SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

തിരുനെല്ലിയിൽ മാലപൊട്ടിക്കൽ; മൂന്ന് വനിതകൾ കൂടി പിടിയിൽ

devi-ponni-bindu
പിടിയിലായ തമിഴ്നാട് സ്വദേശികൾ ബിന്ദു, ദേവി, പൊന്നി

കൽപ്പറ്റ: ജില്ലയിൽ തുടർച്ചയായി നടന്ന സ്വർണാഭരണ മോഷണക്കേസുകളിൽ മൂന്ന്‌പേർ കൂടി അറസ്റ്റിൽ. തിരുനെല്ലിക്ഷേത്രത്തിലെ കർക്കടക വാവുബലി ദിവസം സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് വനിതകളെ പൊലീസ് പിടികൂടിയത്. സേലം അമ്മാപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര സ്വദേശി പൊന്നി (39) എന്നിവരാണ് മാനന്തവാടി എ.എസ്.പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.

ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ ആറ്‌ പേർ പിടിയിലായിരുന്നു. കെ.എസ്.ആർ.ടി.സി. ബസുകളിലും ഉത്സവസ്ഥലങ്ങളിലെയും തിരക്ക് മുതലാക്കിയാണ്‌ മോഷണം. ആൾക്കൂട്ടത്തിനിടയിൽ മാല പൊട്ടിച്ചെടുത്ത് നിമിഷങ്ങൾക്കകം കൂടെയുള്ളവർക്ക് കൈമാറും. ഓണത്തിരക്കും സംഘം മുതലാക്കി.

ജില്ലയിൽ മോഷണ പരാതികൾ കൂടിയതോടെ ജില്ലാ പൊലീസ്‌ മേധാവി എസ്. ദേവമനോഹറിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കർണാടകയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ കൂടുതൽപേർ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് സൂചന.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ പൊലീസ് അറിയിച്ചു. മാനന്തവാടി എ.എസ്.പി വി. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രവർത്തിച്ചത്. എസ്‌.ഐ. ബിജു വർഗീസ്, ഉദ്യോഗസ്ഥരായ കെ.കെ. വിപിൻ, ഷാലു ഫ്രാൻസിസ്, പി.ബി. അജിത്ത്, രജീഷ്, ശ്രീജേഷ്, തിരുനെല്ലി സി.ഐ. നിതീഷ്, എസ്.എച്ച്.ഒ. ഉമ്മർ, എസ്‌.ഐമാരായ ജി. ശിവൻ, റിയാസുദ്ദീൻ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, CHAIN SNATCHING, THIRUNELLI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY