SignIn
Kerala Kaumudi Online
Saturday, 19 September 2026 4.06 PM IST

കനത്ത മഴയിൽ മണ്ണിടിഞ്ഞും മരംവീണും നാശനഷ്ടം, ഇടുക്കിയിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി, അഞ്ചു ദിവസം ശക്തമായ മഴ

p

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയിൽ പല ജില്ലകളിലും മരം വീണും മണ്ണിടിഞ്ഞും കടലാക്രമണത്തിലും നാശനഷ്ടങ്ങളുണ്ടായി. ഇടുക്കിയിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അടിമാലി ദേവിയാർപുഴയിൽ മീൻപിടിക്കുന്നതിനിടെ ഒഴുവാത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലാണ് (22) ഒഴുക്കിൽപെട്ടത്. തെരച്ചിൽ തുടരുന്നു. ഇന്നലെ രാവിലെ വീട്ടിലേക്ക് പിൻഭാഗത്തെ മൺതിട്ടയിടിഞ്ഞുവീണ് ഇടുക്കി കാമാക്ഷി കരിക്കുംതോളം കൊച്ചുപുരയ്ക്കൽ സ്‌കറിയയുടെ ഭാര്യ അച്ചാമ്മ (58) മണ്ണിനടിയിൽപെട്ടു. വീട്ടിലുണ്ടായിരുന്നവർ മണ്ണ് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. കൈയ്ക്ക് സാരമായി പരിക്കേറ്റു. മുരിക്കാശേരി പതിനാറാംകണ്ടം ചോട്ടുപുറത്ത് എത്സമ്മയുടെ വീടിന്റെ പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു. എൽസമ്മയും മൂന്നു കൊച്ചുമക്കളും കിടന്നുറങ്ങിയ കട്ടിലിലേക്കാണ് വീണത്. നിസാര പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

തൃശൂർ ഒല്ലൂർ തൃക്കൂരിൽ മരം വീണ് വേപ്പൂർ കാമ്പുഴ വേലായുധന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. പീച്ചി, വാഴാനി, പൂമല, പെരിങ്ങൽകുത്ത് ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് ഒരടിയിലേറെ ഉയർന്ന് 2341.92 ലെത്തി. കോട്ടയം കളത്തിപ്പടി പൊൻപള്ളി പള്ളിയ്ക്കു സമീപം വീടിനുമുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനു മുകളിൽ തെങ്ങ് കടപുഴകി വീണു. കളത്തിപ്പടി കിടാരത്തിൽ ജിനുവിന്റേതാണ് കാർ. കോഴിക്കോട്ടും കനത്ത മഴ തുടരുകയാണ്.

മദ്ധ്യ, വടക്കൻ ജില്ലകളിലാണ് അടുത്തദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുക. തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.

ഓറഞ്ച് അലർട്ട്

ഇന്ന്- ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

 ജൂലായ് 5- ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

 ആറിന്- ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്

ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട്

ജൂലായ് 5: പത്തനംതിട്ട, പാലക്കാട്, വയനാട്

ആറിന്: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

ഏഴിന്: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA