SignIn
Kerala Kaumudi Online
Sunday, 19 July 2026 9.17 PM IST

അധികാരക്കൊതിയില്ലാത്ത 'ഭരതകഥ'

1



മാനവികതയുടെ മഹനീയചിത്രമാണ് രാമായണത്തിലെ രാജർഷിയായ ഭരതൻ. ഭരതൻ ഭരിച്ച ഭാരതത്തിന്റെ രാജശ്രീ (രാജ്യശ്രീ ), വർത്തമാനകാലത്തെ കലുഷിതമായ സാഹചര്യത്തിലും നഷ്ടപ്പെടാതെയിരിക്കുന്നത് പൂർവസൂരികളായ മഹാസുകൃതികളുടെ കർമ്മപുണ്യഫലം. തനിക്ക് അർഹമായത് പോലും അകറ്റിനിറുത്തിയ ഭരതൻ ആത്മചൈതന്യത്തിന്റെ പ്രതീകമാണ് .

ആരെയും എങ്ങനെയും ഹനിച്ച് അധികാരം കൈക്കലാക്കാൻ അതിവ്യഗ്രത പുലർത്തുന്ന സാമൂഹിക അപചയത്തിന് മുന്നിൽ ആദർശപരതയുടെ അലംഘനീയ മാതൃക!.

ബഹുജന ഹിത, സുഖങ്ങൾക്കായി തനിക്ക് അനായാസം സ്വായത്തമാക്കാവുന്നതെല്ലാം ഉപേക്ഷിച്ചു. 'അഗ്രജനെയും കൊണ്ടേ ഞാൻ ഇനി അയോദ്ധ്യയിലേക്കുള്ളൂ" വെന്ന് പ്രഖ്യാപിച്ച് ശ്രീരാമചന്ദ്രന്റെ വനവാസക്കാലമായ പതിന്നാലുവർഷം ഭരതൻ കഴിഞ്ഞുകൂടിയത്, 'നന്ദികേശ്വരൻ' അവതരിച്ച തീർത്ഥസ്ഥാനമായ വിഖ്യാതമായ 'നന്ദി ഗ്രാമ"ത്തിലാണ്. കൗസല്യാത്മജനും ദശരഥരാജന്റെ സീമന്തപുത്രനുമാണ് ശ്രീരാമചന്ദ്രനെന്നിരിക്കെ ദശരഥന് കൈകേയിയിൽ ജനിച്ച പുത്രനായ ഭരതന് രാജ്യം നൽകാൻ 'അമ്മ കാണിച്ച വ്യഗ്രതയിൽ കോപാഗ്നിയിലാഴുന്ന ഭരതൻ, തനിക്കത് അനർഹമാണെന്ന് സ്വയം മനസിലാക്കുന്നു. ഗുരുത്വസീമ ഒരിക്കലും ലംഘിക്കരുതെന്ന് മനസിലാക്കുന്ന ഭരതൻ എന്നും മനുഷ്യസമൂഹത്തിന് ചൂണ്ടുപലകയാണ് .
വക്രമായ മനോഗതികളെ സ്വകീയമായ ചിന്താസൗന്ദര്യം കൊണ്ട് എങ്ങനെ നിഹനിക്കണമെന്ന് പഠിപ്പിക്കുന്നു . ശ്രീരാമചന്ദ്രൻ തിരികെ വരുംവരെ ഫലമൂലാദികൾ ഭക്ഷിച്ച്, ജഡാവൽക്കലം പൂണ്ട് മുനിവേഷത്തിൽ മണ്ണിൽത്തന്നെയേ ഉറങ്ങുകയുള്ളൂവെന്ന് ശപഥം ചെയ്യുന്ന ഭരതനെ ആരാണ് നമിക്കാത്തത് !.

ജ്യേഷ്ഠന്റെ പാദപതനങ്ങളെ സദാ ശ്രവിച്ചും മനസാ സ്മരിച്ചും സ്വകർമ്മം അനുസരിച്ചും കഴിയുന്നു . തന്റെ ഈശ്വരനായ ജ്യേഷ്ഠനെ - ശ്രീരാമചന്ദ്രനെ - പിന്തുടർന്ന ഭരതൻ സഹോദരസ്നേഹത്തിന്റെ അത്യുത്കൃഷ്ട മാതൃകയുമാണ്. കാനനഗഹ്വരത്തിലേക്കുപോയ ജ്യേഷ്ഠന്റെ പവിത്രപാദുകങ്ങളെ ശിരസാ നമിച്ച് , മനസ് കൊണ്ട് ആ പാത പിന്തുടർന്ന് നാമമാത്രമെന്നോണം രാജ്യഭാരമേറ്റെടുത്ത ഭരതൻ. 'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം" എന്ന് ദീർഘദർശിത്വമുണ്ടായിരുന്ന ഭരതൻ അവിവേകത്തിന് അടിപ്പെട്ടില്ല. ഇവിടെ 'ഭരതകഥ" രാമായണത്തിലെ ആസ്വാദന സുഗന്ധനിഷ്യന്ദിയായ ഒരേടാകുന്നു, ഭാരതകഥയുടെ സൗന്ദര്യശിപ്പങ്ങളിലൊന്നുമായി !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHARATHAKATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION