SignIn
Kerala Kaumudi Online
Saturday, 26 September 2026 10.05 AM IST

പൂർണ സൈനിക ബഹുമതികളോടെ വൈശാഖ് മണ്ണിലലിയും  മൃതദേഹം വ്യാഴാഴ്ച വീട്ടിലെത്തിക്കും

photo
വൈശാഖിന്റെ വീട്

കൊല്ലം: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്ക് വിശാഖം വീട്ടിൽ എച്ച്. വൈശാഖിന്റെ (അക്കു-24) മൃതദേഹം വ്യാഴാഴ്ച വീട്ടിലെത്തിക്കും. പൂർണസൈനിക ബഹുമതിയോടെയാകും സംസ്കാര ചടങ്ങുകൾ. ഇന്ന് വൈകിട്ട് 5.15ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങും.

സൈനികനടപടിക്രമങ്ങൾക്കും ആദരവിനും ശേഷം രാവിലെ ഏഴരയ്‌ക്ക് ബന്ധുക്കളും ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസിൽ ജന്മനാടായ കുടവട്ടൂരിലെത്തിക്കും. എം.സി ആയൂരിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാകും ആംബുലൻസെത്തുക. ഒമ്പതരയോടെ വൈശാഖ് പഠിച്ച കുടവട്ടൂർ എൽ.പി സ്കൂളിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷം വീട്ടിലേക്ക് കൊണ്ടു പോകും.

വൈശാഖിന്റെ വീടിന് മുന്നിൽ പ്രത്യേക പന്തലൊരുക്കിയിട്ടുണ്ട്. ഇവിടത്തെ പൊതുദർശനത്തിനു ശേഷം വീടിന്റെ പിന്നിൽ ചിതയൊരുക്കാനാണ് തീരുമാനം. കൊട്ടാരക്കര ചെപ്ര സ്വദേശി വിഷ്ണുവടക്കം നാല് മലയാളി സൈനികർ മൃതദേഹത്തിനൊപ്പം എത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് കൊട്ടാരക്കര തഹസിൽദാർ നിർമ്മൽകുമാറും സംഘവും വൈശാഖിന്റെ വീട്ടിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA