അബുദാബി: സ്വന്തം ആരോഗ്യം മറന്ന് കുടുംബത്തിനായി കഷ്‌ടപ്പെടുന്നവരാണ് പ്രവാസികൾ. പലപ്പോഴും ജോലി സമ്മർദത്തിനിടെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് പോലും പലരും ചിന്തിക്കാറില്ല. അതിനാൽത്തന്നെ ചെറിയ രീതിയിലുണ്ടാകുന്ന രോഗങ്ങൾ ഇവർ അവഗണിക്കാറാണ് പതിവ്. ഇതിൽ ഭൂരിഭാഗംപേർക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് ഉയന്ന രക്തസമ്മർദം. എപ്പോഴും രോഗലക്ഷണങ്ങൾ കാണാത്തതിനാൽ ആരും ഈ രോഗം അത്ര കാര്യമാക്കാറില്ല. എന്നാൽ, ചെറിയ ലക്ഷണങ്ങൾ പോലും ഇനി അവഗണിക്കരുതെന്നാണ് യുഎഇയിലെ ഡോക്‌ടർമാർ പറയുന്നത്. വൃക്ക രോഗത്തിന്റെ ലക്ഷണമാകാം ഇതെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്.
യുഎഇയിൽ താമസിക്കുന്ന ഉയർന്ന രക്തസമ്മർദമുള്ള രോഗികൾ വൃക്കകളുടെ ആരോഗ്യം പരിശോധിക്കണം. രോഗനിർണയം വൈകുന്നത് വിട്ടുമാറാത്ത വൃക്കരോഗം, വൃക്ക തകരാർ, മറ്റ് ഗുരുതര പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് കാരണമാകുമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഉയർന്ന രക്തസമ്മർദമുള്ള 600 ദശലക്ഷംപേരിൽ ഏകദേശം 44ശതമാനംപേർക്ക് വൃക്കരോഗമുണ്ട്. എന്നാൽ, തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് അവർക്കറിയില്ല. രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് പലരും തിരിച്ചറിയുന്നത്. ആദ്യമേ ചികിത്സിച്ചില്ലെങ്കിൽ ഇത് വിട്ടുമാറാത്ത വൃക്കരോഗത്തിന് പോലും കാരണമാകും.
രോഗലക്ഷണങ്ങൾ ഇല്ലായ്‌മ, ജോലി സമയക്രമം, കുറഞ്ഞ പരിശോധനാ നിരക്ക് തുടങ്ങിയ കാരണങ്ങളാൽ തന്നെ പലരും ഉയർന്ന രക്തസമ്മർദവുമായി ജീവിക്കുകയാണ്. പ്രായമായവരെയാണ് രോഗം കൂടുതലും ബാധിക്കുന്നതെങ്കിലും ചെറുപ്പക്കാരിലും ഇത് വ്യാപകമായി കാണുന്നു. അമിതവണ്ണം, പ്രമേഹം, പുകവലി, വിട്ടുമാറാത്ത സമ്മർദം. ഹൃദ്‌രോഗ പാരമ്പര്യം എന്നിവയുള്ളവർ ഉറപ്പായും ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
Doctors in the UAE have warned expatriates not to ignore even mild symptoms, especially high blood pressure, as it could be an early sign of kidney disease. They recommend regular health check-ups and early screening to prevent chronic kidney disease, kidney failure, and other serious complications.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |