
തിരുവനന്തപുരം: നിലംപൊത്താവുന്ന ജീർണിച്ച മേൽക്കൂരയിൽ ടാർപോളിനും ഫ്ലക്‌സും വിരിച്ച് മഴയെ പ്രതിരോധിക്കുകയാണ് ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനിയിലെ താമസക്കാർ. ദളിതരും പിന്നാക്കക്കാരും വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. റേഷൻകാർഡും വോട്ടവകാശവും മാത്രമാണ് ഇവിടുത്തുകാർക്ക് ലഭ്യമായിട്ടുള്ളത്.
തേക്കിൻ തോട്ടമായിരുന്ന ആര്യനാട് കോട്ടയ്ക്കകത്തെ പന്ത്രണ്ടര ഏക്കർ ഭൂമിയിൽ 1977ലാണ് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 200 ഓടിട്ട വീടുകൾ പണിതത്. മാസത്തവണ വ്യവസ്ഥയിൽ നിശ്ചിത വായ്പാ തുകയുടെ തിരിച്ചടവ് പൂർത്തിയാകുമ്പോൾ ഉടമസ്ഥർക്ക് അവകാശ രേഖ നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് 200പേർ ബോർഡുമായി കരാറുണ്ടാക്കി വീടുകളിൽ താമസമാക്കി. എന്നാൽ വായ്പയടയ്ക്കാനാകാതെ താമസക്കാരിൽ ഭൂരിഭാഗവും ഒഴിഞ്ഞു. ചിലർ തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് പോയി.കുറച്ചുപേർക്ക് മാത്രമാണ് പട്ടയം ലഭിച്ചത്.
വായ്പയെടുക്കാനോ ഭൂമി കൈമാറ്റം ചെയ്യാനോ മക്കൾക്ക് ഇഷ്ടദാനം നൽകാനോ കഴിയില്ല. ആൾ താമസമില്ലാത്ത വീടുകളുടെ മേൽക്കൂരയെല്ലാം പറന്നുപോയി. ജന്നലുകളും വാതിലുകളും കള്ളൻമാരും കൊണ്ടുപോയി. പലയിടത്തും കാടുമൂടിയതോടെ കാട്ടുപന്നികളും ഇഴജന്തുക്കളും താവളമാക്കി.
സർക്കാർ പ്രോജക്ടിനും സ്ഥലം ആവോളം
വീടുകൾക്ക് പുറമെ,ചന്ത, ശ്മശാനം, അങ്കണവാടി,പമ്പ് ഹൗസ്, ക്ഷേത്രം എന്നിവ ഈ സ്ഥലത്തുണ്ട്. ഇവിടുത്തെ താമസക്കാർക്ക് നാല് സെന്റ് ഭൂമിയുടെ പട്ടയം നൽകുകയും പുതിയ വീട് പണിയാൻ സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്താൽ ശേഷിക്കുന്ന ആറ് ഏക്കറിലധികം വരുന്ന ഭൂമി ഏതെങ്കിലും സർക്കാർ സ്ഥാപനം സ്ഥാപിക്കാൻ ഉപയോഗപ്പെടുത്താനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |