SignIn
Kerala Kaumudi Online
Saturday, 27 June 2026 3.06 PM IST

മോർ ഒസ്‌താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

osthasiyos

കോയമ്പത്തൂർ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബംഗളൂരു ഭദ്രാസനാധിപൻ മോർ ഒ‌സ്‌താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (59) കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്‌പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി ചികിത്സയിലായിരുന്നു.

തൃശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12ന് കുന്നുകുളം പുലിക്കോട്ടിൽ കുടുംബത്തിൽ പരേതനായ പി.സി. ചാക്കോയുടെയും സലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 3.30ന് ഉദയഗിരി വെട്ടിക്കൽ മോസ്റ്റ് സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലിൽ നടത്തുമെന്ന് ശ്രേഷ്ഠ കത്തോലിക്ക അബൂൺ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അറിയിച്ചു.

മദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ ഇംഗ്ലീഷ്, വെട്ടിക്കൽ എം.എസ്.ഒ.ടി സെമിനാരിയിൽ നിന്ന് ബാച്ചിലർ ഒഫ് തിയോളജിയും കൊൽക്കത്ത ബിഷപ്‌സ് കോളേജിൽ നിന്ന് ബി.ഡിയും ബംഗളൂരു ധർമ്മരം വിദ്യാക്ഷേത്രത്തിൽ നിന്ന് മാസ്റ്റർ ഒഫ് തിയോളജിയും കരസ്ഥമാക്കി. കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അംഗത്വം സ്വീകരിച്ചു.


വെട്ടിക്കൽ വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത പുണ്യശ്ലോകനായ മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയിൽ നിന്ന് 1993 ഡിസംബർ 19 ന് കോറൂയോ പട്ടവും 1995 ആഗസ്റ്റ് 6 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. 2006 ജൂലായ് മൂന്നിന് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ മോർ ഒസ്‌താത്തിയോസ് പത്രോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: METRAPOLITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA