ഇന്ദ്രജിത്തും അപർണ ബാലമുരളിയും ആൻ അഗസ്റ്റിനും താരങ്ങൾ. ഷൂട്ടിംഗ് നാളെ വടകരയിൽ തുടങ്ങും
എം.ടി. വാസുദേവൻ നായരുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കടൽക്കാറ്റ് എന്ന് പേരിട്ടു. പ്രമുഖ സംവിധായകർ ചേർന്നൊരുക്കുന്ന നെറ്റ്ഫ്ളിക്സ് ഒറിജിനൽസിലെ പത്ത് ചിത്രങ്ങളിലൊന്നായ കടൽക്കാറ്റിൽ ഇന്ദ്രജിത്തും അപർണ ബാലമുരളിയും ആൻ അഗസ്റ്റിനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
നാളെ വടകരയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കണ്ണൂരും തലശേരിയുമാണ്. ലോകനാഥനാണ് കടൽക്കാറ്റിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: രാഹുൽരാജ്, കലാസംവിധാനം: വിനീഷ് ബംഗ്ളാൻ.
എം.ടിയുടെ തിരക്കഥയിലൊരുങ്ങുന്ന നെറ്റ് ഫ്ളിക്സ് ഒർജിനൽസിലെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശനും ജയരാജും ശ്യാമപ്രസാദും സന്തോഷ് ശിവനും ലിജോ ജോസ് പെല്ലിശ്ശേരിയും മഹേഷ് നാരായണനുമാണ്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളിൽ ഒന്നിൽ മോഹൻലാലും മറ്റൊന്നിൽ ബിജുമേനോനുമാണ് നായകന്മാർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.
പഴനിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോഴഭിനയിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നിർമ്മാണക്കമ്പനിയായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം പൂർത്തിയാക്കി സി.ബി.ഐ - 5ൽ ജോയിൻ ചെയ്യുന്ന മമ്മൂട്ടി തുടർന്ന് എം.ടി. വാസുദേവൻനായരുടെ രചനയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നെറ്റ് ഫ്ളിക്സ് ഒർജിനൽസിലഭിനയിക്കുമെന്നാണ് സൂചന.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനാകുന്നത്. പൃഥ്വിരാജ്, ആസിഫ് അലി എന്നിവർ നായകന്മാരാകുന്ന എം.ടി ചിത്രങ്ങളും നെറ്റ് ഫ്ളിക്സ് ഒർജിനൽസിന്റെ പത്ത് ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.
അതേസമയം കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പിന്റെ അവസാനഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. പൃഥ്വിരാജും മുരളി ഗോപിയും ഇഷാ തൽവാറും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന തീർപ്പ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |