
കൊച്ചി ബിനാലെയിൽ ഇടംപിടിച്ച ചിത്രങ്ങൾ കണ്ട് ബോളിവുഡിൽ മനോഹരമായ കാമറ കാഴ്ചകൾ കാട്ടുന്ന പ്രശസ്ത ഛായാഗ്രാഹകൻ പി.കെ മുരളീധരൻ മകളെ പാളി നോക്കി നിറഞ്ഞു ചിരിച്ചു.ചിത്രകാരിയുടെ തിളക്കത്തിൽ അഭിമാനനിമിഷത്തിൽ മകൾ. അപ്പോൾ അരികിൽ ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി. 267 കലാകാരന്മാരുടെ മൂവായിരം കലാസൃഷ്ടികൾ ആ കാഴ്ച കണ്ടു. ദുൽഖർ സൽമാന്റെ നായികയായി സി.ഐ.എയിലും മമ്മൂട്ടിയുടെ അങ്കിൾ സിനിമയിലും നമ്മൾ കണ്ട കാർത്തിക മുരളീധരൻ ചിത്രകാരിയുടെ വേഷത്തിലും തിളങ്ങുന്നു. കാഴ്ചക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കാർത്തികയുടെ ചിത്രങ്ങൾ . രണ്ടുവർഷത്തിനുശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം മുംബയ് യിൽനിന്ന് കേരളത്തിലേക്കുള്ള വരവ് പുതിയ വിലാസം കൂടി സമ്മാനിച്ചതിന്റെ ആഹ്ളാദത്തിൽ തമിഴിലും തെലുങ്കിലും നായികായി അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുന്നു.മൂന്നു വർഷത്തിനുശേഷം മലയാളത്തിലേക്കും.
സ്വപ്നമായ ബിനാലെ
അച്ഛന്റെ ഏറ്റുമാനൂരിലെ വീട്ടിലും അമ്മയുടെ ഏനാദിയിലെ വീട്ടിലും നാല് ഒാണം ഉണ്ടായിരുന്നു ഈപ്രാവശ്യം എനിക്ക്. നാട്ടിൽ ഒാണം ആഘോഷിക്കുക എന്നതു കൂടിയായിരുന്നു രണ്ടുവർഷത്തിനുശേഷമുള്ള വരവിന്റെ ഉദ്ദേശം.മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കുറച്ചുദിവസം ചിലവഴിച്ചു. ലോക് ഡൗണായതിനാൽ അടുത്ത ബന്ധുക്കളെ മാത്രം കണ്ടു.കൊച്ചി- മുസിരിസ് ബിനാലെയുടെ 'ലോകമേ തറവാട്" കലാപ്രദർശനത്തിൽ ക്ഷണം ലഭിച്ചപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ബിനാലെയുടെ ഭാഗമാവുക എന്നത്. സമകാലിക ചിത്രകലാശയത്തെ അടിസ്ഥാനമാക്കി അഞ്ച് ചിത്രങ്ങളാണ് വരച്ചത്.മൂന്ന് ഡിജിറ്റൽ കൊളാഷും രണ്ട് ഡ്രോയിംഗും. കൂടുതൽചിത്രങ്ങൾഉൾപ്പെടുത്താൻശ്രമിക്കേണ്ടതായിരുന്നു.ലോക്ക്ഡൗണിൽ വരച്ചതാണ് ചിത്രങ്ങൾ.
സൃഷ്ടി സ്കൂൾ ഒഫ് ആർട്സ് ഡിസൈൻ ആൻഡ് ടെക്നോളജിയിൽ കണ്ടംപററി ആർട് പ്രാക് ട്രീസ് ഡിഗ്രി കോഴ് സാണ്പഠിച്ചത്. ഇൻസ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും ചെയ്യുന്നുണ്ടായിരുന്നു. കോളേജിലും ഒാൺലൈനിലും ചിത്ര പ്രദർശനം നടത്തിയിരുന്നു.ബിനാലെ പോലെ വലിയ വേദി ആദ്യമാണ്.
ചിത്രം വരയ്ക്കുന്നവരാണ് ആർട്ടിസ്റ്റ് എന്നായിരുന്നു ധാരണ. എന്നാൽ എനിക്ക് ചിത്രം വരയ്ക്കാൻ അറിയില്ല. കോളേജിൽ കൂട്ടുകാർ വരയ്ക്കുമ്പോൾ നോക്കിയിരിക്കും. വരയ്ക്കാൻ അറിയാത്ത ആറുപേരെ കൂട്ടുകാരായി ലഭിച്ചു. ഡിജിറ്റൽ കൊളാഷാണ് മാധ്യമം. ലാപ്ടോപ്പാണ് എന്റെ ചുവര്. കാഴ്ചയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞു. ആദ്യനോട്ടം അതിലും പ്രധാനം. അത് ഒരാളെ ആർട്ടിസ്റ്റാക്കി മാറ്റുന്നു. സംവദിക്കാൻ കഴിയുന്നതാവണം ഒാരോ ചിത്രവും. എത്രയും നന്നായി പറയുകയും വേണം.ബിനാലെ തന്നത് പുതിയ അനുഭവം.
വീണ്ടും അരങ്ങിൽ
രണ്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകം. കറുപ്പ് ഷർട്ടും കറുപ്പ് പാന്റ്സും അണിഞ്ഞ് ഇൗവിൾ കഥാപാത്രത്തെ അവതരിപ്പിച്ചു. അരങ്ങ് അന്നുമുതൽ ഇഷ്ടമാണ്. ഗിരീഷ് കർണാടിന്റെ നാടകങ്ങൾ അവതരിപ്പിച്ചു. മുംബയിൽ ന്യൂ തിയേറ്റർ കമ്പനിയുടെ നിരവധി ഏകാങ്ക ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചു. ആദ്യവർഷം പഠിക്കുമ്പോഴാണ് കോളേജിൽ 'മണ്ഡലി" നാടക ഗ്രൂപ്പ് ആരംഭിച്ചത്. നാലുവർഷം മണ്ഡലിയുടെ ഭാഗമാവാൻ കഴിഞ്ഞു. അത് വേറൊരു ലോകം.കലയെ പ്രോത്സാഹിപ്പിക്കുന്ന സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ലഭിച്ചതാണ് ഭാഗ്യം. നാടകത്തിന്റെ ഭാഗമാകുന്ന എന്നെയാണ് അച്ഛന് ഇഷ്ടം. പാട്ടും നൃത്തവും ചേരുന്ന എന്നെയാണ് അമ്മയ്ക്ക് ഇഷ്ടം.കലയാണ് എന്നും എന്റെ മേഖല.പണത്തിനും പ്രശസ്തിക്കുംവേണ്ടി മാത്രമല്ലാതെ എനിക്ക് വേണ്ടിയുള്ള ഇടം.വീണ്ടും നാടകത്തിന്റെ ഭാഗമാകാൻ പോവുന്നു.സൃഷ്ടിയിലെ പഠനം കഴിഞ്ഞപ്പോൾ ക്രിയാത്മകമായി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും തിരിച്ചറിയാൻ സാധിച്ചു.കാമറയുടെ പിന്നിൽ നിൽക്കുന്നതും കല തന്നെയാണെന്ന് കരുതുന്നു. സംവിധാനം ഭാവിയിൽ സംഭവിക്കും.കഠിനാദ്ധ്വാനവും ലക്ഷ്യവും ഉണ്ടെങ്കിൽ മുന്നേറാൻ കഴിയും.ലോക് ഡൗണിൽ വിരസത അകറ്റാനും സ്വയം സന്തോഷിപ്പിക്കാനും ഗ്രാഫിക് ഡിസൈനിംഗ് ചെയ്യാൻ സമയം കണ്ടെത്തി.ചെറിയ പോക്കറ്റ് മണി ലഭിച്ചു.
ഒഴുകി നടക്കാൻ ഇഷ്ടം
ഒരു ബാങ്കിൽ വർഷങ്ങളോളം ജോലി ചെയ്തു വിരമിച്ച ബന്ധുക്കളെ അറിയാം. എന്നാൽ പുതുതലമുറ അങ്ങനെയല്ല.പലമേഖലയിൽ ഒരേസമയം പ്രവർത്തിക്കാനാണ് അവർക്ക് താത്പര്യം.ഞാൻ ഒരു ബഹുമുഖ പ്രതിഭയാണെന്ന് കരുതുന്നു. സ്ഥിരമായ വളർച്ച ലക്ഷ്യമിടുന്നു. എപ്പോഴും ഒഴുകി നടക്കാനാണ് ഇഷ്ടം. ഒാഫീസ് ജോലി പറ്റില്ല. കലയുടെ ഏതെങ്കിലും ഭാഗമായി നിൽക്കണം. സിനിമ മാത്രം ചെയ്യുമ്പോൾ ചിത്രം വരയ്ക്കാനോ നാടകം അവതരിപ്പിക്കാനോ തോന്നും. ചിലദിവസം നൃത്തം ചെയ്യാനാണ് തോന്നുക. എല്ലായിടത്തും കാൽഎടുത്ത് വച്ച് നിൽക്കുന്നത് ശരിയാണോ എന്നു മുൻപ് തോന്നിയിട്ടുണ്ട്. ആ ചിന്ത മാറി. എനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ സാധിക്കണം. അവിടെയാണ് എന്റെ മനസമാധാനം.'അങ്കിൾ" കഴിഞ്ഞു മലയാളത്തിൽനിന്ന് അവസരം വന്നിരുന്നു. എന്നാൽ കോളേജിൽ അറ്റൻഡൻസ് നിർബന്ധമായതിനാൽ മാറി നിൽക്കാൻ കഴിയാതെ വന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അപ്പോൾ. പഠനം കഴിഞ്ഞ് സിനിമ എന്ന തീരുമാനത്തിൽ അവസാനം എത്തി. സിനിമാതാരം എന്ന നിലയിൽ പ്രശസ്തയാവണമെന്നാണ് ആഗ്രഹം. മലയാളത്തിൽ വൈകാതെ വീണ്ടും വരും. ഇൗ വരവിൽ അതിന്റെ കൂടിക്കാഴ്ചയും നടന്നു. നല്ല തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ചിലനേരത്ത് എനിക്കുപോലും അറിയാത്ത കാർത്തികയുണ്ട്. എപ്പോഴും സന്തോഷവതിയായി കഴിയാനാണ് താത്പര്യം.ഒാരോ വർഷം പിന്നിടും തോറും ചെറുപ്പമാകുന്നുവെന്ന തോന്നൽ.കോഴ്സ് കഴിഞ്ഞ് ഉടൻ ലോക് ഡൗൺ. അതിനുശേഷം വണ്ണം വച്ചു.
85ൽ നിന്ന് 60ലേക്ക്
രണ്ടുവർഷമായി വെയ്റ്റ് ലോസിൽ ഉടക്കി കിടക്കുകയായിരുന്നു കരിയർ. പലപ്രാവശ്യം ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നു. കോളേജിൽ പഠിക്കുമ്പോൾ ശരീരം വേണ്ടപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശരീരഭാരം 85 കിലോയിൽ എത്തി.എന്നാൽ എനിക്ക് ഇഷ്ടമാണ് എന്റെ ശരീരം . ചുറ്റുമുള്ളവർക്ക് അത് പ്രശ്നമാണ്. അത് എന്നോടു വന്ന് പറയാൻ അവർ ആഗ്രഹിക്കുന്നു. പറയാതെ ഇരിക്കാൻ കഴിയില്ല. എനിക്കോ വീട്ടുകാർക്കോ കൂട്ടുകാർക്കോ കുഴപ്പമില്ല. സിനിമാ താരമായാൽ എന്തും വന്നു പറയാമെന്ന് ധാരണ പുലർത്തുന്നവരുണ്ട്. വണ്ണം കൂടിയാൽ എല്ലാവരും ശ്രദ്ധിക്കും. 'തടിച്ചി" എന്ന വിളി കുറെ കേട്ടു. ഞാൻ അവർക്ക് ഒരു മറുപടിയും കൊടുത്തില്ല. വണ്ണം കുറച്ചില്ലെങ്കിൽ സിനിമ കിട്ടില്ല എന്നു കേട്ടു. അഭിനയിക്കാനറിയാം, വണ്ണം കുറയ്ക്കണമെന്ന ഉപദേശം നൽകി നഷ്ടപ്പെട്ട സിനിമയുണ്ട്. വിക്ടോറിയ സൂപ്പർ മോഡൽ ആണ് എല്ലാവരുടെ സങ്കല്പത്തിലെ പെണ്ണ്. മുയലിനെ പോലെ ഭക്ഷണം കഴിക്കാൻ എനിക്ക് കഴിയില്ല. മുംബയിൽ ജീവിക്കുന്ന ചോറും കൂട്ടാനും ഉച്ചയ്ക്ക് കഴിക്കുന്ന മലയാളിയാണ് ഞാൻ. മനസിനെ പാകപ്പെടുത്തി ശരീരം നിലനിറുത്താൻ ആത്മാർത്ഥമായി ശ്രമിച്ചു.
ഇരുപതു മുതൽ 29 വയസുവരെ വളർച്ചയുടെ നല്ല കാലഘട്ടമാണ്. പിന്നെ ശരീരം ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. കഴിഞ്ഞ ജനുവരിയിൽ വെയ്റ്റ് ലോസ് തുടങ്ങി.വണ്ണം കുറച്ചശേഷം എന്നെ കണ്ടപ്പോൾ നിങ്ങള് മറ്റുള്ളവർക്ക് പ്രചോദനമാണ്, ഉലക്കയുടെ മൂടാണ് എന്നൊക്കെ കേട്ടു. ആറ് ആഴ്ച ആയുർവേദ യോഗ ചെയ്തു. അതിന്റെ പരിണിത ഫലമായി ഏഴുമാസം കൊണ്ട് 60 കിലോയിൽ എത്തി. മുടിയും ശരീരവും സംരക്ഷിക്കണമെന്നും നായികയ്ക്ക് വണ്ണം പാടില്ലെന്നും എന്ന ധാരണ ഇപ്പോഴുമുണ്ട് എന്നാൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു മറികടക്കുകയാണെങ്കിൽ വണ്ണം വലിയ കാര്യമായി ആളുകള് കാണില്ല.മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ കഴിയാനാണ് ഇഷ്ടം. വണ്ണം കുറഞ്ഞപ്പോൾ ആളുകൾക്ക് എന്നോട് സ് നേഹം കൂടിയിട്ടുണ്ട്. 'ആഹാരം കഴിക്കുന്നില്ലേ"? 'കണ്ടിട്ട് മനസിലായില്ല" 'ഇപ്പോഴത്തെ കോലം കണ്ടില്ലേ". തിരികെ വന്ന കമന്റുകൾ ഇങ്ങനെ. വണ്ണം കൂടിയാലും കുറഞ്ഞാലും കുഴപ്പം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |