
തൃശൂർ: 24മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുകയെന്ന സർക്കാർ ലക്ഷ്യം കൈവരിക്കാൻ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ സൃഷ്ടിക്കേണ്ടത് 27ലേറെ ഡോക്ടമാരുടെ തസ്തിക. നിലവിൽ 57ഡോക്ടർമാരാണുള്ളത്. ഡോക്ടർമാരുടെ തസ്തികയ്‌ക്കൊപ്പം അനുബന്ധ ജീവനക്കാർ കൂടി വേണ്ടിവരും. സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിഷ്‌കരണത്തിന് മുന്നോടിയായി തസ്തികകൾ സംബന്ധിച്ച് കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ തുടങ്ങി. രാവിലെ 8മുതൽ രാത്രി 8വരെ ഏഴ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഒ.പി സമയത്തിന് ശേഷവും രാത്രി എട്ടിന് ശേഷം ഓൺ കോൾ ഡ്യൂട്ടി സംവിധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് ജില്ലാ മെഡിക്കൽ ഓഫീസർ ഇതിനകം കത്ത് നൽകിക്കഴിഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന അവലോകന യോഗത്തിലും ഇതുസംബന്ധിച്ച കണക്കെടുപ്പ് വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ജീവനക്കാരും വേണം
ജില്ലയിലെ ഒരു ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സംവിധാനം നിലവിൽ വരുമ്പോൾ തൃശൂർ ജനറൽ ആശുപത്രിക്കാണ് പ്രഥമ പരിഗണന. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുണ്ടെങ്കിലും ഭരണസിരാകേന്ദ്രം എന്ന നിലയിലാണ് തൃശൂരിനെ പരിഗണിക്കുന്നത്. ഒരു ഡോക്ടർക്ക് 3 - 5 വരെ അനുബന്ധ ജീവനക്കാർ ആവശ്യമുണ്ടെന്നിരിക്കെ കുറഞ്ഞത് 60അനുബന്ധ ജീവനക്കാർ വേണ്ടിവരും. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ ഓരോ സ്‌പെഷ്യാലിറ്റി വിഭാഗത്തിലും ഏഴുവീതം ഡോക്ടർമാർ വേണമെന്നാണ് പ്രാഥമിക നിഗമനം. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഇ.എൻ.ടി വിഭാഗങ്ങൾക്ക് പുറമെ സൂപ്പർ സ്‌പെഷ്യാലിറ്റിയായ കാർഡിയോളജിയും തൃശൂർ ജനറൽ ആശുപത്രിയിലുണ്ട്. ന്യൂറോ, നെഫ്രോ വിഭാഗങ്ങളുടെ തസ്തികയും ഉണ്ടെങ്കിലും ഒഴിഞ്ഞുകിടക്കുകയാണ്.
പരിമിത കെട്ടിടസൗകര്യങ്ങളും
24 മണിക്കൂറും സ്‌പെഷ്യാലിറ്റി വരുന്നതോടെ രോഗികളുടെ ഒഴുക്ക് വർദ്ധിക്കുമെങ്കിലും കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതിയാകും. അമ്മയും കുഞ്ഞും കെട്ടിടം പൂർത്തിയായ ശേഷം 285 കോടി രൂപ കിഫ്ബി തുക ഉപയോഗിച്ച് മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിടം പൂർത്തീകരിച്ചാൽ മാത്രമേ സ്‌പെഷ്യാലിറ്റി സൗകര്യം പൂർണമായി നടപ്പാക്കാനാകൂ.
തൃശൂർ ജനറൽ ആശുപത്രിയിൽ
സ്പെഷ്യാലിറ്റി
വിഭാഗം.............ഡോക്ടർമാരുടെ എണ്ണം................അധികം വേണ്ടത്
ജനറൽ മെഡിസിൻ..............2.............................................5
ജനറൽ സർജറി......................4...........................................3
ഗൈനിക്................................6...........................................2
പീഡിയാട്രിക്സ്.......................4...........................................3
ഓർത്തോപീഡിക്സ്...............3........................................4
ഇ.എൻ.ടി...............................1..........................................6
സൂപ്പർ സ്പെഷ്യാലിറ്റി
കാർഡിയോളജി.....................2.....................................5
നെഫ്രോളജി...........................0......................................7
ന്യൂറോളജി.............................0.......................................7
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |