പാരമ്പര്യ സിദ്ധമായ നാട്ടറിവും പാരമ്പര്യ ചികിത്സാ രീതിയും വഴി ആഗോള മലയാളി സമൂഹത്തിന് പരിചിതനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ പന്നിയോട് സുകുമാരൻ വൈദ്യർ
പന്നിയോട് സുകുമാരൻ വൈദ്യർ കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോൾ ഒരു ചരിത്രമാണ് മനസിൽ തെളിഞ്ഞു വരുന്നത്. എന്നാണ് ആദ്യമായി ആ പേര് കേൾക്കുന്നത്? കാണുന്നതോർമ്മയിലുണ്ട്- 90കളിൽ. ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികാലത്തെ സംഘർഷങ്ങളിലേറ്റ ശാരീരിക ക്ഷതങ്ങളാണ് വൈദ്യരുടെ അടുത്തെത്തിച്ചത്. കൈയിലെ നാഡി പിടിച്ച് എവിടെയാണ് തല്ലേറ്റതെന്ന് ഇങ്ങോട്ട് പറയുമ്പോൾ മനസിൽ അത്ഭുതമായിരുന്നു. കൗമാരത്തിളപ്പിൽ പാരമ്പര്യ വൈദ്യത്തോടൊക്കെ ഉണ്ടായിരുന്ന മുൻവിധി അലിഞ്ഞുപോയി തുടങ്ങി. കുടിച്ചിറക്കാൻ ആകാത്തത്ര കയ്പുള്ള മരുന്ന് പലർക്കും ജീവിതത്തിലേക്കുള്ള തിരിച്ചു വരവായി.
ഒരുപക്ഷേ, ഏറ്റവും കൂടുതൽ ഫോൺ വിളികൾ വൈദ്യരെ കുറിച്ചുള്ള അന്വേഷണങ്ങൾക്കായിരുന്നു. പല ചുമതലകളുടെ കാലത്തും അതുണ്ടായി. വിവിധ രാജ്യങ്ങളിൽ നിന്ന് വൈദ്യരുടെ അപ്പോയിന്റ്മെന്റിനുള്ള ശുപാർശകൾക്കായി വിളികളെത്തിയിട്ടുണ്ട്. കാട്ടാക്കടയ്ക്കു സമീപമാണ് പന്നിയോട് എന്ന ഗ്രാമമെന്നതാണ് അത്തരം വിളികൾക്കു കാരണം. അർബുദത്തിനും ഹൃദ്രോഗത്തിനും വൈദ്യരുടെ കൈയിൽ അത്ഭുത മരുന്നുണ്ടെന്ന് വിശ്വസിച്ചു വിളിച്ചവരിൽ ഡോക്ടർ സുഹൃത്തുക്കൾ വരെയുണ്ട്. ആധുനിക ശാസ്ത്രം കൈയൊഴിഞ്ഞ പലരും പന്നിയോട് ഗ്രാമം വഴി ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്ന സാക്ഷ്യങ്ങൾ അത്ഭുതമായിരുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിലെ പാരമ്പര്യ വൈദ്യ പരമ്പരയിലെ കണ്ണിയായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ സിദ്ധിച്ച നാട്ടറിവുകളും വാമൊഴികളും അദ്ദേഹത്തിന്റെ രോഗനിർണയത്തിലും ചികിത്സാ രീതിയിലും പ്രതിഫലിച്ചിട്ടുണ്ടാകാം. നാടിന്റെയാകെ യശസ് ഉയർത്തിയ അദ്ദേഹം നിരവധി വർഷങ്ങളായി ചികിത്സ നടത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധിപേർ വൈദ്യരെ തേടിയെത്തിയിരുന്നു. പാരമ്പര്യ വൈദ്യ ചികിത്സാ രംഗത്തെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
സാമൂഹ്യ സേവനം
പ്രിയപ്പെട്ട മാതാവിന്റെ നാമധേയത്തിൽ വയോജന പരിപാലനത്തിനായി ആരംഭിച്ച ട്രസ്റ്റ് അദ്ദേഹത്തിന്റെ സാമൂഹ്യ സേവന തത്പരതയുടെ സ്വയം സംസാരിക്കുന്ന മാതൃകയാണ്. ലൈഫ് ഭവന നിർമ്മാണ പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായി അവതരിപ്പിക്കപ്പെട്ട കാലം. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന ഭൂമി സൗജന്യമായി നൽകാൻ അദ്ദേഹം മുന്നോട്ട് വന്നു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കായി ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകാൻ പ്രസ്തുത ഭൂമി നൽകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കൊവിഡ് കാലത്ത് നേരിട്ട് കണ്ട് ഭൂമി സംബന്ധമായ രേഖകൾ കൈമാറി. പലർക്കും പ്രചോദനമായി മാറിയ മുൻകൈയായിരുന്നു അത്. സർക്കാരുദ്യോഗത്തിന് ശേഷം പാരമ്പര്യ സിദ്ധമായ നാട്ടറിവും പാരമ്പര്യ ചികിത്സാ പദ്ധതിയും വഴി ആഗോള മലയാളി സമൂഹത്തിന് പരിചിതനായിരുന്നു അദ്ദേഹം. അതേസമയംതന്നെ സമർപ്പിത മനസ്കനായ സാമൂഹൃ പ്രവർത്തകനെന്ന നിലയിൽ നാടിനഭിമാനവുമായ വ്യക്തിത്വം കൂടിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ പന്നിയോട് സുകുമാരൻ വൈദ്യർ.
വൈദ്യരുടെ ആശയം
പ്രാവർത്തികമാകട്ടെ
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കല്ലാമം വാർഡിൽ സുകുമാരൻ വൈദ്യർ സൗജന്യമായി നൽകിയ രണ്ടേമുക്കാൽ ഏക്കർ സ്ഥലത്താണ് മൂന്ന് നിലകൾ വീതമുള്ള ഫ്ലാറ്ര് സമുച്ചയങ്ങളിലായി 112 വീടുകളും രണ്ട് അങ്കണവാടികളും നിർമ്മിക്കുന്നതിനായി കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭ 24.99 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. ഒരുപാട് തടസങ്ങളെ അതിജീവിച്ചാണ് ഭരണാനുമതി ലഭ്യമായത്. എത്രയും വേഗം വൈദ്യർ മനസിൽ കണ്ട ആശയം പ്രാവർത്തികമാക്കേണ്ടതുണ്ട്. ലൈഫ് പദ്ധതിയെക്കുറിച്ച് ഉയരുന്ന ആശങ്കകൾ ഈ പദ്ധതിയെ ബാധിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |