
ബോളിവുഡിലൂടെ അരങ്ങേറി തമിഴ്സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ് സിമ്രാൻ. മുംബയ് സ്വദേശിയായ സിമ്രാൻ , അമിതാഭ് ബച്ചൻ നിർമ്മിച്ച തേരെ മേരെ സപ്നേ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. പരാജയമായിരുന്നെങ്കിലും തെന്നിന്ത്യൻ സിനിമയിലേക്ക് വഴി തുറക്കാൻ തേരെ മേരെ സപ്നെ സിമ്രാനെ സഹായിച്ചു. 1999ൽ പുറത്തിറങ്ങിയ വിജയ് ചിത്രം തുള്ളാത മനവും തുള്ളും ആണ് സിമ്രാനെ തമിഴ് സിനിമയിലെ താരറാണിയാക്കിയത്. മമ്മൂട്ടിയുടെ നായികയായി ഇന്ദ്രപ്രസ്ഥത്തിലൂടെ മലയാളത്തിലും സിമ്രാൻ അരങ്ങേറിയിരുന്നു.
ഇപ്പോഴിതാ ബോളിവുഡിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സിമ്രാൻ. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ദക്ഷിണേന്ത്യയിൽ നിന്നുള്ള അഭിനേതാക്കളെ ബോളിവഡ് വിലകുറച്ചു കാണുന്നുവെന്നാണ് സിമ്രാന്റെ ആരോപണം. ഹിന്ദി സിനിമകളിൽ അഭിനയിക്കാനുള്ള അവസരം ഞാൻ പലതവണ നിരസിച്ചു. കാരണം എനിക്ക് അവരുമായി കണക്ട് ചെയ്യാൻ പറ്റുന്നില്ല. സൗത്തിൽ നമ്മൾ ചെയ്ത സിനിമകളൊന്നും അവർ കണ്ടിട്ടേയില്ല എന്ന് തോന്നും. അത് എന്നെ അലട്ടുന്നു. നമുക്ക് ഒരു ബഹുമാനവും ലഭിക്കുന്നില്ല. എന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ത്തായി സമർപ്പിച്ചയാളാണ് ഞാൻ. എന്നിട്ടും വേണ്ടത്ര ബഹുമാനം അവിടെ ലഭിക്കുന്നില്ല,' സിമ്രാൻ പറഞ്ഞു.
ചില നിർമ്മാണ കമ്പനികൾ അടിസ്ഥാന കാര്യങ്ങളിൽ പോലും വിലപേശുന്നുണ്ടെന്നും നടി പറഞ്ഞു. ' താമസിക്കാനുള്ള ഹോട്ടലിന്റെ കാര്യത്തിൽ പോലും അവർ വിലപേശും. എന്നോടൊപ്പം യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം അവർ കുറയ്ക്കും. 'ഇത്രയും ആൾക്കാരെ നിങ്ങളോടൊപ്പം കൊണ്ടുപോകാൻ കഴിയില്ല' എന്ന് അവർ പറയും. ഇതെല്ലാം വളരെ അരോചകമാണ്. പക്ഷേ ആരും അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. താരം തുടർന്നു. എന്നാൽ സമീപകാലത്ത് സണ്ണി ഡിയോളിനൊപ്പം അഭിനയിച്ച ഗബ്രു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നല്ല അനുഭവമാണ് ഉണ്ടായതെന്നും സിമ്രാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |