
സിനിമാ താരങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിവാദങ്ങൾ പലപ്പോഴും ആരാധകരെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അത്തരത്തിൽ ആരാധകരെ കുഴപ്പിച്ച ഒരു വാർത്തയാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ടയെക്കറിച്ച് പ്രചരിക്കുന്നത്. തന്റെ പുതിയ ചിത്രമായ 'രണബാലി'യുടെ സെറ്റിൽ വൻ ഡിമാൻഡുകൾ താരം മുന്നോട്ട് വച്ചെന്ന തരത്തിലായിരുന്നു പ്രചാരണം. ഓൺലൈൻ പോർട്ടലായ '123 തെലുങ്കു'വിൽ പ്രചരിച്ച സക്രീൻഷോട്ടാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
നായകനുവേണ്ടി അഞ്ചും ആറും കാരവനുകൾ, നാൽപ്പത് മുതൽ അമ്പത് വരെ സഹായികൾ; മൈത്രി മൂവി മേക്കേഴ്സ് പ്രൊഡ്യൂസേഴ്സ് കൗൺസിലിലേക്ക് എന്ന തലക്കെട്ടോടെയായിരുന്നു സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. വിജയ്‌യുടെ അമിതമായ ആവശ്യങ്ങൾ കാരണം മൈത്രി മൂവി മേക്കേഴ്സ് നിർമാതാക്കളുടെ സംഘടനയെ സമീപിച്ചു എന്നായിരുന്നു ഇതിലെ ഉള്ളടക്കം. വിവാദം വ്യാപകമായി പടർന്നതോടെ പ്രതികരണവുമായി താരത്തിന്റെ ഒഫീഷ്യൽ ടീം രംഗത്തെത്തി. ഈ സ്‌ക്രീൻഷോട്ട് വ്യാജമാണെന്നും താരത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ബോധപൂർവ്വം നടത്തുന്ന പ്രചാരണമാണിതെന്നും അവർ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് താരത്തിന്റെ ഒഫീഷ്യൽ ടീം പ്രതികരണവുമായി രംഗത്തെത്തിയത്.
'വിജയ്‌യെ ലക്ഷ്യമിട്ടുകൊണ്ട് ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. വാർത്താ പോർട്ടലുകളുടെ പേരിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമ്മിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത്. 'രണബാലി' ചിത്രത്തിനായി വിജയ് നിരവധി കാരവനുകൾ ആവശ്യപ്പെട്ടു എന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ദയവായി ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.' -ഒഫീഷ്യൽ ടീം എക്‌സിൽ കുറിച്ചു.
പിന്നാലെ തങ്ങൾ ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി '123 തെലുങ്കു' പോർട്ടലും രംഗത്തെത്തി. തങ്ങളുടെ പേര് ദുരുപയോഗം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. 'കിംഗ്‌ഡം' (2025) എന്ന ചിത്രത്തിന് ശേഷം രവി കിരൺ കോല സംവിധാനം ചെയ്യുന്ന 'റൗഡി ജനാർദ്ദന' എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. കീർത്തി സുരേഷാണ് നായിക. ഇത് കൂടാതെ രാഹുൽ സങ്കൃത്യയൻ സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമ 'രണബാലി'യും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |