SignIn
Kerala Kaumudi Online
Saturday, 13 June 2026 2.47 PM IST

കൊച്ചിയിലെ കായലുകളിലും തോടുകളിലുമെല്ലാം ഇപ്പോൾ ആ കാഴ്‌‌ച കാണാം, വ്യക്തമാകുക നേരമിരുട്ടിയാൽ

lake

പള്ളുരുത്തി: കവര് കാണേണ്ടവർക്ക് ഇനി കാത്തിരിക്കേണ്ട. സംഭവം എത്തിയിട്ടുണ്ട്. ജനുവരി അവസാനമെത്തുന്ന കവര് ഈ വർഷമെത്താൻ അല്പം താമസിച്ചു. 2026ന്റെ തുടക്കം അന്തരീക്ഷ താപനില സാധാരണയിൽ താഴ്ന്ന് നിന്നതിനാൽ കായലിൽ ആവശ്യമായ ലവണാംശം ഇല്ലാത്തതിനാലായിരുന്നു കവരെത്താൻ വൈകിയത്.

വേനൽമഴ കിട്ടിയതിനാൽ ഇപ്പോൾ ചെറുതായി കാണുന്ന കവര് അടുത്ത മാസത്തോടെ നന്നായി കാണാനാകും. നിശ്ചിത സാന്ദ്രതയുള്ള ജില്ലയിലെ ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചേപ്പനം, പെരുമ്പളം തുടങ്ങിയ സ്ഥലങ്ങളിലെ കായൽ, തോട്, കെട്ട്, പാടശേഖരം എന്നിവിടങ്ങളിലും തീരക്കടലുകളിലും കവര് നന്നായി ദൃശ്യമാകും.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ജലജീവികൾ ആഗിരണം ചെയ്യുന്നതിലൂടെയാണ് കവര് പ്രത്യക്ഷമാകുന്നത്. ഓക്സിജൻ നിയന്ത്രിച്ച് കടത്തിവിട്ട് അൾട്രാ വയലറ്റ് രശ്മികളിൽ ഓക്സിഡേഷൻ നടത്തിയാണ് പ്രകാശം പുറത്ത് വരുന്നത്.

sea-sparkle

രാത്രി കായലോളങ്ങളിലും കടൽ തിരമാലകളിലും കവര് കാണാം. വെള്ളം ഇളക്കിയാലും മീനുകൾ ഓടുമ്പോഴും വെള്ളം കൈകളിൽ കോരിയെടുത്താൽ പോലും കവര് കാണാനാവും. റീലുകളിലൂടെയും സിനിമകളിലൂടെയും വൈറലായ കവര് കാണാൻ ആയിരങ്ങളാണ് എത്തിയിരുന്നത്. ഉപ്പിന്റെ സാന്നിദ്ധ്യം കടൽജലത്തിന് സമാനമായി കായൽജലത്തിലും കൂടുന്ന വേനൽക്കാലത്ത് മാത്രമാണ് കായലിലെ നീലവെളിച്ചം മനുഷ്യ നേത്രങ്ങളിൽ വ്യക്തമാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, LAKE, BACKWATERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY