SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.48 PM IST

പദ്ധതികൾക്ക് മന്ദഗതി, കണ്ണീരണിഞ്ഞ് കർഷകർ

kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികളിൽ പലതിന്റെയും തുടർപ്രവർത്തനം ഉദ്യോഗസ്ഥ വീഴ്ചമൂലം മുടങ്ങിയതോടെ കാർഷിക രംഗത്തുണ്ടായ കുതിപ്പ് മന്ദഗതിയിലായത് കർഷകരെ കണ്ണീരിലാഴ്ത്തുന്നു. പരിഹരിക്കാൻ ഭരണ നേതൃത്വത്തിന്റെ ഇടപെടലും കാര്യമായി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓരോ വർഷവും 2 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പാദന വർദ്ധന ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത് നിലനിറുത്താൻ കഴിയുന്നില്ല. കർഷക ക്ഷേമനിധി ബോർഡും 16 ഇനം കാർഷിക ഇനങ്ങൾക്ക് താങ്ങുവിലയും അടക്കം ആവിഷ്കരിച്ചെങ്കിലും അതെല്ലാം ത്രിശങ്കുവിലാണ്. പല വിളകൾക്കും താങ്ങുവില തുച്ഛമാണെന്ന് പരാതിയുണ്ട്.

കാർഷികോത്പന്നങ്ങളുടെ ഉത്പാദന ചെലവ് വർദ്ധിക്കുകയും വില വ്യതിയാനം കർഷകർക്ക് തിരിച്ചടിയായിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങൾക്ക് ഹോർട്ടികോർപ്പിൽ നിന്നും യഥാസമയം തുക ലഭ്യമാക്കുന്നില്ല. വിള നാശത്തിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സമാന സ്ഥിതി.

മന്ദഗതിയിലായ പ്രവർത്തനങ്ങൾ

1.അഗ്രോ ബിസിനസ് കമ്പനി

കാർഷിക വിളകൾ മൂല്യവർദ്ധന നടത്തി കർഷകർക്ക് 50% അധികം വരുമാനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച കേരള അഗ്രോ ബിസിനസ് കമ്പനിയുടെ (കാബ്‌കോ) ഭരണസമിതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനായില്ല. പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലും നടപടിയുണ്ടായില്ല.

2. പച്ചക്കറി ഉത്പാദനം

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉത്പാദിപ്പിച്ചിരുന്നത് 6.72 ലക്ഷം മെട്രിക് ടൺ പച്ചക്കറി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് അത് 15.5 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിച്ചു. ഓരോ വർഷത്തെയും വർദ്ധന രണ്ടുലക്ഷം മെട്രിക് ടൺ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇക്കാര്യത്തിൽ തുടർച്ച ഉണ്ടാക്കാനായില്ല.


3.ക്ഷേമ നിധി ബോർഡ്

കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിലും കാര്യമായ മുന്നേറ്റമില്ല. 20 ലക്ഷം കർഷകരെ അംഗമാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അംഗമായത് 14,000 പേർ മാത്രം.

4.താങ്ങുവില

പല കാർഷിക വിളകൾക്കും പ്രഖ്യാപിച്ച താങ്ങുവില തുച്ഛമാണെന്ന പരാതി പരിഹരിക്കാൻ നടപടിയില്ല. പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെന്നും കർഷകരുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA