
വിഴിഞ്ഞം സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായി മാറിയതോടെ ലോകം നമ്മുടെ കൈയ്യകലെയാണ്. ലോകത്തെ 107തുറമുഖങ്ങളിലേക്ക് നേരിട്ട് സർവീസുള്ള രാജ്യത്തെ ഏകതുറമുഖമാണ് വിഴിഞ്ഞം. ഏത് കൂറ്റൻകപ്പലും അടുപ്പിക്കാം. കയറ്റുമതി തുടങ്ങിയതോടെ ലോകവിപണിയിലേക്ക് കേരളത്തിന് വഴിതുറന്നിരിക്കുകയാണ്. കേരളത്തിന്റെ കാർഷികോത്പന്നങ്ങളും മത്സ്യവിഭവങ്ങളും ഭക്ഷ്യവിഭവങ്ങളുമടക്കം കയറ്റുമതി ചെയ്യാനാവും. വിഴിഞ്ഞത്തെ കേരളത്തിന്റെ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതാണ് ഇനി നമുക്ക് മുന്നിലുള്ള വെല്ലുവിളി.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ്. ആദ്യ കയറ്റുമതി കണ്ടെയ്നർ വിഴിഞ്ഞത്തു നിന്ന് 28ദിവസം കൊണ്ട് സ്പെയിനിലെ വലൻസിയയിലെത്തും.കൊച്ചി, തൂത്തുക്കുടി വഴി നിലവിൽ 60ദിവസം വരെയെടുക്കും.
കൊച്ചിയിൽ കണ്ടെയ്നറെത്തിക്കാൻ ട്രെയിലർ വാടകമാത്രം 40000രൂപയാവും. നാലഞ്ച് ദിവസം അവിടെ കാത്തുകിടക്കണം. കൊച്ചിയിൽ ഫീഡർവെസലെത്തും, മദർവെസലില്ല. അതിൽ കയറ്റി കൊളംബോയിലേക്കോ ദുബായിലേക്കോ പോവും. അവിടെ കണ്ടെയ്നർ ഇറക്കിവയ്ക്കും. അവിടെ പത്തു ദിവസം വരെ കാത്തിരിക്കണം. അവിടെ നിന്ന് മറ്റൊരു മദർവെസലിൽ കണ്ടെയ്നർ ലോഡ് ചെയ്യും. അത് സ്പെയിനിലേക്ക് നേരെ പോകണമെന്നില്ല. അവർ പല തുറമുഖങ്ങളിലും കണ്ടെയ്നർ ഇറക്കിവയ്ക്കാം. സ്പെയിനിലെ വലൻസിയയിലെത്താൻ 50മുതൽ 60ദിവസം വരെയെടുക്കും.
വിഴിഞ്ഞത്തുനിന്ന് എം.എസ്.സി മേരി-ലെസ്‌ലി എന്ന മദർവെസലിൽ നേരേ പോവുന്നത് സ്പെയിനിലെ ലാസ്പാമാസ് തുറമുഖത്തേക്കാണ്. അവിടെ നിന്ന് വലൻസിയയിലേക്ക്. ഇതിനെല്ലാം കൂടി 28ദിവസംമതി. വിപ്ലവകരമായ മാറ്റമാണിത്.
തിരുവനന്തപുരത്തിനും കേരളത്തിനും മാത്രമല്ല, രാജ്യത്തിനാകെ വിഴിഞ്ഞം ഉണ്ടാക്കുന്ന നേട്ടം വളരെ വലുതായിരിക്കും.
അഞ്ച് വർഷത്തിനകം തിരുവനന്തപുരത്ത് 50ലേറെ ശീതീകരിച്ച ഭക്ഷ്യസംസ്കരണ യൂണിറ്റുകളുണ്ടാവും. ഇതിന്റെ ഇരട്ടിയാവും തമിഴ്നാട്ടിലുണ്ടാവുക. നാവായിക്കുളം വരെ ഔട്ടർ റിംഗ് റോഡിന്റെ ഇരുവശത്തും വ്യവസായ ആവാസവ്യവസ്ഥയുണ്ടാവും. കണ്ടെയ്നർ സർവൈലിംഗ് ഏജൻസികൾ, ക്ലിയറിംഗ്- ഫോർവേഡിംഗ് ഏജൻസികൾ, ഡസനിലേറെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവയെല്ലാം വരും. വലിയ കപ്പലുകളിൽ കണ്ടെയ്നറുകളെത്തിച്ച് ചെറിയ കപ്പലുകളിൽ കൊണ്ടുപോവുന്ന ട്രാൻസ്ഷിപ്പ്മെന്റായിരുന്നു ഇതുവരെ. ഇനിയാണ് തുറമുഖത്തിന്റെ പ്രയോജനം നമ്മൾ കാണാനിരിക്കുന്നത്. പക്ഷേ, അനുബന്ധ വികസനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കണം. കയറ്റുമതിക്കായി വിഴിഞ്ഞത്തിന് ചുറ്റും ഡസൻ കണക്കിന് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, ലോജിസ്റ്റിക്സ് പാർക്കുകൾ വരുന്നതോടെ വിഴിഞ്ഞത്തിന് ചുറ്റും പുതിയ ലോകം തുറക്കും. നാവായിക്കുളം വരെ വ്യവസായങ്ങളുടെ പരമ്പരയായിരിക്കും. തമിഴ്നാട്ടിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയുള്ളതിനാൽ ലാർജ് ഇൻഡസ്ട്രികൾ അവിടെയായിരിക്കും.
മികച്ചത് വരാനിരിക്കുന്നു
വിഴിഞ്ഞത്തിന്റെ കഥ ഇപ്പോൾത്തന്നെ അവിശ്വസനീയമാണെന്നും അതിന്റെ ഏറ്റവും മികച്ച അധ്യായങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദാനി പോർട്സ് സി.ഇ.ഒ അശ്വനി ഗുപ്ത പറയുന്നു. കേരളത്തിന്റെ കഴിവുകളെയും ഇന്ത്യയുടെ സംരംഭകത്വത്തെയും കോടിക്കണക്കിന് ആളുകളുടെ ആഗ്രഹങ്ങളെയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന കവാടമാണ് വിഴിഞ്ഞം. വികസനത്തിന്റെയും പുരോഗതിയുടെയും മാതൃകയായി കേരളം ഉയർന്നുവരുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലോകോത്തര ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം എന്നിവയിലൂടെ കേരളത്തെ ലോകവുമായി ബന്ധിപ്പിക്കുന്ന സംയോജിത മൾട്ടിമോഡൽ ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് കെട്ടിപ്പടുക്കും. എന്താണ് ഉത്പാദിപ്പിക്കുന്നത് എന്നതല്ല, ആഗോള വിപണികളുമായി നമ്മൾ എത്രത്തോളം കാര്യക്ഷമമായി ബന്ധപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ വളർച്ച.
പ്രവർത്തനത്തിന്റെ ആദ്യവർഷം തന്നെ വിഴിഞ്ഞം 2.3 ദശലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. രാജ്യത്തെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റിന്റെ 30% ഇവിടെയാണ്. ഇന്ത്യയിലെ ഓരോ 3 ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകളിൽ ഒരെണ്ണം ഇപ്പോൾ വിഴിഞ്ഞം വഴിയാണ് കടന്നുപോകുന്നത്. 4 ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ, 400മീറ്റർ നീളമുള്ള കണ്ടെയ്നർ വെസ്സലുകൾ കൈകാര്യം ചെയ്ത് റെക്കാർഡിട്ടു.
സമുദ്രവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുഅണ്ടി, കയർ ഉൽപ്പന്നങ്ങൾ, എൻജിനിയറിംഗ് ഉത്പ്പന്നങ്ങൾ എന്നിവയ്ക്ക് വിഴിഞ്ഞംവഴി ആഗോള വിപണിയിലേക്ക് വേഗമേറിയതും നേരിട്ടുള്ളതുമായ പാത സൃഷ്ടിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് ചെലവ് കുറഞ്ഞ സപ്ലൈ ചെയിനും ഉറപ്പാക്കുന്നു. വിഴിഞ്ഞത്തെ കയറ്റുമതി ചരക്കുകൾക്കായി മാത്രം വാതിലുകൾ തുറക്കുകയല്ല, ഇന്ത്യക്കും ലോകത്തിനും ഇടയിൽ ഒരു പുതിയ കവാടം തുറക്കുകയാണ്.
പൂർണ്ണമായ റോഡ്-റെയിൽ കണക്റ്റിവിറ്റി ലഭ്യമാകുന്നതോടെ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ വ്യവസായങ്ങൾക്ക് ആഗോള വിപണിയിലേക്ക് സുഗമമായ പ്രവേശനം ലഭ്യമാക്കി കേരളത്തിന് തന്ത്രപ്രധാന കവാടമായി ഉയർന്നുവരാനാവും. തുറമുഖ ശേഷി 1.6 ദശലക്ഷം കണ്ടെയ്നറിൽ നിന്ന് 5.7 ദശലക്ഷമാക്കാൻ രണ്ടാംഘട്ട വികസനത്തിന് 16,000 കോടിയുടെ അധികനിക്ഷേപം അദാനി ഉറപ്പുനൽകുന്നു. ഈ വികസനം വിഴിഞ്ഞത്തെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബുകളിലൊന്നാക്കി മാറ്റും.ബങ്കറിംഗ് സൗകര്യങ്ങൾ, ലിക്വിഡ് ജെട്ടി, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് പാർക്കുകൾ, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, സംയോജിത ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം എന്നിവ ഇവിടെ മാരിടൈം കവാടം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |