SignIn
Kerala Kaumudi Online
Monday, 03 August 2026 10.55 AM IST

അച്ചടിക്കടലാസില്ല; ഷൊർണൂർ ഗവ. പ്രസ് പ്രതിസന്ധിയിൽ

press

ഷൊർണൂർ: അച്ചടിക്കടലാസ് യഥാസമയം ലഭ്യമല്ലാത്തത് കാരണം ഷൊർണൂർ കുളപ്പുള്ളിയിലെ സർക്കാർ പ്രസിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. മൂന്നാഴ്ചയായി അച്ചടിക്കടലാസ് ഇല്ലാത്തത് മൂലം പ്രസിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ പ്രസ് ആയിട്ടും ആ പരിഗണന ഷൊർണൂർ ഗവ. പ്രസിന് ലഭിക്കുന്നില്ലെന്ന് ജീവനക്കാരുടെ സംഘടന പറയുന്നു. ഇന്ന് 230 ൽ പരം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

അച്ചടി രംഗത്തെ ആധുനികവത്കരണ നടപടികൾ ഇല്ലാതായതും ജീവനക്കാരുടെ തസ്തികകൾ നികത്താതിരുന്നതും അച്ചടിക്കടലാസ് മറ്റു സാമഗ്രികൾ തുടങ്ങിയവ യഥാസമയത്ത് നൽകാതിരുന്നതും, സർക്കാർ മേഖലയിലെ അച്ചടി സ്വകാര്യ പ്രസുകൾക്ക് മറിച്ചു കൊടുക്കാനുള്ള പ്രവണത വളർന്നതും ഗവ. പ്രസിന് തിരിച്ചടിയായി. കെ. റെയിൽ ലഘുലേഖ അച്ചടിക്കാൻ സർക്കാർ സ്വകാര്യ പ്രസുകളെ സമീപിക്കാനൊരുങ്ങുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ജീവനക്കാരുടെ സംഘടന പറയുന്നു.

ചരിത്രം ഇങ്ങനെ

1960 ൽ സംസ്ഥാന സർക്കാരിന് കീഴിൽ ആരംഭിച്ചതാണ് ഷൊർണൂർ പ്രസ്. 1968ൽ 400ൽ പരം ജീവനക്കാരുമായി ഫിഫ്റ്റ് സമ്പ്രദായത്തിൽ പ്രതാത്തോടെയായിരുന്നു തുടക്കകാലം.
ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യവും ഒരുക്കി. ലെറ്റർ പ്രസ് സമ്പ്രദായത്തിൽ പ്രവർത്തിച്ച പ്രസ് പിന്നീട് അച്ചടി രംഗത്തെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനം മാറ്റി. സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കാവശ്യമായ മുഴുവൻ പാഠപുസ്തകങ്ങളും അച്ചടിച്ച് നൽകാൻ കഴിയുന്ന തരത്തിൽ പ്രസിന്റെ പ്രവർത്തനം നടന്നിരുന്നു. പിന്നീട് പതിയെ ഷൊർണൂർ ഗവ. പ്രസ് പടിയിറക്കം തുടങ്ങി.

ചുവപ്പ് നാടയിൽ കുടുങ്ങി
ഷൊർണൂർ ഗവ. പ്രസിന്റെ നവീകരണത്തിന് അനുവദിച്ച 60 ലക്ഷം രൂപ ചുവപ്പ് നാടയിലാണ്. റീൽ പേപ്പർ ഇറക്കുന്ന ഫോർ ലിഫ്റ്റിംഗ് മിഷീൻ അടക്കം ബാറ്ററി ഇല്ലാതെ തുരുമ്പെടുക്കുന്നു. ഷൊർണൂർ ഗവ. പ്രസിനെ സംരക്ഷിക്കാനുള്ള ഇടപെടൽ സർക്കാർ കൈക്കൊള്ളണമെന്ന് ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യൂണിറ്റ് പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL