
റോജ"യും 'യോദ്ധ"യും 'ഇരുവറും" ചേരുന്നതാണ് മലയാളിക്ക് മധുബാല. 'എന്നോടിഷ്ടം കൂടാമോ" എന്ന് 'ചിന്ന ചിന്ന ആസൈ" പാടി മറുനാട്ടിൽനിന്ന് മധുബാല കയറി വന്നപ്പോൾ മുതൽ ചേർത്തു പിടിച്ചത് മലയാളി വിടുന്നില്ല. നീണ്ട ഇടവേള കഴിഞ്ഞ് മലയാളത്തിൽ ശക്തമായ കേന്ദ്രകഥാപാത്രവുമായി മധുബാല എത്തുന്ന 'ചിന്ന ചിന്ന ആസൈ" പ്രേക്ഷകന് മനോഹരമായ ഒരു കാവ്യം സമ്മാനിക്കുന്നു. വാരാണസിയിൽ ഇന്ദ്രൻസും മധുബാലയും ഒത്തുചേരുന്ന 'ചിന്ന ചിന്ന ആസൈ" യിലൂടെ നവാഗതയായ വർഷ വാസുദേവ് സംവിധായക എന്ന 'ആസൈ"യും സഫലീകരിച്ചു.
ചിന്ന ചിന്ന ആസൈ എങ്ങനെ എല്ലാം പ്രത്യേകത നിറഞ്ഞതാകുന്നു ?
അഭിനയ ജീവിതത്തിൽ വളരെ ഏറെ പ്രത്യേകത സമ്മാനിച്ച സിനിമ. കാരണം, ഈ കഥാപാത്രം എന്നെ മനസിൽ കണ്ടാണ് എഴുതിയത്. തിരക്കഥാകൃത്ത് കൂടിയായ വർഷ എന്നെ മുൻനിറുത്തി കഥ രചിച്ചതിൽ വലിയ ബഹുമാനവും സന്തോഷവും നന്ദിയും ഉണ്ട്. മറ്റ് ചില തിരക്കും ഡേറ്റ് പ്രശ്നവും കാരണം രണ്ടുതവണ ഈ സിനിമയിൽനിന്ന് ഒഴിഞ്ഞുമാറി . എന്നാൽ വർഷ കാത്തിരുന്നു. ഇന്ന് ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിൽ വലിയ അഭിമാനമുണ്ട്. ചിത്രീകരണ സമയത്ത് ഞാൻ എന്റെ ആത്മാവിനോടും ദൈവികതയോടും വളരെ അടുപ്പം അനുഭവിച്ചു. ഒരു നടിയെന്ന നിലയിൽ മാത്രമല്ല, വ്യക്തിപരമായും ഈ സിനിമ വളരെ ആഴത്തിൽ അനുഭവം സമ്മാനിച്ചു. അത് സാധ്യമാക്കിയ വർഷയോട് വലിയ സ്നേഹവും നന്ദിയുമുണ്ട് .
അഭിനയിച്ച് മടങ്ങുമ്പോൾ വാരാണസി എന്തു തിരികെ നൽകി ?
വാരാണസി വെറും ഒരു നഗരം മാത്രമല്ല, ഭൂമിയിലെ സ്വർഗമാണ്. അതിനെ 'ദേവന്മാരുടെ നാട് " എന്ന് വിളിക്കുന്നത് വെറുതേയല്ല. അവിടത്തെ ഘാട്ടുകളും ഗംഗാനദിയും എല്ലാം അത്ഭുതകരമായ അനുഭവമായിരുന്നു. മുംബൈ പോലെ തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് ഞാൻ പൂർണമായും അകന്നുപോയതുപോലെ തോന്നി. മുമ്പൊരിക്കലും അനുഭവിക്കാത്ത രീതിയിൽ ഞാൻ ആ സ്ഥലം ആസ്വദിച്ചു. എവിടെയോ അകലെ ഇരുന്ന് ധ്യാനിക്കുന്നതുപോലെയായിരുന്നു അനുഭവം. സിനിമയിൽ അഭിനയിക്കുമ്പോഴും ഞാൻ എന്റെ യഥാർത്ഥ വ്യക്തിത്വത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് തോന്നി. ക്ഷേത്രങ്ങളുടെയും ആത്മീയതയുടെയും നാടായ വാരാണസി എനിക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.
പ്രതിഭാധനനായ ഇന്ദ്രൻസിനൊപ്പം അഭിനയിച്ചപ്പോൾ എന്തു പഠിക്കാൻ സാധിച്ചു ?
ഇന്ദ്രൻസ് സാറിൽ നിന്ന് പഠിച്ച ഏറ്റവും മനോഹരമായ കാര്യം, ഒരാളുടെ പ്രവൃത്തിയാണ് സംസാരിക്കേണ്ടത് എന്നതാണ്. അദ്ദേഹം ഒരിക്കലും തന്റെ സീനിയോറിറ്റിയോ സ്വാധീനമോ പ്രകടിപ്പിച്ചില്ല. പ്രത്യേക ആവശ്യങ്ങളോ ആഡംബരങ്ങളോ ഒന്നും ആവശ്യപ്പെട്ടില്ല. വളരെ ലളിതനും വിനീതനുമായ വ്യക്തിയായിരുന്നെങ്കിലും കാഴ്ചവച്ച പ്രകടനങ്ങൾ അതിഗംഭീരമായിരുന്നു. അത് കാണുന്നതും പഠിക്കുന്നതും വലിയ അനുഭവമായിരുന്നു. 'മഹത്വം ഒരിക്കലും അലറിപ്പറയില്ല, അത് പതുക്കെ സംസാരിക്കും" എന്ന് പറയാറുണ്ട്. ആ പാഠം അദ്ദേഹത്തിൽ നിന്ന് പഠിച്ചു.
വനിത സംവിധായകരോടൊപ്പം പ്രവർത്തിക്കുമ്പോൾ സ്ത്രീകളുടെ കാഴ്ചപ്പാട് ആവേശം നൽകാറുണ്ടോ?
സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്ന് കഥ പറയുന്നത് എപ്പോഴും എനിക്ക് ഇഷ്ടമാണ്. അത് എപ്പോഴും വ്യത്യസ്തവും മനോഹരവുമാണ്. വർഷ പ്രത്യേകിച്ച് വളരെ ശ്രദ്ധയും സമർപ്പണവും ആത്മാർത്ഥതയും ഉള്ള വ്യക്തിയാണ്. ആദ്യ സിനിമയാണെങ്കിലും തനിക്കും സംഘത്തിനും അഭിനേതാക്കൾക്കും എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാമായിരുന്നു. ചിലപ്പോൾ അവൾ എന്നെ അലട്ടുകയും ചെയ്തിട്ടുണ്ട്. കാരണം ഞാൻ നിരവധി സിനിമകളിൽ അഭിനയിച്ച അനുഭവമുള്ള ആളാണ്. ഞാൻ ശരിയായി ചെയ്യുന്നുവെന്ന് എനിക്ക് തോന്നുമായിരുന്നു. എന്നാൽ വർഷ സമ്മതിക്കില്ല. 'ഇങ്ങനെ അല്ല മാഡം, ഇങ്ങനെയാണ് വേണ്ടത്” എന്ന് അവൾ ഉറച്ചുപറയും. പുതിയ സംവിധായകയായതിനാൽ ഞങ്ങളോട് വഴങ്ങാനോ മടിക്കാനോ തയ്യാറായിരുന്നില്ല. അവൾ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അത് തന്റെ കഥയിലും സിനിമയിലും എത്രമാത്രം വിശ്വസിച്ചിരുന്നുവെന്ന് കാണിച്ചു. ആദ്യ സിനിമ ചെയ്യുന്നതിലുപരി, പരിചയസമ്പന്നയും വ്യക്തമായ ദർശനമുള്ള ഒരു സംവിധായകയായി തോന്നി . അതാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ആദ്യമായല്ല വനിത സംവിധായകരോടൊപ്പം പ്രവർത്തിക്കുന്നത്. മുമ്പ് ഒരു കന്നഡ സിനിമയിലും എന്റെ ബന്ധുവും അഭിനേത്രിയുമായ ഹേമമാലിനിയുടെ സംവിധാനത്തിലും അഭിനയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |