SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.41 AM IST

4 വർഷം തേടിയലഞ്ഞു; അനാഥമായി നിൽക്കുന്നു ചെഗുവേര ശിൽപ്പം...!

READ ENGLISH VERSION
che-1
രാജീവന്‍െ്‌റ വീട്ടില്‍ നിന്നും പാര്‍ട്ടിക്കാര്‍ ശില്‍പം കൊണ്ടുപോകുന്നു.

പയ്യന്നൂർ(കണ്ണൂർ): പാർട്ടി കോൺഗ്രസിനുവേണ്ടി കടമായി കൊടുത്ത ചെഗുവേര ശിൽപം കണ്ടെത്താൻ കലാകാരൻ അലഞ്ഞത് നാലുവർഷം. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയുടെ വരെ വാതിലിൽ മുട്ടി. ഒടുവിൽ കണ്ടെത്തി, പയ്യന്നൂരിൽ നിന്ന് 50 കിലോമീറ്ററിനപ്പുറം കാടാച്ചിറ ആഡൂർപാലത്ത് പാർട്ടിയുടെ വഴിയോരശിൽപ്പഭൂമിയിൽ, അരിവാൾ ചുറ്റിക സ്തൂപത്തിനു സമീപം നിലകൊളളുന്നു, അനാഥമായി. പയ്യന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്ന പി.വി.രാജീവൻ(43) 2013മുതൽ 2016വരെ രാപ്പകൽ പണിയെടുത്താണ് ആറടി ഉയരമുള്ള ശിൽപം നിർമ്മിച്ചത്. ചെഗുവേരയോടുള്ള ആരാധനയായിരുന്നു പ്രേരണ. 2022 ഏപ്രിലിൽ കണ്ണൂരിൽ സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് നഗരം അലങ്കരിക്കാനാണ് ശിൽപ്പം കൊണ്ടുപോയത്. കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചു. സമ്മേളനം കഴിഞ്ഞതോടെ കാണാതായി.

തോക്കും ക്യാമറയും ചുമലിലേറ്റി, മുഷ്ടി ചുരുട്ടി നിൽക്കുന്ന രൂപത്തിലാണ് ശിൽപം. നക്ഷത്രം പതിച്ച തൊപ്പി, ഓവർകോട്ട്, ബെൽറ്റ്, കൈയിൽ റിവോൾവർ, കഴുത്തിൽ ക്യാമറ, പിന്നിൽ തൂക്കിയിട്ട തോക്ക്. സമരസജ്ജനായ ചെഗുവേരയെ നിർമ്മിക്കാൻ അമ്മ പി.വി.ജാനകിയായിരുന്നു സഹായി.

പക്ഷാഘാതത്തിൽ തളർന്നു, എന്നിട്ടും

ശിൽപ്പത്തിനുവേണ്ടി അന്നത്തെ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെയും ഡി.വൈ.എഫ്.ഐ ജില്ലാ,​ സംസ്ഥാന നേതാക്കളെയും കണ്ടു. പയ്യന്നൂർ എം.എൽ.എയോടും കണ്ണൂർ ടൗൺ പൊലീസിലും പരാതിപ്പെട്ടു. അന്വേഷണത്തിനിടെ പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. വലതുകൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു. ഇടതുകൈ കൊണ്ടാണിപ്പോൾ ശിൽപനിർമാണം തുടരുന്നത്. അവിവാഹിതനാണ് രാജീവൻ.

അനാഥമായി കിടക്കുന്ന എന്റെ സൃഷ്ടി കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. കൊല്ലാം. പക്ഷേ, തോൽപ്പിക്കാനാകില്ലെന്ന ചെഗുവേരയുടെ വാക്കുകളാണ് ഊർജ്ജം

- രാജീവൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUEVARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA