SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.37 AM IST

സ്‌കൂൾ തുറന്നു; വഴിപാടാകരുത് ഒന്നും! മാറണം സീസണൽ സമീപനം

d

സ്‌കൂൾ മുറ്റങ്ങളിൽ വീണ്ടും ചിരിമുഴക്കമുണർന്നു. പുതിയ കുടയും ബാഗും പുത്തൻ ഉടുപ്പുകളുമിട്ട് അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചെത്തിയ കുരുന്നുകളെ വരവേൽക്കാൻ നാടെങ്ങും പ്രവേശനോത്സവങ്ങൾ നടന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അദ്ധ്യാപകരും ചേർന്ന് മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിക്കുന്ന ഹൃദ്യമായ കാഴ്ചകൾക്കാണ് കഴിഞ്ഞദിവസം നാട് സാക്ഷ്യം വഹിച്ചത്. എന്നാൽ, ഈ ഉത്സവലഹരികൾക്കപ്പുറം ഒരു കൂട്ടം ആശങ്കകളും ചോദ്യചിഹ്നങ്ങളും ഓരോ അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും നമ്മുടെ മുന്നിൽ അവശേഷിക്കാറുണ്ട്. സ്‌കൂൾ തുറക്കുന്ന വേളയിൽ മാത്രം കൊട്ടിഘോഷിച്ച് നടപ്പാക്കുകയും പിന്നീട് വിസ്മൃതിയിലാവുകയും ചെയ്യുന്ന ചില സുപ്രധാന സുരക്ഷാ-മുൻകരുതൽ നടപടികളിലേക്ക് വിരൽചൂണ്ടേണ്ടതുണ്ട്. ലഹരിവിരുദ്ധ ക്യാമ്പയിനുകൾ, സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന, കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന എന്നിവയെല്ലാം ജൂൺ ആദ്യവാരം വലിയ വാർത്താപ്രാധാന്യത്തോടെയാണ് അധികൃതർ ആരംഭിക്കാറുള്ളത്. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ ഈ ആവേശം ചോർന്നുപോകുന്നതാണ് സ്ഥിരം കാഴ്ച. സുരക്ഷാ മുൻകരുതലുകൾ എന്നത് കേവലം അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽ മാത്രം തീർക്കേണ്ട ഒരു 'വഴിപാട്' അല്ല എന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം.


ഫിറ്റ്നസ് പരിശോധന പ്രഹസനമാകുമ്പോൾ

സ്‌കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പ് മോട്ടോർ വാഹന വകുപ്പ് വൻ സന്നാഹത്തോടെ സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്താറുണ്ട്. ടയറുകളുടെ ഗുണനിലവാരം, ബ്രേക്ക് സംവിധാനം, സ്പീഡ് ഗവർണറുകൾ, ഫസ്റ്റ് എയ്ഡ് ബോക്‌സുകൾ എന്നിവയെല്ലാം പരിശോധിക്കുന്നത് ഈ ദിവസങ്ങളിലാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മാദ്ധ്യമങ്ങളിലൂടെ പുറത്തുവരും. ഇത്തവണ സംസ്ഥാനത്ത് ആദ്യഘട്ട പരിശോധന നടന്ന ആദ്യ ജില്ലകളിലൊന്നായ എറണാകുളത്ത് പുറമേ നല്ല തിളങ്ങുന്ന പെയിന്റും മിനുസമുള്ള ബോഡിയുമായി വണ്ടികളെത്തി... പേപ്പറുകളെല്ലാം ക്ലിയർ. ലൈറ്റും വൈപ്പറും ജി.പി.എസുമെല്ലാം സെറ്റ്. നിർത്തിയിട്ടിരുന്നപ്പോൾ 'ഫുൾമാർക്ക്. നേരിട്ട് ഓടിച്ചു നോക്കിയപ്പോഴാണ് പണി പാളിയത്. വണ്ടിക്കെല്ലാം പലവിധ തകരാറുകൾ. ഒടുവിൽ ആദ്യമെത്തിയ 60ൽ 44 ബസിന്റെയും ഫിറ്റ്‌നസ് തള്ളി. പാലക്കാടും തൃശൂരും ഉൾപ്പെടെ എല്ലായിടത്തും സ്ഥിതി വ്യത്യസ്ഥമല്ല.

എന്നാൽ, ജൂൺ മാസം പിന്നിടുന്നതോടെ ഈ കർശന പരിശോധനകൾക്ക് എന്തു സംഭവിക്കുന്നു? സ്‌കൂൾ ബസുകൾക്ക് പുറമെ ആയിരക്കണക്കിന് ഓട്ടോറിക്ഷകളിലും വാനുകളിലുമാണ് നമ്മുടെ കുട്ടികൾ ഇടുങ്ങിപ്പൂട്ടി യാത്ര ചെയ്യുന്നത്. ഒരു നിയന്ത്രണവുമില്ലാതെ കുട്ടികളെ കുത്തിനിറച്ച് പായുന്ന ഇത്തരം സമാന്തര വാഹനങ്ങളെ പിന്നീട് ആരും തിരിഞ്ഞുനോക്കാറില്ല. മഴക്കാലം കനക്കുന്നതോടെ റോഡുകളുടെ അവസ്ഥ പരിതാപകരമാകും. ഈ സാഹചര്യത്തിൽ വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും വർഷത്തിൽ ഒന്നിലേറെത്തവണ നടക്കേണ്ടതല്ലേ?


ലഹരിയുടെ കരിനിഴൽ; തുടക്കത്തിലെ ആവേശം പോരാ!
കേരളത്തിലെ കലാലയങ്ങളെയും സ്‌കൂളുകളെയും ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടുന്നത് ലഹരിമാഫിയയുടെ കടന്നുകയറ്റമാണ്. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിപുലമായ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളും എക്‌സൈസ്-പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളും സംഘടിപ്പിക്കും. സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ കർശന പരിശോധന നടത്തുമെന്നും ലഹരിവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ നടപടിയെന്നുമൊക്കെ വലിയ പ്രഖ്യാപനങ്ങളുണ്ടാകും.

എന്നാൽ, ദിവസങ്ങൾ കഴിയുമ്പോൾ സ്‌കൂൾ പരിസരങ്ങളിലെ നിരീക്ഷണം ദുർബലമാകും. ഈ പഴുതുകളിലൂടെ ലഹരിമാഫിയ വീണ്ടും കുട്ടികളിലേക്ക് വലയെറിയും. രാസലഹരികളുടെ ഉപയോഗം കുട്ടികളിൽ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, കേവലം ഒരു ദിവസത്തെ ബോധവത്ക്കരണ ക്ലാസുകൊണ്ട് മാത്രം ഇതിനെ ചെറുക്കാനാകില്ല. വിദ്യാലയങ്ങളും രക്ഷിതാക്കളും പൊലീസും അടങ്ങുന്ന ജാഗ്രതാ സമിതികൾ വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കണം. സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ നിരന്തരമായ പരിശോധനകൾ ഉറപ്പാക്കാൻ എക്‌സൈസ് വകുപ്പിന് സാധിക്കണം. തുടക്കത്തിലെ ആവേശം പിന്നീട് കാണിക്കാത്തതാണ് ലഹരിസംഘങ്ങൾക്ക് വീണ്ടും തഴച്ചുവളരാൻ വളമാകുന്നത്.

കെട്ടിടങ്ങളുടെ സുരക്ഷയും കടലാസ് പണികളും
ഓരോ അദ്ധ്യയനവർഷത്തിന് മുമ്പും സ്‌കൂൾ കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പഴകിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റാനുമൊക്കെ കർശന നിർദ്ദേശങ്ങൾ നൽകാറുണ്ട്. എന്നാൽ പലയിടത്തും ഈ പരിശോധനകൾ വെറും കടലാസ് പണികളിൽ ഒതുങ്ങും.

ശക്തമായ കാറ്റും മഴയും വരുമ്പോഴാണ് പല സ്‌കൂൾ കെട്ടിടങ്ങളുടെയും യഥാർത്ഥ അവസ്ഥ പുറത്തുവരുന്നത്. മേൽക്കൂര തകർന്നു വീണും മരങ്ങൾ കടപുഴകിയും അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർ ഉണർന്നു പ്രവർത്തിക്കുന്നത്. ദുരന്തങ്ങൾ സംഭവിച്ച ശേഷം അനുശോചനം രേഖപ്പെടുത്തുന്നതിലല്ല, മറിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ വർഷം മുഴുവൻ നിലനിർത്തുന്നതിലാണ് ഭരണകൂടത്തിന്റെ മിടുക്ക്.

മാറണം ഈ 'സീസണൽ' സമീപനം

അധികാര വികേന്ദ്രീകരണത്തിന്റെ താഴെത്തട്ടുമുതലുള്ള നമ്മുടെ ഭരണസംവിധാനങ്ങളുടെ ഏറ്റവും വലിയ ശാപം ഈ 'സീസണൽ' സമീപനമാണ്. ഹെൽമെറ്റ് വേട്ടയും സീറ്റ് ബെൽറ്റ് പരിശോധനയും പോലെ, സ്‌കൂൾ സുരക്ഷയും ഒരു നിശ്ചിത കാലയളവിലെ മാത്രം ഡ്യൂട്ടിയായി ഉദ്യോഗസ്ഥർ കാണരുത്. കുട്ടികളുടെ ജീവനും ഭാവിക്കും കാവലാളാകേണ്ടത് അധികൃതരുടെ മുഴുവൻ ഉത്തരവാദിത്തമാണ്.

അധികൃതർ ഉണരണം
പ്രവേശനോത്സവത്തിന്റെ ആർപ്പുവിളികൾ ഒടുങ്ങുമ്പോൾ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള യഥാർത്ഥ പ്രവർത്തനങ്ങളാണ് ആരംഭിക്കേണ്ടത്. പരിശോധനകൾ വഴിപാടുകളാക്കി മാറ്റാതെ, കൃത്യമായ ഇടവേളകളിൽ അവ ആവർത്തിക്കാനുള്ള ആർജ്ജവം വിദ്യാഭ്യാസ-വകുപ്പുകളും പൊലീസും മോട്ടോർ വാഹന വകുപ്പും കാണിക്കണം. നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾക്ക് ഭയരഹിതമായി പഠിക്കാനുള്ള അന്തരീക്ഷം ഒരുക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണ്. ആ കടമയിൽ ഒരടിപോലും പിന്നോട്ട് പോകരുത്. ഇനി ഒരു ദുരന്ത വാർത്ത കേട്ട് നടുങ്ങാൻ കേരളത്തിനാവില്ല. അതുകൊണ്ട് ഓർക്കുക, കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അരുത്; ഒന്നും ഒരു വഴിപാടാകരുത്!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY