തളിപ്പറമ്പ്: അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്ന തളിപ്പറമ്പ് നഗരസഭയുടെ വാർഷിക ബഡ്ജറ്റ് വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോൺഫറൻസ് ഹാൾ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി.
ആധുനിക രീതിയിലുള്ള പുതിയ ബസ് സ്റ്റാൻഡിന് പാളയാട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി 5 ലക്ഷം രൂപ, പകൽ വീട്, ചിൽഡ്രൻസ് പാർക്ക്, ഹാപ്പിനസ് പാർക്ക് എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം, പി.എം.എ.വൈ പദ്ധതിയിൽ വീട് നിർമ്മാണത്തിന് സ്ഥലം വാങ്ങാൻ 1.20 കോടി രൂപ വകയിരുത്തി. നഗരത്തിലെ ഓട്ടോറിക്ഷകൾ ഇലക്ട്രിക്ക് ഓട്ടോകൾ ആക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾക്കും ഡി.പി.ആർ തയ്യാറാക്കുന്നതിനും 10 ലക്ഷം രൂപ, കുടുംബശ്രീ ഗ്രൂപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും പരിശീലനമൊരുക്കുന്നതിനും 20 ലക്ഷം, നഗരസഭയിൽ നിന്നും പൊതുജനങ്ങൾക്കുള്ള ഗുണനിലവാരമുള്ള സേവനം ഉറപ്പുവരുത്തുന്നതിന് നഗരസഭ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായി 15 ലക്ഷം രൂപ, തെരുവു വിളക്കുകൾ പൂർണമായും എൽഇഡി ആക്കുന്നതിനായി 20 ലക്ഷം, പുതിയ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന് 20 ലക്ഷം മാറ്റിവച്ചു.
മയക്കുമരുന്നിനെതിരെ സമഗ്ര പദ്ധതി നടപ്പിലാക്കും. ഇതിലേക്കായി 25 ലക്ഷം രൂപ വകയിരുത്തി. പ്രവർത്തനം ആരംഭിച്ച ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം പണിയും. പാളയാട് ട്രീറ്റ്‌മെന്റ് പ്ലാന്റ് വികസനത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു. 54,81,26,000 രൂപ വരവും, 35,62,36,000 രൂപ ചെലവും, 19,18,90,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. ഷബിത, പി. റജില, കെ.നബീസ ബീവി, പി.പി.മുഹമ്മദ് നിസാർ, കെ.പി. കദീജ, കൗൺസിലർമാരായ ഒ.സുഭാഗ്യം, ഡി. വനജ, കെ.വത്സരാജ്, കെ.എം. ലത്തീഫ്, പി.വത്സല, സി.വി.ഗിരീശൻ, പി.സി. നസീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |