
തിരുവനന്തപുരം : വിളപ്പിൽശാലയിൽ നടന്ന 23-ാമത് സംസ്ഥാന മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല ടീം ഓവറോൾ ചാമ്പ്യൻമാരായി. ഇടുക്കിയാണ് റണ്ണറപ്പ്. ഇന്നലെ നടന്ന അണ്ടർ 16 പെൺകുട്ടികളുടെ ടൈം ട്രയലിൽ
വയനാടിന്റെ മൈസ ബേക്കർ.എൻ.സി ഒന്നാം സ്ഥാനവും അബീശ ഷിബി രണ്ടാം സ്ഥാനവും നേടി. അണ്ടർ 23 പുരുഷൻമാരുടെ മാസ്സ് സ്റ്റാർട്ട് മത്സരത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ വയനാടിന്റെ സയ്യിദ് മുഹമ്മദ് മാസിൻ ഒന്നാമതും മുഹമ്മദ് നിഷാദ് രണ്ടാമതും ഫിനിഷ് ചെയ്തു. വനിതകളുടെ മാസ്സ് സ്റ്റാർട്ടിൽ വയനാടിന്റെ ജോഷ്നി ജോയ് ഒന്നാം സ്ഥാനം നേടിയപ്പോൾ പുരുഷന്മാരുടെ മാസ്സ് സ്റ്റാർട്ടിൽ മുഹമ്മദ് റോഷനും ജുനൈദ്.വിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ വയനാടിന്റെ ഐഫ മെഹ്റിൻ മൂന്നാം സ്ഥാനവും തൃശ്ശൂരിന്റെ നവ്യ രണ്ടാം സ്ഥാനവും നേടി. പുരുഷന്മാരിൽ മലപ്പുറത്തിന്റെ റഫ്ക്കാൻ കാസിമിന് ആണ് ഒന്നാം സ്ഥാനം.
ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല നെടുംകുഴിയിൽ മുൻപ് മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന, കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ട്രാക്ക് നിർമിച്ച് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്. ഈ പ്രദേശം സൈക്ലിംഗ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി വിട്ടുകൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് മേയർ പറഞ്ഞു. കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷൺമുഖം, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ.പി, കേരള സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി വിനോദ്കുമാർ.കെ, ചെയർമാൻ സുധീഷ്‌കുമാർ എസ്.എസ്, ട്രഷറർ പത്മകുമാർ.ജി.എസ്, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ജയപ്രസാദ്.ബി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിച്ച റൈഡർമാർ ഒക്ടോബർ ഒന്നുമുതൽ നാലു വരെ ഒറീസയിൽ നടക്കുന്ന നാഷണൽ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |