
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ നാഴികകല്ലായി മാറിയ സിനിമയാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസി. റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ബാഹുബലിയുടെ മൂന്നാംഭാഗം വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിന്റെ ‘ബാഹുബലി: ദി ടോർച്ച്ബിയറർ’ എന്ന ഡോക്യുമെന്ററിയിലെ ഒരു ഭാഗമാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്.
പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി എന്നിവരുൾപ്പെടെ സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടുന്നതാണ് ഡോക്യുമെന്ററി. ചിത്രത്തിന്റെ നിർമാണ വേളയിൽ ക്യാമറയ്ക്ക് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. ഇതിനിടെയാണ് റാണയും പ്രഭാസും 'ബാഹുബലി 3' യെക്കുറിച്ചുള്ള സൂചന നൽകിയത്.
"ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി ഉണ്ടാകും" എന്ന് റാണ പറയുന്നതും ഇത് കേട്ട ഉടനെ പ്രഭാസും അനുഷ്കയും പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഡോക്യുമെന്ററിയുടെ അവസാനത്തിൽ 'ദി ലെഗസി തുടരും' എന്ന് എഴുതി കാണിക്കുന്നുമുണ്ട്. ഇതോടെയാണ് ബാഹുബലി 3 ഉണ്ടാകുമെന്ന നിഗമനത്തിൽ ആരാധകർ എത്തിയത്. അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.
നാല് എപ്പിസോഡുകളുള്ള ‘ബാഹുബലി: ദി ടോർച്ച്ബിയറർ’ ഇന്നുമുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. തിരശ്ശീലയ്ക്ക് പിന്നിലെ ദൃശ്യങ്ങളും അഭിനേതാക്കളുമായുള്ള സംഭാഷണങ്ങളും ഷൂട്ടിംഗ് ലോക്കേഷനിലെ നിമിഷങ്ങളുമെല്ലാം ഉൾപ്പെടുത്തികൊണ്ടുള്ള ഡോക്യുമെന്ററിയ്ക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |