
ലീഗ് നേതാക്കന്മാർ ക്ഷണിച്ചാൽ പോകുന്ന പാർട്ടിയല്ല സി.പി.ഐ. മുന്നണി മാറ്റത്തിനുള്ള സാധ്യത വിദൂരം
-------------------------------
എൽ.ഡി.എഫിന്റെ മുഖം പിണറായിയുടെ മുഖം മാത്രമല്ലെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരൻ. കൂട്ടായ നേതൃത്വമാണ് എൽ.ഡി.എഫിനുള്ളതെന്ന് ജനങ്ങൾക്ക് കൂടി തോന്നണം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനമെന്ന സി.പി.ഐ ആവശ്യം അടഞ്ഞ അദ്ധ്യായമെന്ന് പറയാൻ പിണറായി വിജയന് അധികാരമില്ല. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു.
എന്തുകൊണ്ടാണ് ഉപനേതാവ് സ്ഥാനത്തിൽ സി.പി.ഐ വാശിപിടിക്കുന്നത് ?
രാഷ്ട്രീയ പങ്ക് നിർവഹിക്കാൻ കഴിയുന്ന പ്രാധാന്യം ഇടതുമുന്നണിയിൽ സി.പി.ഐക്ക് ഉണ്ടാകണം. എൽ.ഡി.എഫിന്റെ അഭിപ്രായം പറയുമ്പോൾ സി.പി.ഐയുടെ അഭിപ്രായം പരിഗണിക്കുന്നില്ല. ഏകപക്ഷീയമായി എൽ.ഡി.എഫിന്റെ അഭിപ്രായങ്ങൾ ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നും ഉണ്ടാകുന്നു. അതിൽ പാർട്ടി അണികൾക്ക് വലിയ അമർഷമുണ്ട്. സി.പി.ഐ സംസ്ഥാന കമ്മിറ്റി ചർച്ച നടത്തിയാണ് എൽ.ഡി.എഫിന്റെ പ്രവർത്തനം കുറച്ചുകൂടി ജനകീയമാകണമെന്ന് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടത്.
പിണറായിക്കെതിരെയുള്ള വിമർശനത്തിന് പിന്നിലെ പ്രകോപനം എന്താണ്
സി.പി.ഐയുടെ ആവശ്യം പരിഗണിക്കേണ്ട കാര്യമില്ല എന്നു പറയുന്നതിനോടാണ് എതിർപ്പ്. പിണറായി വിജയന്റെ ഭാഷയോടാണ് എതിർപ്പുള്ളത്. സി.പി.എമ്മും പിണറായിയും ശൈലി മാറ്റുമെന്ന് പറയുന്നതല്ലാതെ അത് മാറ്റാൻ ശ്രമിക്കുന്നില്ല. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് എൽ.ഡി.എഫ് കൺവീനർ പറഞ്ഞത്. ഞങ്ങളുടെ നിലപാടും അതു തന്നെയാണ്. ഉപനേതാവ് സ്ഥാനത്തിൽ എതിരായി നിൽക്കുന്നത് പിണറായി വിജയൻ മാത്രമാണ്.
ഉപനേതാവ് പദവി വളരെ ചെറിയ ഒരു പദവിയല്ലേ?.
ഉപനേതാവ് പദവിയിൽ ഒന്നുമില്ല. ഒരു അധികാരവും പേഴ്സണൽ സ്റ്റാഫും പ്രോട്ടോക്കോളുമില്ല. ഉപനേതാവ് സ്ഥാനം ഒരു രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ്.
പിണറായിയെക്കുറിച്ച് പുസ്തകത്തിലെഴുതിയത് വിവാദമായി. ഇപ്പോൾ വീണ്ടും നേരിട്ട് വിമർശിക്കുന്നു.
അദ്ദേഹവുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ?
പിണറായി വിജയനെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നു. പക്ഷെ പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയും. എന്റെ പാർട്ടി ഒരു അഭ്യർത്ഥന നടത്തിയപ്പോൾ അതിനെ പൂർണമായി നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തത്. ആ അധ്യായം അടച്ചിരിക്കുകയാണ് അദ്ദേഹം. പിണറായി സർക്കാരിന്റെ അവസാന നാളുകളിലുണ്ടായ അപശബ്ദങ്ങളാണ് ഇത്രയും ആഴമേറിയ പരാജയമുണ്ടാകാൻ കാരണം.
സി.പി.എം നേതാവ് സി.എൻ.മോഹനൻ സി.പി.ഐയെ വിമർശിച്ച് ലേഖനം എഴുതിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
സി.പി.ഐ കോൺഗ്രസിനൊപ്പമായിരുന്നു, അടിയന്തരാവസ്ഥയെ പിന്തുണച്ചു എന്നൊക്കെ ലേഖനം എഴുതുന്നത് വിഷയദാരിദ്ര്യം കൊണ്ടാണ്. അതിനൊക്കെ ഇപ്പോൾ എന്താണ് പ്രസക്തി. തങ്ങളുടെ ഭൂതകാലം മോശമാണെന്ന് തെളിയിക്കുന്ന മഹാന്മാരാണ് ഇവർ.
സി.പി.ഐയെ മുസ്ളീംലീഗ് പ്രശംസിച്ചിരിക്കുകയാണല്ലോ?
ലീഗ് നേതാക്കന്മാർ ക്ഷണിച്ചാൽ പോകുന്ന പാർട്ടിയല്ല സി.പി.ഐ. മുന്നണി മാറ്റത്തിനുള്ള സാധ്യത വിദൂരമാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന് തിരിച്ചടി ഉണ്ടായി എന്നതല്ലാതെ അടിത്തറ തകർക്കാൻ ആർക്കും സാധ്യമല്ല. ഉപനേതാവ് പദവി ചോദിച്ചു. എന്തുവേണമെന്ന് സി.പി.എം ആലോചിച്ച് മറുപടി പറയേണ്ടതാണ്. ഈ വിഷയം അപ്പോൾ അവസാനിപ്പിക്കും. യുദ്ധത്തിനോ പരസ്പരം ഏറ്റുമുട്ടാനോ ബദൽ രാഷ്ട്രീയമുണ്ടാക്കാനോ ഇപ്പോൾ തയ്യാറല്ലെന്നും സി.ദിവാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |