തിരുവനന്തപുരം: കൽക്കരി ക്ഷാമവും കാലാവസ്ഥ വ്യതിയാനവും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ സാദ്ധ്യമായ സോളാർ പ്രതിവിധിപോലും കാണാതെ കേരളം ഇരുട്ടിൽ തപ്പുന്നു. ഗാർഹിക സോളാർ പാനലുകൾ സ്ഥാപിക്കാൻ മുന്നോട്ടുവരുന്നവർക്ക് ട്രാൻസ്‌ഫോർമർ ശേഷിയുടെ പേരിൽ കണക്ഷൻ നിരസിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 500 മെഗാവാട്ട് സോളാർ വൈദ്യുതി ശേഖരിച്ച് നാലു മണിക്കൂർ ഉപയോഗിക്കാവുന്ന അഞ്ച് ബെസ് പദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. അതിനും വേണ്ടത്ര വേഗതയില്ലെന്ന് ആക്ഷേപമുണ്ട്.
മഴക്കുറവും ഉഷ്ണതരംഗവുമടക്കം സാദ്ധ്യതയുള്ള വേനൽക്കാലമാണ് മുന്നിലുള്ളത്. നിർമ്മാണം നടക്കുന്ന ബാറ്ററി എനർജി സ്‌റ്റോറേജ് (ബെസ്)പദ്ധതികൾ ഉടൻ പൂർത്തിയാക്കുകയും വികേന്ദ്രീകൃത ബെസ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയും ചെയ്തില്ലെങ്കിൽ രാത്രിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കഴിയാതാവും. നിലവിൽ 5000 മെഗാവാട്ടിൽ താഴെ പീക്ക് സമയ ഉപഭോഗം നിലവിലുള്ള ദിവസങ്ങളിൽപ്പോലും ഒരു മണിക്കൂറിലധികം കട്ട് വേണ്ട സാഹചര്യമാണ്.
വേനലെത്തുന്നതോടെ പീക്ക് സമയ ഉപഭോഗം 6000 മെഗാവാട്ടിന് മുകളിലേക്ക് ഉയരും. ഇത് നേരിടാൻ കെ.എസ്.ഇ.ബിക്ക് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ ഫലംകിട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.
നീക്കണം, സോളാർ തടസം
മിക്കയിടത്തും ട്രാൻസ്ഫോർമർ ശേഷിയുടെ 90% വരെ സോളാർ ഉത്പാദനം എത്തിയതിനാൽ പുതിയ പ്ലാന്റുകൾക്ക് അനുമതി നൽകാനാവില്ല എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. 100 കെ.വി.എ ശേഷിയുള്ള ട്രാൻസ്ഫോർമറുള്ള പ്രദേശത്ത് പരാമാവധി 81 കിലോവാട്ട് വരെയേ ആകെ സോളർ-ഗ്രിഡ് കണക്ടിവിറ്റി അനുവദിക്കൂ. സോളാർ പാനലുകളിൽനിന്ന് അമിതമായി വൈദ്യുതി എത്തിയാലും ട്രാൻസ്ഫോർമർ തകരാറിലാകാതിരിക്കാൻ പരിധി അനിവാര്യമാണെന്നാണ് കെ.എസ്.ഇ.ബി വാദം. ട്രാൻസ്‌ഫോർമർ ശേഷി വർദ്ധിപ്പിക്കലാണ് പോംവഴി. പാനലുകൾ സ്ഥാപിച്ചവർക്ക് നെറ്റ് മീറ്റർ ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
ബസിന്റെ മെച്ചം
വൈദ്യുതി പ്രതിസന്ധിക്ക് പുതിയ സർക്കാർ ബഡ്‌ജറ്റിൽ പ്രഖ്യാപച്ചതാണ് 'കമ്മ്യൂണിറ്റി ബേസ്ഡ് ബാറ്ററി എനർജി സ്‌റ്റോറേജ്' പദ്ധതി. വൻകിട സ്‌റ്റോറേജിനൊപ്പം ഇതും എല്ലാ പഞ്ചായത്തിലും നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ബഡ്ജറ്റിലെ മറ്റൊരു പ്രഖ്യാപനമായ റിസർവോയറുകളിലെ ഫ്ലോട്ടിംഗ് സോളാറിനും സാദ്ധ്യതയേറെയാണ്. മൈലാട്ടി, ശ്രീകണ്ഠാപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട്, ബ്രഹ്‌മപുരം എന്നിവിടങ്ങളിലായാണ് ബസ് ആദ്യം വരിക. സ്‌റ്റോറേജ് ചെലവുകൂടി കണക്കാക്കിയാലും യൂണിറ്റിന് പരമാവധി 6-7 രൂപ നിരക്കിൽ ബെസിൽ ശേഖരിക്കുന്ന വൈദ്യുതി വിതരണം ചെയ്യാനാവും.
കേന്ദ്രത്തിന്റെ 150 മെഗാവാട്ട്
ഡിസംബർ വരെ
രൂക്ഷമായ പ്രതിസന്ധിയിൽ ആശ്വാസം. കേരളത്തിന് 150 മെഗാവാട്ട് വൈദ്യുതി അധികമായി ഡിസംബർ 31വരെ അനുവദിച്ച് കേന്ദ്രം. വെസ്‌റ്റേൺ റീജിയൺ അൺഅലോക്കേറ്റഡ് പൂളിൽ നിന്നാണ് ഇന്നുമുതൽ ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |