SignIn
Kerala Kaumudi Online
Thursday, 24 September 2026 4.05 AM IST

കപ്പ് വേണ്ട, എനിക്കാ ബൊമ്മ മതി, പ്രണോയിയോട് കുഞ്ഞ് ഇഷിക

kk
എച്ച്.എസ്. പ്രണോയുടെ അമ്മ ഹസീന, അച്ഛൻ സുനിൽ കുമാർ, സഹോദരി പ്രയങ്കയുടെ മകൾ ഇഷിക എന്നിവർ

തിരുവനന്തപുരം: ബാങ്കോക്കിലെ ഇംപാക്ട് അരീനയിൽ തോമസ് കപ്പ് ആദ്യമായി നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിലെ സൂപ്പർ താരം എച്ച്.എസ് പ്രണോയ് സ്വർണ മെഡൽ കഴുത്തിലണിഞ്ഞപ്പോൾ ആഹ്ലാദ പൂത്തിരി നിറഞ്ഞത് ആക്കുളത്തെ 'തിരുമുറ്റ'ത്ത്. വലിയ ടെൻഷനിലായിരുന്നു ഇന്നലെ രാവിലെ പ്രണോയിയുടെ വീടായ തരുമുറ്റം. എന്നാൽ കരുത്തരായ ഇന്തോനേഷ്യയെ 3-0ത്തിന് അനായാസം കീഴടക്കി ഇന്ത്യ കിരീടം ഉറപ്പിച്ചപ്പോൾ ടെൻഷൻ മാഞ്ഞ് എല്ലാ മുഖങ്ങളിലും സന്തോഷച്ചിരി നിറഞ്ഞു. പിന്നെ പ്രണോയിയുടെ വിളിക്കായുള്ള കാത്തിരിപ്പിലായി പിതാവ് പി.സുനിൽകുമാറും മാതാവ് ബി.എസ് ഹസീനയും ഉൾപ്പെടുയുള്ള കുടുംബാംഗങ്ങൾ. വൈകിട്ട് അഞ്ച് മണിയോടെ സഹോദരി പ്രിയങ്കയുടെ ഫോണിലേക്ക് പ്രണോയിയുടെ വീഡിയോകൾ. ദീപുമാമന്റെ ഫോൺവന്നേയെന്ന് പറഞ്ഞ് ചാടിഫോണെടുത്തത് പ്രിയങ്കയുടെ മകൾ എട്ടുവയസുകാരി ഇഷിക. പ്രണോയിയുടെ വീട്ടിലെ പേരാണ് ദീപു. കപ്പൊക്കെ മാമനെടുത്തോ... പക്ഷേ അതിന്റെ കൂടെക്കിട്ടിയ കുഞ്ഞിപ്പാവ എനിക്ക് തന്നെ തരണേ... പ്രണോയിയോട് ഇഷിക നയം വ്യക്തമാക്കി. ഇഷികയുടെ ആവശ്യം കേട്ട് വീട്ടിലുള്ളവർ മാത്രമല്ല, പ്രണോയുടെ ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളും ചിരിച്ചു. ''മാമൻ മെഡൽ വാങ്ങുമ്പോൾ ഒപ്പം കിട്ടുന്ന പാവയിലാണ് എപ്പോഴും ഇവളുടെ കണ്ണ്. അങ്ങനത്തെ കുറെ പാവകളുടെ കളക്ഷൻ ഇവൾക്കുണ്ട്''- ഹസീന പറഞ്ഞു. സെമിഫൈനലായിരുന്നു ഏറെ ടെൻഷനടിപ്പിച്ചതെന്ന് പിതാവ് സുനിൽകുമാർ വ്യക്തമാക്കി.ആദ്യ സെറ്റിൽ തോറ്രതിനൊപ്പം പ്രണോയിക്ക് പരിക്കു പറ്റിയതോടെ ടെൻഷനായി. പക്ഷെ, അവൻ വിജയം നേടിയെടുത്തു'' പിതാവിന്റെ വാക്കുകളിൽ അഭിമാനം. എയർഫോഴ്സിലും ഐ.എസ്.ആർ.ഒയിലും ഉദ്യോഗസ്ഥനായിരുന്ന സുനിൽകുമാർ തന്നെയാണ് പ്രണോയിയുടെ ആദ്യഗുരു.

കുട്ടിക്കാലത്തു മത്സരങ്ങളിൽ തോറ്റാലും നിരശനാകില്ല. അന്നൊന്നും ബാഡ്മിന്റൺ ടൂർണമെന്റുകളൊന്നും ടി.വിയിൽ കാണിക്കാറില്ല. ലിൻ ഡാൻ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളുടെ മത്സരങ്ങളുടെ ഡി.വി.ഡി കണ്ടാണ് പ്രണോയി ടെക്നിക്കുകൾ മനസിലാക്കിയതെന്നും സുനിൽകുമാർ പറഞ്ഞു. ക്വാർട്ടറിലും സെമിയിലും നിർണായക ജയം നേടി ഇന്ത്യയുടെ രക്ഷകനായത് പ്രണോയി ആയിരുന്നു. പ്രണോയിക്കൊപ്പം മറ്റൊരു താരം അർജുൻ, പരിശീലന സംഘാംഗം യു.വിമൽകുമാർ എന്നിവരും ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമായി.

വിവാഹം ഉടനുണ്ടാകും

പ്രണോയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് സുനിൽകുമാർ അറിയിച്ചു. പലരും അവന്റെ വിവാഹത്തെ കുറിച്ച് ‌ചോദിച്ചു തുടങ്ങി. പ്രായം 29 ആയി. ഒരു വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും. അവന്റെ ഇഷ്ടത്തിനായിരിക്കും പ്രധാന്യം- അദ്ദേഹം പറ‌ഞ്ഞു.

''അവൻ വരുമ്പോൾ കെട്ടിപ്പിടിച്ചൊരു ഉമ്മ നൽകും. രാജ്യത്തിനു വേണ്ടി ഈ നേട്ടം സമ്മാനിച്ചതിന്. - ഹസീന, സുനിൽകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRANOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA