SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.02 PM IST

പി.എം.എ വൈ: 1119 കുടുംബങ്ങൾക്ക് വീട് നൽകും

കൽപ്പറ്റ: ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായുളള 1119 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ (പി.എം.എ.വൈ ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവർഗ്ഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ, 147 ജനറൽ വിഭാഗം എന്നിവർ ഉൾപ്പെടുന്ന 1119 കുടുംബങ്ങൾക്കു ഭവന നിർമ്മാണ ധനസഹായം ലഭ്യമാക്കാൻ അനുമതി ലഭിച്ചു. ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്ക് 4 ലക്ഷം രൂപയും, പട്ടിക വർഗ്ഗ വിഭാഗത്തിന് 6 ലക്ഷം രൂപയുമാണ് ഭവന നിർമ്മാണത്തിനായി ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്ന് 2.80 ലക്ഷം രൂപ എസ്.സി, ജനറൽ വിഭാഗത്തിനും, 4.8 ലക്ഷം രൂപ എസ്.ടി വിഭാഗത്തിനും ലഭിക്കും. പി.എം.എ.വൈ.(ജി) പദ്ധതി പ്രകാരം കേന്ദ്ര വിഹിതമായി 1.20 ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും ലഭിക്കുക. കരാറിലേർപ്പെട്ടാൽ ഉടൻ തന്നെ ആദ്യഗഡു മുൻകൂറായി ലഭിക്കും. തുടർന്ന് ഭവന നിർമ്മാണത്തിന്റെ ഓരോ ഘട്ടം കഴിയുന്നതനുസരിച്ച് ഗുണഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് പി.എഫ്.എം.എസ് മുഖേന തുക ലഭിക്കും.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ഭവന നിർമ്മാണത്തിനായി ഓരോ കുടുംബത്തിനും 90 ദിവസത്തെ ജോലിയും സോക്കേജ് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കുടിവെളളക്കിണർ എന്നിവയും ജീവനോപാധികളായ ആട്ടിൻ കൂട്, പശുത്തൊഴുത്ത്, കോഴിക്കൂട് എന്നിവയും അനുവദിക്കും. പി.എം.എ.വൈ. (ജി) പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2019ൽ ആവാസ് ക്ലാസ് മൊബൈൽ ആപ്പ് വഴി സർവ്വേ നടത്തി 22721 പേരുടെ ഗുണഭോക്ത്യ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ പട്ടിക ഓൺലൈൻ സംവിധാനത്തിലുടെ തയ്യാറാക്കിയാണ് ഗ്രാമ പഞ്ചായത്തുകളുടെ അംഗീകാരം നേടിയത്. ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.

ആംബുലൻസ് സർവീസ് തുടങ്ങി

പനമരം: പനമരം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ആവശ്യങ്ങൾക്കായി ആംബുലൻസ് സർവീസ് തുടങ്ങി. ജില്ലാ കളക്ടറുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ഒ.ആർ.കേളു എം.എൽ.എ നിർവ്വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.സുബൈർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീമ മാനുവൽ,വാർഡ് മെമ്പർ സുനിൽ കുമാർ അസിസ്റ്റന്റ് സെക്രട്ടറി പി.സജി, ടി.എം.ഉമ്മർ, ജോസ് നിലമ്പനാട്ട്, അസീസ് കുനിയിൽ, കുര്യാക്കോസ് മുള്ളന്മടക്കൽ, അസൈനാർ, ഡോ.ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മണി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീകല, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL