുന്നില്ല: മന്ത്രി
നിലവിൽ പണം നോക്കുന്നില്ലെന്നും ഇപ്പോൾ പവറാണ് വേണ്ടതെന്നും മന്ത്രി സണ്ണിജോസഫ്. വൈദ്യുതി വാങ്ങലിന്റെ അമിതതഭാരം ചിന്തിക്കുന്നില്ല. സാഹചര്യം സർക്കാർ പരിശോധിക്കും. ബാദ്ധ്യത എങ്ങനെ കൈകാര്യംചെയ്യണമെന്ന വിഷയം മന്ത്രിസഭയടക്കം ചർച്ച ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA