തിരുവനന്തപുരം: കേരളസർവകലാശാല മേയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എംകോം./എം.എസ്.ഡബ്ല്യൂ. (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 അഡ്മിഷൻ മുതൽ 2019 അഡ്മിഷൻ വരെ) (ന്യൂ ജനറേഷൻ കോഴ്സുകൾ ഒഴികെ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി, മേയ് 2022 (മേഴ്സിചാൻസ് - 2011 സ്കീം - 2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പരീക്ഷയ്ക്ക് ഓഫ്ലൈനായി പിഴകൂടാതെ ജൂൺ 7 വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
കേന്ദ്രസർവകലാശാല പി.ജി: അപേക്ഷ
ജൂൺ 18 വരെ
ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലേക്കുള്ള പി.ജി പൊതുപ്രവേശന പരീക്ഷയ്ക്ക് ജൂൺ 18വരെ അപേക്ഷിക്കാം. ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയുടെ വിശദാംശങ്ങളും അപേക്ഷയും cuet.nta.nic.inൽ. ജൂലായ് അവസാനവാരമാണ് കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്. അപേക്ഷയോടൊപ്പം ഫോൺനമ്പരും ഇമെയിൽ വിലാസവും കൃത്യമായി നൽകണം. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടാകില്ല. എൻ.ടി.എയുടെ വെബ്സൈറ്റ് ഇടയ്ക്കിടെ പരിശോധിച്ച് അപ്ഡേറ്റുകൾ അറിയണം. ജനറൽ, ഒ.ബി.സി, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ എന്നിവർക്ക് 800 ഉം എസ്.സി, എസ്.ടി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 350 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസില്ല. 42 കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനാണ് പൊതുപരീക്ഷ.
മലയാളം സർവകലാശാലയിൽ
എം.എ കോഴ്സുകൾ
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല എം.എ കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോറവും വിജ്ഞാപനവും www.malayalamuniversity.edu.inൽ. അവസാന തീയതി ജൂൺ 20 വരെ. അപേക്ഷാഫീസ് 450 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 225 രൂപ മതി. എം.എ കോഴ്സിൽ ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം/സാഹിത്യരചന/സംസ്കാര പൈതൃകം) ജേണലിസം & മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതി പഠനം, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യ സാഹിത്യപഠനവും വിവർത്തനപഠനവും എന്നിങ്ങനെ 11 വിഷയങ്ങളിലാണ് പഠനാവസരം.
ഓരോ കോഴ്സിലും 20 പേർക്കാണ് പ്രവേശനം. നാല് സെമസ്റ്ററുകളിൽ രണ്ടു വർഷത്തെ ഫുൾടൈം കോഴ്സുകളാണിത്. പ്രായപരിധി 28 വയസ്. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
സ്കൂൾ പ്രവേശനത്തിന് ഫീസ്
നടപടി ഉറപ്പെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ 1-8 വരെയുള്ള ക്ളാസുകളിലേക്കുള്ള പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസോ, സ്ക്രീനിംഗ് നടപടിക്രമമോ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു. ഇങ്ങനെയുള്ള കാര്യങ്ങൾ തുടർന്നാൽ കർശനമായ നടപടിയുണ്ടാകും. രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും ചില സ്കൂളുകളിൽ ടി.സി നൽകാത്തത് ശ്രദ്ധയിൽപ്പെട്ടതായും ടി.സി ആവശ്യപ്പെടുമ്പോൾ അടിയന്തരമായി നൽകണമെന്നും ഡയറക്ടറുടെ അറിയിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |