'ബാലനു" വേണ്ടി ബീന ആന്റണി ചാൻസ് ചോദിച്ചു.എന്നാൽ സ്വന്തം 'ബാലന്" ചാൻസ് ലഭിച്ചില്ല. പതിനൊന്നു വർഷത്തെ ഇടവേളയ്ക്കുശേഷം ബീന ആന്റണി സിനിമയിൽ അഭിനയിച്ചതാണ് ഈ കഥയിലെ ട്വിസ്റ്റ് . ബ്ളോക് ബസ്റ്ററായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ : ദ ബോയ് "അലതല്ലുന്ന ആഹ്ളാദം സമ്മാനിക്കുന്നതിന്റെ നടുവിലാണ് ബീന ആന്റണി. വെള്ളിത്തിരയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹിക്കുകയും നീണ്ട കാത്തിരിപ്പിനും പ്രതീക്ഷകൾക്കും ഒടുവിൽ തേടി വന്ന അവസരം അസുലഭ ഭാഗ്യമായി ബീന ആന്റണി വിശേഷിപ്പിക്കുമ്പോൾ 'ബാലൻ" പ്രേക്ഷകരുടെ മനം കീഴടക്കുന്നു.
സിനിമയിൽ ആദ്യമായി നെഗറ്റീവ് ഷേഡ് കഥാപാത്രം അല്ലേ ?
തീർച്ചയായും. ബാലനിലൂടെ ആ വലിയ ഭാഗ്യം കൂടി ലഭിച്ചു. ഷംല എന്ന കഥാപാത്രം വളരെ രസകരമായി ചെയ്യാൻ സാധിച്ചു എന്നാണ് വിശ്വാസം. ഷംലത്ത എന്ന് ആളുകൾ വിളിക്കുന്നു. ട്രെയിലറിൽ എന്നെ കണ്ടപ്പോൾ മുതൽ ആളുകൾ ചോദിച്ചു തുടങ്ങി. യാദൃച്ഛികമായാണ് ബാലനിലേക്ക് വിളി വന്നത്. 'ആലിപ്പഴം" സിനിമയിൽ ചിദംബരവും 'കുഞ്ഞാലി മരക്കാർ" സീരീയലിൽ ഗണപതിയും എന്റെ മക്കളായി അഭിനയിച്ചതാണ്. അവരുമായി നല്ല ബന്ധം തന്നെയാണിപ്പോഴും. മഞ്ഞുമ്മൽ ബോയ്സ് കഴിഞ്ഞ ശേഷം ചിദംബരത്തിന് മെസേജ് അയച്ചു. 'ചിദു.. നിന്റെ അമ്മയായ മഞ്ഞുമ്മൽകാരിയെ മഞ്ഞുമ്മൽ ബോയ്സിൽ വിളിച്ചില്ലെന്നും അതിൽ വിഷമമുണ്ടെന്നും" തമാശയായി പറഞ്ഞു. മകൻ ആരോമലിന് സിനിമയിൽ നല്ല കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അതിനുശേഷം ഗണപതിയോട് പറഞ്ഞു. ആ സമയത്ത് ബാലന്റെ ഡിസ്കഷൻ നടക്കുകയായിരുന്നു. എന്റെ കഥാപാത്രത്തിന് ആളെ കിട്ടിയിരുന്നില്ല. പെട്ടെന്ന് എന്റെ മെസേജ് കണ്ടപ്പോൾ അവരെന്നെ ഓർത്തു. കഥാപാത്രത്തെക്കുറിച്ചൊന്നും ചോദിച്ചില്ല. ഇങ്ങനെയൊരു തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നുവെന്ന് ഞാൻ പറഞ്ഞു. 'സാരഥി "ആണ് അവസാനം അഭിനയിച്ച സിനിമ. സഹോദരി, കൂട്ടുകാരി, ഭാര്യ വേഷങ്ങൾ മാത്രമാണ് സിനിമയിൽ ചെയ്തത്. ആദ്യമായി ബാലനിലൂടെ ഇതിനു മാറ്റം വന്നു.
പുതുതലമുറ നാളെ ഓർക്കണമെങ്കിൽ സിനിമയിൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കേണ്ടേ ?
എന്റെ ഏറ്റവും വലിയ ദുഃഖം അതുതന്നെയാണ്. എനിക്ക് വേണ്ടി ഉണ്ടാക്കിയ ഒരുപാട് കഥാപാത്രങ്ങൾ സീരിയലിൽ ചെയ്തു. മൂന്നു വർഷം സംസ്ഥാന അവാർഡും മറ്റു ഒരുപാട് പുരസ്കാരങ്ങളും ലഭിച്ചു. സീരിയൽ മേഖലയിൽ ഒരുപാട് സന്തോഷവതിയാണ്. എന്നാൽ യോദ്ധയിലെ ലാലേട്ടന്റെ സഹോദരി വേഷം, വളയത്തിലെ കഥാപാത്രം. ഇവയെല്ലാം വളരെയധികം സംതൃപ്തി തന്ന സിനിമയാണ്. അതിനും അപ്പുറം സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് നാളത്തെ തലമുറ ഓർക്കൂ. സീരിയൽ ചെയ്താൽ അന്നത്തെ എപ്പിസോഡിൽ ആ സംഭവം കഴിഞ്ഞു. കുറച്ചെങ്കിലും നല്ല കഥാപാത്രങ്ങൾ ഇനിയും സിനിമയിൽ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്.
ആദ്യ കോമ്പിനേഷൻ സീൻ മമ്മൂട്ടിയോടൊപ്പം. പിന്നീട് സിനിമയിൽ സജീവമായില്ല ?
മമ്മുക്ക നായകനായ 'കനൽക്കാറ്റ് "ആണ് ആദ്യ സിനിമ. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അവസരം. പിന്നെ ലോഹിതദാസ് സാറിന്റെ വളയം, ആധാരം. മമ്മുക്കയുടെ കൂടെ മഹാനഗരം സിനിമയിൽ അശോകൻ ചേട്ടന്റെ നായികയായി നല്ല വേഷമായിരുന്നു. പിന്നീട് ഇരുപത്തിയഞ്ചോളം സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചു. സിനിമയിൽ അഭിനയിക്കുമ്പോഴാണ് സീരിയലിൽ നല്ല വേഷങ്ങൾ കിട്ടിയത്. സീരിയലിൽ വന്നതിനുശേഷം സിനിമയിലേക്ക് പോകാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം. അത്രയും കഥാപാത്രങ്ങൾ സീരിയലിൽ എന്നെത്തേടിയെത്തി. 'മിസ് തെരേസ പോൾ "സീരിയലിൽ ശ്രീകുമാരൻ തമ്പിസാർ വലിയ അവസരം തന്നു. 12 എപ്പിസോഡിൽ 12 നായികമാർ. ശ്രീവിദ്യ, കെ.പി.എ.സി ലളിത, ശാന്തികൃഷ്ണ അങ്ങനെ പ്രതിഭാശാലികളായ താരങ്ങൾ. അതിലൊരു എപ്പിസോഡിൽ എന്നെ പരിഗണിച്ചു. അതിനാണ് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. പിന്നീട് തപസ്യ, ചാരുലത ഉൾപ്പെടെ എത്ര എത്ര സീരിയലുകൾ. ആ സമയത്ത് സിനിമയിലേക്ക് തിരിഞ്ഞുനോക്കാൻ പറ്റാതെയായി.
വർഷങ്ങൾക്കുശേഷം ലോഹിതദാസ് സാർ കണ്ടപ്പോൾ എത്രയോ കഥാപാത്രങ്ങളിൽ പരിഗണിച്ചിരുന്നുവെന്ന് പറഞ്ഞു. സൂത്രധാരനിൽ വിളിച്ചതാണ്. കുറെ നല്ല സിനിമകൾ നഷ്ടപ്പെട്ടു. അന്നെല്ലാം ഒരു സീരിയൽ കഴിഞ്ഞാൽ അടുത്തത്. അത്ര മാത്രം തിരക്കായിരുന്നു.
35 വർഷമായി അഭിനയരംഗത്തുണ്ട്. ഇപ്പോഴും നിലനിൽക്കാൻ കാരണമെന്തായിരിക്കും?
ഒരു തമാശയായോ സിനിമയുടെ ഭ്രമത്തിലോ നിന്ന ആളല്ല ഞാൻ. കഥാപാത്രങ്ങളിൽ വളരെയധികം ആത്മാർത്ഥത പുലർത്തിയിട്ടുണ്ട്. ഇതൊരു നേരം പോക്കല്ല, മറിച്ച് ഉപജീവനമാർഗമായാണ് കാണുന്നത്. ഒരാളെയും ഇതുവരെ പ്രതിസന്ധിയിലാക്കിയില്ല. അതുകൊണ്ടായിരിക്കാം ഇവിടെത്തന്നെ തുടരാനാവുന്നത്. പിന്നെ ആളുകളുടെ ഇഷ്ടവും. എല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |