SignIn
Kerala Kaumudi Online
Sunday, 30 August 2026 1.32 AM IST

താമരശ്ശേരി ചുരത്തിൽ നിന്നുളള സങ്കടങ്ങൾ

a

താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കും തിരിച്ചുമുളള യാത്ര ഒരു ഭാഗ്യമാണ്. എത്തിയാൽ എത്തി.ലക്ഷ്യ സ്ഥാനത്ത് എത്തണമെങ്കിൽ ചുരുങ്ങിയത് ഒരു മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്ര ചെയ്യണമെന്ന് സാരം. അത്രക്കും ഗതാഗത കുരുക്കാണ് ചുരം മേഖലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഓണാവധിക്കാലത്തെ വാഹനങ്ങളുടെ എണ്ണക്കൂടുതൽ കുറച്ചൊന്നുമല്ല. യന്ത്രത്തകരാറിനെത്തുടർന്ന് വാഹനങ്ങൾ ചുരം മേഖലയിൽ കുടുങ്ങുന്നത് നിത്യ സംഭവം. ഇന്ന് ,ചുരം മേഖലയിലൂടെയുളള യാത്ര പൂർത്തിയാകുമ്പോൾ ഉളളിന്റെ ഉളളിൽ നിന്ന് നാം പോലും അറിയാതെ പറഞ്ഞ് പോകും, ഹാവു രക്ഷപ്പെട്ടു എന്ന്. അതാണ് താമരശ്ശേരി ചുരത്തിലെ ഇന്നത്തെ അവസ്ഥ. ഒരോ സെക്കൻഡിലും വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്ന് പോകുന്നു.അതിനിടെ വലിയ ഭാരവാഹങ്ങൾ വേറെയും. ഒരു വാഹനം ഒന്ന് കേടായാൽ മതി.പിന്നെ പെട്ടു. ഭാരവാഹനങ്ങൾ അടക്കം ചുരത്തിൽ കേടാവുന്നത് നിത്യ സംഭവം. അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദൂര ദിക്കുകളിൽ നിന്ന് വളരെ അത്യാവശ്യമായി വരുന്നവരും പോകുന്നവരും. ഈ ഓണക്കാലത്ത് ചുരത്തിൽ അകപ്പെടാത്തവരായി എത്ര പേരുണ്ടാകും‌?.അതും മണിക്കൂറുകൾ.പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ, ജലപാനത്തിന് പോലും വഴിയില്ലാതെ കൊച്ച് കുട്ടികളെയുമായി ചുരത്തിൽ വാഹനത്തിൽ മണിക്കൂറുകൾ കുടുങ്ങിയവർ കുറച്ചൊന്നുമല്ല. ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് തുടർന്ന് കൊണ്ടേയിരിക്കുന്നു. ആരെ പഴിക്കും?.അറിയില്ല. ചുരത്തിലെ ഗതാഗത കുരുക്കും തീരാ ദുരിതവും തുടരുന്നു.വിദഗ്ദ ചികിത്സ ലഭിക്കണമെങ്കിൽ ഇപ്പോഴും വയനാട്ടിലുളളവർക്ക് കോഴിക്കോടിനെ ആശ്രയിക്കണം. കോഴിക്കോടിനെ ലക്ഷ്യം വച്ച് ബീക്കൺ ലൈറ്റുമിട്ട് സൈറൺ മുഴക്കി പായുന്ന ആംബുലൻസുകളുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല.കൂടുന്നേയുളളു. ചുരത്തിലെ ഗതാഗതകുരുക്കും മാർഗ്ഗ തടസവും കാരണം എത്രയെത്ര വിലപ്പെട്ട ജീവനുകളാണ് പൊലിയുന്നത്. ഇതേക്കുറിച്ച് ആര് ചിന്തിക്കാൻ.

ഗതാഗത തടസം;വീർപ്പ് മുട്ടുന്ന ചുരം പാത

കോഴിക്കോട് ജില്ലയിൽ പശ്ചിമഘട്ടത്തിന് കുറുകെ സ്ഥിതി ചെയ്യുന്ന താമരശ്ശേരി ചുരം കോഴിക്കാട് കൊല്ലഗൽ ദേശീയപാത 766 ന്റെ ഭാഗമാണ്.താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ ചുരം പാതയിൽ കഠിനമായ 9 ഹെയർപിൻ വളവുകളുണ്ട്. ലക്കിടിയാണ് വയനാടിന്റെ അതിർത്തി.സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി ഉയരമുണ്ട്.

ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാം. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കോഴിക്കോട്ടെ കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ഒരു മനോഹര വിരുന്ന്.

കേരളത്തിന്റെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങൾക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുർ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കർണ്ണാടക വനം ഭാഗത്തു രാത്രി നിരോധനം ഏർപ്പെടുത്തിയതിനാൽ വളരെ ക്രമീകരണങ്ങൾ നടത്തിയും ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് കേരളത്തിലേതടക്കം യാത്രക്കാർ കടന്നു പോവുന്നത്.ചുരത്തിൽ സ്ഥിരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്നത് കർണ്ണാടകയിലേക്കുളള യാത്രയും പ്രതിസന്ധിയിലാക്കുന്നു. രാത്രിയാത്രാ നിരോധനം ഉളളത് കൊണ്ട് രാത്രി ഒമ്പത് മണി കഴിഞ്ഞാൽ മുത്തങ്ങ വഴി കർണ്ണാടകയിലേക്ക് കടക്കാൻ പറ്റില്ല.പിന്നെ കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് മാനന്തവാടി തോൽപ്പെട്ടി കുട്ട വഴി വേണം കടന്ന് പോകാൻ. ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത കുരുക്ക് ഉണ്ടാകുന്നതും ഇവിടെ നിത്യ സംഭവം.വീതി കൂട്ടലുകൾ അടക്കമുളള നിർമ്മാണ പ്രവർത്തനങ്ങൾ ചുരത്തിൽ നടക്കുന്നുണ്ട്. ഇത് വർഷകാലത്ത് നടത്തേണ്ട പ്രവർത്തിയല്ല. ചുരം ഇടിയുന്നതിന് ഇത് കാരണമാകുന്നുണ്ട്. താമരശ്ശേരി ചുരം എന്നും ഒരു കറവപ്പശുവാണ്. നിർമ്മാണ ജോലി ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ചുരം റോഡ് യാത്ര എന്നും തലവേദന തന്നെ. താമരശ്ശേരി ചുരം പാത ഗതാഗതകുരുക്ക് ഉണ്ടാകുമ്പോൾ കുറ്റിയാടി പക്രംതളം ചുരം റോഡിനെയാണ് കോഴിക്കോട് ജില്ലയിൽ നിന്നുളളവർ അധികവും ഉപയോഗിക്കുന്നത്. കുറ്റിയാടി ചുരം പാതയും

ഗതാഗതകുരുക്കിൽ വീർപ്പ് മുട്ടുന്നു. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പേര്യ ചുരവും ബോയ്സ് ടൗൺ പാൽചുരം റോഡും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഈ കാലവർഷത്തിൽ രണ്ട് തവണ പാൽചുരം ബോയ്സ് ടൗൺ ചുരം പാതയിൽ വൻ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടു.പേര്യ ചുരത്തിലും ഇത് തന്നെയായിരുന്നു അവസ്ഥ. വയനാട്ടിലെ ജനങ്ങൾക്ക് കോഴിക്കോട്, കണ്ണൂർ ജില്ലകൾ വഴി ബാഹ്യലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായത്. ഈ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു.ചുരമില്ലാ ബദൽ റോഡുകളുടെ പ്രസക്തി വർദ്ധിക്കുകയാണ്. വയനാട്ടിലേക്ക് നിരവധി ബദൽ റോഡുകളുണ്ട്. എന്നാൽ വനത്തിന്റെ പേരിൽ എല്ലാം തടസപ്പെട്ട് നിൽക്കുന്നു. വയനാട്ടിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുളള ആനക്കാംപൊയിൽ കളളാടി തുരങ്കപാത നിർമ്മാണം ആരംഭിച്ചതായിരുന്നു. തുരങ്കപാത നിർമ്മാണത്തിനിടെയാണ് വയനാട്ടിലെ കളളാടി മേഖലയിൽ കഴിഞ്ഞ മാസം മണ്ണിടിച്ചിൽ ഉണ്ടായത്. എട്ട് ജീവനുകൾ പൊലിഞ്ഞു. അതോടെ തൽക്കാലത്തേക്ക് നിർമ്മാണ പ്രവർത്തി നിർത്തി വച്ചു. തുരങ്കപ്പാത നിർമ്മാണം നിർത്തിവെക്കണമെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നു. ഇടത് മുന്നണി സർക്കാരിന്റെ ഒരു സ്വപ്നപദ്ധതിയായിരുന്നു തുരങ്കപ്പാത.

കരിന്തണ്ടൻ കാണിച്ച പാത

പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വയനാട്ടിലേക്ക് കൊളോണിയൽ വ്യാപനം ആരംഭിച്ചപ്പോൾ റോഡ് ആവശ്യമായി വന്നു.റോഡിനായി സർവേ ചെയ്യാൻ അവർ എൻജിനീയർമാരുടെ ഒരു സംഘത്തെ അയച്ചു.കരിന്തണ്ടൻ എന്ന ഗോത്ര തലവന്റെ സഹായമാണ് കമ്പനി തേടിയത്.ചുരം കണ്ടെത്തിയതിന്റെ ബഹുമതി സ്വന്തമാക്കാൻ ആഗ്രഹിച്ച ബ്രിട്ടീഷുകാർ കരിന്തണ്ടനെ പാറക്കെട്ടിൽ നിന്ന് തള്ളിയിട്ട് കൊന്നുവത്രെ.കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിട്ടതെന്ന് കരുതുന്ന ഒരു ചങ്ങല മരം ഇന്നും ചുരം കയറി എത്തുന്ന ലക്കിടിയിൽ കാണാം.ഗോത്ര വിഭാഗമായ പണിയ ജനത തങ്ങളുടെ നേതാവിനെ വീരനായകനും തങ്ങളുടെ നാടിന്റെ സംരക്ഷകനുമായി ഇന്നും കരുതി ആരാധിക്കുന്നു.അത് ഇപ്പോഴും വയനാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമായി നിലകൊളളുന്നു.2015 ൽ, അദ്ദേഹത്തിന്റെ ഓർമ്മകളെ ആദരിക്കുന്നതിനായി ചുരത്തിൽ കരിന്തണ്ടന്റെ പ്രതിമ നിർമ്മിക്കാനുള്ള പദ്ധതികൾ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു.ഇതിനെതിരെയും എതിർപ്പുണ്ടായി.വയനാടിന്റെ വഴികാട്ടിയായ കരിന്തണ്ടന്റെ പേരിലുളള ചങ്ങല മരം കാണാനും സന്ദർശകർ ധാരാളം എത്തുന്നു.നാട് വികസിച്ചു,ജനങ്ങളും.പക്ഷെ വയനാട്ടിലേക്കുളള തടസമില്ലാത്ത ഒരു സഞ്ചാര പാത അതിന്നും യാഥാർത്ഥ്യമായില്ല.തടസമില്ലാത്ത, സുന്ദരമായ ഒരു പാത. അതിന് വഴികാട്ടാനായി ഇനിയും ഒരു കരിന്തണ്ടൻ ഇവിടെ വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY