
പാലാ: പാഞ്ഞെത്തിയ കാറിന് മുമ്പിലേക്ക് അഭിലാഷ് ചാടിവീണപ്പോൾ അവിടെ തോറ്റുമടങ്ങിയത് മരണമാണ്. ആ മനോധൈര്യം ആരെയും അത്ഭുതപ്പെടുത്തി. പാലാ കൊട്ടാരമറ്റം ആർ.വി ജംഗ്ഷൻ സിനിമക്കഥയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങൾക്കും സാക്ഷ്യംവഹിച്ചു. കഞ്ചാവ് കടത്തുകാർ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പരിക്കേറ്റ ഡാൻസാഫ് സ്‌ക്വാഡ് അംഗം വിഴിക്കത്തോട് മുണ്ടക്കൽ അഭിലാഷ് എം.എസിന്റെ വാക്കുകളിൽ തന്റെ ജോലിയിലുള്ള ആത്മാർത്ഥത പ്രകടമാണ്. കാറുമായി എങ്ങനെയും രക്ഷപെടാമെന്ന കഞ്ചാവ് മാഫിയയുടെ കണക്കുകൂട്ടലാണ് അഭിലാഷിന്റെ മനോധൈര്യത്തിന് മുമ്പിൽ പൊലിഞ്ഞത്. കാർ കാലിലൂടെ കയറിയിറങ്ങിയിട്ടും തന്റെ കടമയിൽ നിന്ന് അഭിലാഷ് പിൻവാങ്ങിയില്ല. കഞ്ചാവുമായി ഒരു വെളുത്ത കാർ എറണാകുളം ഭാഗത്തുനിന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരം ഇന്നലെ രാവിലെയാണ് അഭിലാഷ് ഉൾപ്പെട്ട ഡാൻസാഫ് സംഘത്തിന് ലഭിച്ചത്. തുടർന്ന് സമയം പാഴാക്കാതെ ആർ.വി. ജംഗ്ഷനിലേക്ക് കുതിച്ചെത്തി കഞ്ചാവ് സംഘത്തെ പൂട്ടുകയായിരുന്നു.
ലഹരിക്കെതിരെ പതറാതെ
അഭിലാഷിന്റെ ധീരത പൊലീസിന് തന്നെ അഭിമാന നിമിഷമായി.
വിഴിക്കത്തോട് മുണ്ടക്കൽ കുടുംബാംഗമായ അഭിലാഷ് എം.എസ് കഴിഞ്ഞ മൂന്ന് വർഷമായി ഡാൻസാഫ് സംഘത്തിൽ പ്രവർത്തിച്ചുവരികയാണ്. ലഹരിക്കെതിരായ നിരവധി പൊലീസ് നടപടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇടതുകാലിന്റെ പാദത്തിന് ചതവും പൊട്ടലുമുണ്ട്. മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
എവിടെയെങ്കിലും കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അറിയിക്കണം. ലഹരിസംഘത്തെ പൂട്ടണം. കുട്ടികളെ ലഹരിയിൽ നിന്ന് രക്ഷിക്കണം.
അഭിലാഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |