SignIn
Kerala Kaumudi Online
Friday, 11 September 2026 1.22 AM IST

വയനാട് തുരങ്കപാത അനിശ്ചിതത്വത്തിൽ

aa

കൽപ്പറ്റ: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമ്മാണം അനിശ്ചിതത്വത്തിൽ. വയനാട്ടിലെ തുരങ്കമുഖമായ മേപ്പാടി മീനാക്ഷിയിൽ കഴിഞ്ഞ ജൂലായ് ഏഴിന് ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്നാണ് തുരങ്കപാത നിർമ്മാണം നിറുത്തിവച്ചത്. ദുരന്തത്തിൽ എട്ടുപേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ദുരന്തത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന കെ. ജീവൻ ബാബു കൺവീനറായുളള വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. സമിതി അംഗങ്ങൾ 23ന് സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ജീവൻ ബാബുവിനെ സർക്കാർ സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മാസം മൂന്ന് ആയെങ്കിലും റിപ്പോർട്ട് സമർപ്പിച്ചതുമില്ല. ഒരു മാസത്തിനുളളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. അതിനിടെ തുരങ്കപാതയുമായി ബന്ധപ്പെട്ട പ്രദേശമായ വെള്ളരിമല വില്ലേജിനെ കേന്ദ്ര സർക്കാർ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കി. ഇതോടെ തുരങ്കപാത ആഗ്രഹിക്കുന്ന മലയോര ജനത അടക്കം ആശങ്കയിലാണ്. തുരങ്കമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇതേവരെ നീക്കം ചെയ്തിട്ടുമില്ല.

2025 ആഗസ്റ്റ് 31ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജനാണ് തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. മാർച്ച് മൂന്നിന് പാറ തുരക്കൽ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയിൽ ഭാഗത്ത് നൂറ് മീറ്റർവരെ പാറ തുരന്നു. തുരങ്കപാതയെ എതിർക്കുമെന്ന് തുടക്കത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആയശേഷം നയം വ്യക്തമാക്കിയിട്ടുമില്ല. താമരശ്ശേരി ചുരത്തിൽ ഇപ്പോൾ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. മൂന്നും നാലും മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങുന്ന അവസ്ഥയാണുള്ളത്. ഇതിനുള്ള പ്രതിവിധിയായിക്കൂടിയാണ് വയനാട് തുരങ്കപാത ആസൂത്രണം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA