SignIn
Kerala Kaumudi Online
Monday, 03 August 2026 2.54 AM IST

അപകട ഭീഷണിയിൽ കൂറ്റൻമരം 

6666

നെയ്യാറ്റിൻകര: കാറ്റുംമഴയും ശക്തമായതോടെ താലൂക്ക് ഓഫീസിന് മുന്നിൽ ആശുപത്രി ജംഗ്ഷനിലെ റോഡരുകിൽ സ്ഥിതി ചെയ്യുന്ന വ‌ർഷങ്ങൾ പഴക്കമുള്ള കൂറ്റൻമരം ഭീഷണിയാകുന്നു. നിരവധി യാത്രക്കാ‌ർ സഞ്ചരിക്കുന്ന ടൗണിലെ തിരക്കേറിയ റോഡാണിത്. ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, രണ്ട് ഹൈസ്കൂളുകൾ,കോടതികൾ, എക്സൈസ് ഓഫീസ്,എ.പി.പി ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവിടെ മൂട് ഉണങ്ങിയ അവസ്ഥയിലുള്ള കൂറ്റൻമരം നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.

1914-18 കാലഘട്ടത്തിൽ നെയ്യാറ്റിൻകരയിൽ നിന്നും യുദ്ധഭൂവിലേക്ക് പോയി തിരച്ചു വരാത്ത 174 ജവാന്മാരുടെ വീരമൃത്യുവിന്റെ സ്മാരകമായി സ്ഥാപിച്ച വീരസ്മതി കുടീരം ഈ കൂറ്റൻമരത്തിന് കീഴിലാണ്. കാറ്റിലോ മഴയത്തോടെ മരം കടപുഴകിയാൽ കാലങ്ങളായി സംരക്ഷിക്കുന്ന വീരസ്മൃതി ഇല്ലാതാകുമെന്ന് പരിസര വാസികൾ പറയുന്നു.കഴിഞ്ഞ ദിവസം ചേ‌ർന്ന താലൂക്ക് വികസന സമിതി യോഗം മരം മുറിച്ചു മാറ്റുവാൻ താലൂക്ക് ഓഫീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചരിത്ര സ്മാരകത്തിനും ഭീഷണി

മരത്തിന് സമീപത്തായാണ് എ.പി.പി ഓഫീസ് പ്രവ‌ർത്തിക്കുന്നത്. മരം കടപുഴകിയാൽ നെയ്യാറ്റിൻകരയുടെ മറ്റൊരു ചരിത്ര സ്മാരകമായ പഴയ പൊലീസ് സ്റ്റേഷനും തകരും. ബ്രിട്ടീഷ് ഭരണ കാലത്ത് നാട്ടിലെ റൗഡികളെ പിടികൂടി തടവിൽ പാ‌ർപ്പിച്ചിരുന്നതും അവരെ വിചാരണ ചെയ്തിരുന്നതും ഇതേ കെട്ടിടത്തിൽ വച്ചായിരുന്നു. പിന്നീട് കെട്ടിടം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനായി മാറി.

ഇതേ പോലെ വേറേയും

ഈ കൂറ്റൻ മരത്തോടൊപ്പം സമീപത്തായി ഏതാണ്ട് അര ഡസനിലേറെ മരങ്ങൾ ഉണങ്ങി നിൽപ്പാണ്. കാലപ്പഴക്കമേറിയ മരങ്ങൾ മുറിച്ചുമാറ്റി പകരം ഫലവൃക്ഷ തൈകൾ റോഡരുകിലുടനീളം വച്ചു പിടിപ്പിക്കാൻ കഴിഞ്ഞ നഗരസഭാ അധികൃതർ കൊണ്ടുവന്ന പദ്ധതി ഇനിയും വെട്ടംകണ്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL