SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.17 AM IST

അനിശ്ചിതത്വം നീങ്ങി, ട്രൈബൽ വില്ലേജ് പദ്ധതി

kannankund
ആദ്യം പ്രസിദ്ധീകരിച്ച വാർത്ത

മലപ്പുറം : ജില്ലയിലെ പ്രളയ പുനരധിവാസ പദ്ധതിയായ കണ്ണൻകുണ്ട് മോഡൽ ട്രൈബൽ വില്ലേജ് പദ്ധതിയിൻ കീഴിൽ നിർമ്മാണം മുടങ്ങിയ വീടുകളുടെ പ്രാരംഭഘട്ട പ്രവൃത്തികൾ ആരംഭിച്ചു. ബാക്കിയുണ്ടായിരുന്ന 25 വീടുകളിൽ 23 വീടുകളുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന മറ്റ് രണ്ടാളുകൾ ആരോഗ്യ പ്രശ്നം കാരണം ബന്ധുക്കളുടെ പരിചരണത്തിലാണ്. ഏറെ കാലമായിട്ടും ഗുണഭോക്താക്കൾക്ക് പ്രവൃത്തി തുടങ്ങാൻ ആവശ്യമായ ഫണ്ട് ലഭ്യമാവാത്ത സാഹചര്യത്തിൽ പദ്ധതിയുടെ അനിശ്ചിതത്വത്തെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയാണ് പദ്ധതിക്ക് തുണയായത്.

2018ലെ പ്രളയത്തെ തുടർന്ന് മതിൽമൂല കോളനിയിലടക്കം നിരവധി വീടുകൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ആദിവാസി പുനരധിവാസത്തിനായി വനംവകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയ 25 ഏക്കർ സ്ഥലത്താണ് കണ്ണൻകുണ്ട് മോഡൽ ട്രൈബൽ വില്ലേജ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം 34 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനായി ആറ് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. നിർമ്മിതി കേന്ദ്രയാണ് വീടുകളുടെ നിർമ്മാണ പ്രവൃത്തി നടത്തിയിരുന്നത്. പദ്ധതി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും ഒമ്പതു വീടുകളുടെ പണിയാണ് ഏജൻസി പൂർത്തീകരിച്ചിരുന്നത്. ആറ് ലക്ഷം രൂപയ്ക്ക് പ്രതീക്ഷക്കൊത്ത വീടുകൾ നിർമ്മിച്ചില്ലെന്ന പരാതിയെ തുടർന്ന് ഏജൻസിയെ നിർമ്മാണ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കി. ബാക്കിയുള്ള 25 വീടുകൾ സ്വന്തം നിലയിൽ പണിയാമെന്ന ഐ.ടി.ഡി.പി.യുടെ തീരുമാനത്തെ തുടർന്ന് ഘട്ടംഘട്ടമായി ഫണ്ട് നൽകാമെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു. എന്നിട്ടും ഏറെക്കാലം ഫണ്ട് ലഭ്യമാവുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. വാർത്തയെ തുടർന്ന് പ്രവൃത്തിക്കാവശ്യമായ ആദ്യ ഗഡു ഫണ്ട് അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ 90,​000

ആദ്യഘട്ടത്തിൽ അനുവദിച്ചത് 90,000 രൂപയാണ്. വീടിന്റെ തറയുടെ നിർമ്മാണത്തിനും മറ്റുമാണ് ഇത്രയും ഫണ്ട് അനുവദിച്ചിട്ടുള്ളത്. 23 വീടുകളുടെയും തറയുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. പ്രവൃത്തി പൂർത്തിയാക്കി

ഐ.ടി.ഡി.പി.യെ അറിയിക്കുന്ന മുറയ്ക്ക് ബാക്കിയുള്ള തുകയും നൽകും. അഞ്ച് ഗഡുക്കളായിട്ടാണ് ഫണ്ട് നൽകുന്നത്.

തുക നൽകുന്ന ഘട്ടങ്ങൾ

കരാർ വയ്ക്കുമ്പോൾ 15%

ബെയ്സ്‌മെന്റ് പൂർത്തിയാക്കുമ്പോൾ 20%

ലിന്റൽ പൂർത്തിയാവുമ്പോൾ 35%

മേൽക്കൂര പൂർത്തിയാക്കി വീട് വാസയോഗ്യമാവുമ്പോൾ 20%

വൈറ്റ് വാഷ് മറ്റു പ്രവൃത്തികൾ 10%

23 വീടുകളുടെയും പ്രവൃത്തി ആരംഭിച്ചു. ആദ്യഗഡു എല്ലാ ഗുണഭോക്താക്കൾക്കും നൽകിയിട്ടുണ്ട്. പ്രവൃത്തി പൂർത്തിയാക്കി ഐ.ടി.ഡി.പി.യെ അറിയിക്കുന്നവർക്ക് അടുത്ത ഗഡു എളുപ്പത്തിൽ അനുവദിക്കാനാവും.

ഐ.ടി.ഡി.പി അധികൃതർ

നിലമ്പൂർ

വാർത്ത വന്ന് ദിവസങ്ങൾക്കകം എല്ലാവർക്കും ഫണ്ട് അനുവദിച്ചു. ആദ്യഗഡുവും ലഭിച്ചു. ഇപ്പോൾ വീടുകളുടെ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

ചിത്ര, സാമൂഹ്യപ്രവർത്തക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIBAL HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL