SignIn
Kerala Kaumudi Online
Saturday, 26 September 2026 10.05 AM IST

ജന്മദിനത്തിൽ അച്ഛന് ഇരട്ട സമ്മാനങ്ങൾ നൽകി ഞെട്ടിച്ച് ഉണ്ണി മുകുന്ദന്‍

unni-mukundhan

തികച്ചും അപ്രതീക്ഷിതമായി സമ്മാനങ്ങൾ നൽകി ആരാധകരെ ഞെട്ടിക്കുന്ന സ്വഭാവമുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ മലപ്പുറം പാറശ്ശേരിയിലെ കുരുന്നു കലാകാരന്‍ അഭിഷേക് കിച്ചുവിന് ഡ്രംസും തന്റെ ജിം ട്രെയിനറിന് ന്യൂജന്‍ ബൈക്കുമൊക്കെ അദ്ദേഹം നല്‍കിയത് സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞതാണ്. ഇപ്പോഴിതാ തന്റെ അച്ഛന്‍ മുകുന്ദന്‍ നായര്‍ക്ക് രണ്ട് അമൂല്യ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഉണ്ണി. ഫേസ്ബുക്കിലാണ് താന്‍ കൊടുത്ത രണ്ട് മോട്ടോര്‍ സൈക്കിളുകളില്‍ അച്ഛന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

അച്ഛന്റെ 64-ാം ജന്മദിനത്തിന് 30 വര്‍ഷം പഴക്കമുള്ള സി.ഡി 100 ബൈക്കും പഴയമോഡല്‍ യെസ്ഡിയുമാണ് സമ്മാനമായി ഉണ്ണി നല്‍കിയിരിക്കുന്നത്. അച്ഛന് ഇത്തരത്തിലൊരു സി.ഡി 100 ബൈക്കുണ്ടായിരുന്നു. അദ്ദേഹമത് കുറെ നാള്‍ ഉപയോഗിച്ചിരുന്നു. ഒരു ലിറ്റര്‍ പെട്രോളടിച്ചാല്‍ 100 കി.മീറ്ററൊക്കെ പോയി വരാവുന്ന ഒന്നായിരുന്നു അത്. അന്നത്തെ പരസ്യവാചകവും അങ്ങനെയായിരുന്നു, നിറയ്ക്കൂ-മറക്കൂ എന്നതായിരുന്നു. യുവാവായിരുന്നപ്പോള്‍ 10 രൂപയ്ക്കും 25 രൂപയ്ക്കുമൊക്കെ പെട്രോളടിച്ച് താനും അതില്‍ കറങ്ങിയിട്ടുണ്ടെന്ന് ഉണ്ണി പറയുന്നു.

2004ല്‍ ഗുജറാത്തിലായിരുന്നപ്പോള്‍ എനിക്കൊരു പള്‍സര്‍ 150 ഉണ്ടായിരുന്നു. സിനിമാഭിനയം തുടങ്ങി കേരളത്തിലെത്തിയപ്പോള്‍ അത് ഇവിടേക്ക് കൊണ്ടുവന്നു. പക്ഷേ ഇവിടുത്തെ തിരക്കിനൊക്കെ ഇടയില്‍ ബൈക്ക് ശരിയായി പരിപാലിക്കാൻ പറ്റിയില്ല, അങ്ങനെ ഗുജറാത്തിലേക്ക് തിരിച്ചയച്ചു. ആ സമയത്തൊക്കെ അച്ഛന്റെ പഴയ ബൈക്ക് എപ്പോഴും അച്ഛനോടൊപ്പം കൂടെയുണ്ടാകണമെന്ന് ഞാന്‍ പറയുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് വില്‍ക്കേണ്ടി വന്നു. നമ്മുടെ വണ്ടികളുമായി ഒരു വൈകാരിക അടുപ്പമുണ്ടെങ്കില്‍ എപ്പോഴും നമ്മള്‍ ഓര്‍ക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹം എന്നോട് പറയുന്നുണ്ട്, അത് വില്‍ക്കാന്‍ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ലെന്ന്.

അങ്ങനെയാണ് അച്ഛന്റെ പഴയ വണ്ടി അന്വേഷിച്ച് തുടങ്ങിയത്. പിന്നെ 34 വര്‍ഷം പഴക്കമുള്ളൊരു യെസ്ഡി 250 കൂടി അദ്ദേഹത്തിന് സമ്മാനമായി അന്വേഷിച്ച് കണ്ടെത്തി. ഇതെല്ലാം റെഡിയാക്കി അയലത്തെ വീട്ടില്‍ വെച്ചിരിക്കുകയായിരുന്നു. രാവിലെ അദ്ദേഹം നടക്കാനിറങ്ങിയപ്പോഴാണ് സര്‍പ്രൈസായി സമ്മാനിച്ചത്. അമ്മയോട് ഞാന്‍ ഈ പദ്ധതിയെ പറ്റി മുന്നേ അറിയിച്ചിരുന്നു. മോട്ടോര്‍ സൈക്കിളുകള്‍ കണ്ടപ്പോള്‍ അച്ഛന്‍ ശരിക്കും ഞെട്ടി. അവര്‍ ഈ മോഡലുകള്‍ വീണ്ടും ഇറക്കിയോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. മോട്ടോപാഡ്രോണ്‍ ടീം ആണ് ഇവ മിനുക്കിയെടുത്തത്. സി.ഡി 100 എസ്.എസും യെസ്ഡി 250യും കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം അമൂല്യമായിരുന്നുവെന്ന് ഉണ്ണി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNNI MUKUNDHAN, BIRTHDAY, SURPRISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY