SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.02 AM IST

മാറ്റാനുള്ളതല്ലേ കീഴ്വഴക്കങ്ങൾ

d

മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ ഒരു വാചകത്തിന് അസാധാരണ പ്രസക്തിയുണ്ട്. ചുമതലയൊഴിയുന്ന മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയിൽ ഇരിപ്പിടം നൽകിയ അസാധാരണ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് 'കീഴ്വഴക്കങ്ങൾ മാറാനുള്ളതല്ലെ ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹത്തിനുള്ള ആർജ്ജവത്തിന്റെ പ്രതിഫലനമായി ഇതിനെ കാണാം. കാരണം സഹിക്കാവുന്നതും സഹിക്കാൻ പാടില്ലാത്തതുമായ നിരവധി കീഴ്വഴക്കങ്ങളുടെ സംഗമ കേന്ദ്രമാണല്ലോ ഭരണസിരാകേന്ദ്രം. അതെല്ലാം ഒരു പരിധിവരെ മാറ്റുമെന്ന സൂചനയാണ് അദ്ദേഹം പറഞ്ഞ വാചകത്തിലുള്ളത്. എങ്കിൽ സ്വാഗതാർഹം.

ശ്രീ എമ്മിന്റെ സാന്നിദ്ധ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് സർക്കാർ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ച നടന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരോട് 'കടക്ക് പുറത്ത്' എന്ന ഗർജ്ജനം വന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ അത് പിന്നീട് വലിയൊരു കീഴ്വഴക്കമായി മാറി. സെക്രട്ടേറിയറ്റിലേക്ക് മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശിക്കണമെങ്കിൽ മന്ത്രിമാരുടെ ഓഫീസുകളിൽ നിന്നുള്ള കല്പന വേണമെന്ന കീഴ്വഴക്കമായി അത് മാറി. നാല് ഭാഗത്തായി നാല് ഗേറ്റുകൾ മലർക്കെ തുറന്നു കിടന്നാലും മാദ്ധ്യമ പരിഷകൾ അകത്തേക്ക് പ്രവേശിക്കണമെങ്കിൽ കല്പന വരും വരെ കാത്തുകിടക്കണമെന്ന അവസ്ഥ. ആദ്യമൊക്കെ ഇതൊരു വിഷമമായിരുന്നെങ്കിലും പിന്നീടതങ്ങു ശീലമായി. അവഗണന അനുഭൂതിയായി മാറുന്ന ജാലവിദ്യ.

ഒന്നാം പിണറായി സർക്കാരും കടന്ന് രണ്ടാം പിണറായി സർക്കാരിലേക്ക് എത്തിയപ്പോഴും സമീപനത്തിലും കീഴ്വഴക്കത്തിലും മാറ്റം വന്നില്ല. വാർത്താ സമ്മേളനങ്ങളിൽ ചോദിക്കേണ്ട ചോദ്യങ്ങൾക്ക് പോലും എ.പി.എൽ, ബി.പി.എൽ മാതൃകയിൽ വേർതിരിവ് നിശ്ചയിച്ച കാലം. ഇഷ്ടപ്പെടാത്ത ചോദ്യങ്ങളെ കണ്ണുരുട്ടൽ കൊണ്ട് നേരിട്ട വരണ്ട നാളുകൾ. തിരുവായ്ക്ക് എതിർവാ ഇല്ലെന്ന ആ കീഴ്വഴക്കവും മാറേണ്ടതല്ലേ. സങ്കട അപേക്ഷകളുടെ പുരോഗതി അറിയാൻ കേരളത്തിന്റെ അങ്ങേ തലയ്ക്കൽ നിന്നുവരെ എത്തുന്ന പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവേശിക്കണമെങ്കിലും കടമ്പകളേറെ. ഇരുമ്പുമറയ്ക്കുള്ളിൽ സൃഷ്ടിക്കപ്പെട്ട മായിക ലോകമായി സെക്രട്ടേറിയറ്റ് അങ്ങു മാറി. പ്രവേശന പാസിന് വേണ്ടി ക്യൂനിൽക്കുന്ന സാധാരണക്കാരന് കനിവ് കിട്ടാതിരുന്ന കാലം. അതും മാറേണ്ട കീഴ്വഴക്കമല്ലേ. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന മട്ടിൽ മുഖ്യമന്ത്രിയെ സ്തുതിക്കാൻ വാഴ്ത്തുപാട്ടുകൾ ചമയ്ക്കുന്ന ചുമതല സ്വയം ഏറ്റെടുത്ത ചില ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ തീർത്ത കീഴ്വഴക്കവും ചെറുതല്ല.

വാഴ്ത്തുപാട്ടുകൾ കൂട്ടത്തിരുവാതിരയായി രൂപാന്തരപ്പെട്ടപ്പോൾ ജോലി പോലും മാറ്റിവച്ച് അതിന് ജീവനക്കാർ നിർബ്ബന്ധിത കാഴ്ചക്കാരായി നിന്ന് കയ്യടിക്കേണ്ടിവന്നതും മറ്റൊരു കീഴ്വഴക്കമായി. കൊടും ചൂടുകാലത്ത് കുടിക്കാൻ ബസിന് മുന്നിൽ കുപ്പിവെള്ളം സൂക്ഷിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ നടുറോഡിൽ വകുപ്പ് മന്ത്രിയുടെ പരസ്യവിചാരണയ്ക്ക് വിധേയനായത് പൊതുജനത്തിന് അത്ര രുചിച്ച കാഴ്ചയായിരുന്നില്ല. ബസിന്റെ മുൻവശത്ത് കാലിക്കുപ്പികൾ കിടക്കുന്നത് കെ.എസ്.ആർ.ടി.സിയുടെ ഖ്യാതിയും ശോഭയും കെടുത്തി എന്നതായിരുന്നു മന്ത്രിയുടെ നിരീക്ഷണം. കശുഅണ്ടി ഫാക്ടറിയുടെ കുഴലിൽ നിന്ന് പുകവരും പോലെ റോഡരികിൽ നിൽക്കുന്നവരുടെ മോന്തയിലേക്കും വസ്ത്രങ്ങളിലേക്കും കറുത്ത പുക തുപ്പി നിരങ്ങി നീങ്ങുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഇപ്പോഴും ചിലയിടങ്ങളിലെ എങ്കിലും കാഴ്ചകളാണ്. എന്തോ മുൻ മന്ത്രിയുടെ കണ്ണിൽ അതൊന്നും പെട്ടിട്ടില്ല.

മുൻ തിരുവനന്തപുരം മേയറായിരുന്ന മഹതിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നതിന്റെ പേരിൽ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർ നടുറോഡിൽ കുറ്റവിചാരണ നേരിടേണ്ടിവന്ന സംഭവം കോടതി കയറിയതും ജനങ്ങൾ കണ്ടു. ചില അടയാളങ്ങൾ മുഖമുദ്രകളായി മാറുന്നപോലെ, പലപ്പോഴായി പലരിൽ നിന്നുമായി ഉണ്ടായിട്ടുള്ള ചില സംഭവങ്ങളും സംഭാവനകളും ഇടത് സർക്കാരിന് ചാർത്തിക്കൊടുത്തത് ധാർഷ്ട്യത്തിന്റ മുദ്രയാണ്. ഇത്തരം കീഴ്വഴക്കങ്ങളെ തിരിച്ചറിഞ്ഞ് നമുക്ക് വേണ്ടാത്തവയെ ഉച്ചാടനം ചെയ്യാൻ കഴിഞ്ഞാൽ അത് തന്നെ ശുഭകരമായ കാര്യമാവും. പക്ഷെ മുമ്പ് യു.ഡി.എഫ് അധികാരത്തിലിരുന്നിട്ടുള്ള സന്ദർഭങ്ങളിലും സൃഷ്ടിക്കപ്പെട്ട ചീല കീഴ്വഴക്കങ്ങളുണ്ട്.

കുന്തമുന പോലെ നിൽക്കുന്ന ഖദർ ഷർട്ടും ധരിച്ച് കക്ഷത്തിൽ ഒരു ഡയറിയും തിരുകി കോൺഗ്രസുകാർ സെക്രട്ടേറിയറ്റിന്റെ ഇടനാഴികൾ ഇടത്താവളമാക്കിയ കാലം. ഒരു മന്ത്രിയുടെ ഓഫീസിൽ 20 സ്റ്റാഫുണ്ടെങ്കിൽ ചുറ്റിലുമായി 200 പേർ നിരക്കുന്നത് പതിവ് കാഴ്ചയായിരുന്നു. മുഖ്യമന്ത്രിയുടെ കസേരയിൽ വഴിപോക്കൻ കയറി ഇരുന്ന സംഭവവും ഓർമ്മകളിലുണ്ട്. 'ഞാനൊന്നു തിരുവനന്തപുരത്തേക്ക് പോയാലോ' എന്ന് ചോദ്യമെറിഞ്ഞ് നാട്ടുകാരെ അമ്പരിപ്പിക്കുന്ന കുട്ടിനേതാക്കളും യു.ഡി.എഫ് ഭരണകാലത്തെ സ്കിറ്റിൽപ്പെട്ടതാണ്. ഇത്തരം ഭൂതകാല കീഴ്വഴക്കങ്ങളും ആവർത്തിക്കപ്പെട്ടു കൂടാത്തതാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഇതു കൂടി പതിഞ്ഞാൽ അടുത്ത അഞ്ചുവർഷത്തെ ഭരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തതാവും.

ഇതുകൂടി കേൾക്കണേ

മുഖ്യമന്ത്രി വി.ഡി.സതീശൻ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. നിലപാടുകളിൽ ഉറച്ചു നിൽക്കാൻ അദ്ദേഹം കാട്ടാറുള്ള ജാഗ്രത കീഴ്വഴക്കങ്ങൾ മാറ്റുന്നതിലും തുടരാനായാൽ അതും മറ്റൊരു ചരിത്രമാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VDS, GOVT, NEW LAWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY