
രണ്ട് പക്ഷത്താണെങ്കിലും നിയമസഭയിലെ മുതിർന്ന നേതാക്കളായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷനേതാവ് പിണറായി വിജയനും വലിയ ലോഹ്യത്തിലാണ്. നേർക്കുനേർ സംസാരിക്കുമ്പോൾ രണ്ടുപേരുടെയും വാക്കുകളിൽ അതിന്റെ ഒരു മയവും അലിവും കാണും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിർദ്ദേശവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചപ്പോൾ സംസാരിക്കാൻ ശ്രമിച്ച പിണറായി വിജയനോട്, 'എത്ര പ്രകോപനമുണ്ടാക്കിയാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്ന്' സ്പീക്കർ തിരുവഞ്ചൂർ പറഞ്ഞത് വളരെ സൗമ്യഭാവത്തിലാണ്.
'അങ്ങയെപ്പോലുള്ളൊരു നീതിമാൻ സഭാദ്ധ്യക്ഷനായിരിക്കുമ്പോൾ ആവശ്യം അംഗീകരിക്കുമെന്നാണ് കരുതുന്ന'തെന്ന പിണറായിയുടെ മറുവാക്കുകൾക്കും ചിരിയുടെ അകമ്പടിയുണ്ടായിരുന്നു. അംഗബലത്തിൽ കുറവെങ്കിലും പ്രതിപക്ഷത്തെ പല സാമാജികരുടെയും നാവുകളുടെ മൂർച്ഛ വ്യക്തമാവുന്നതായിരുന്നു ബഡ്ജറ്റിന്മേലുള്ള ചർച്ച. വി.ഡി, മോദി, അദാനി ഡീലാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നാണ് സി.പി.എം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ ആക്ഷേപം. യു.ഡി.എഫ് പ്രഖ്യാപിച്ചത് ഇന്ദിരാഗ്യാരന്റിയല്ല, അദാനി ഗ്യാരന്റിയാണെന്നും അദ്ദേഹത്തിന് പരാതി. വാഹനങ്ങളുടെ മോഡിഫിക്കേഷൻ പ്രഖ്യാപനത്തിൽമാത്രം ഒതുങ്ങിയതിനാൽ, 'തേച്ച് പൂക്കിച്ചിരി' എന്നാണ് യുവജനങ്ങൾ പരിഹസിക്കുന്നതെന്നായി സേവ്യർ.
മന്ത്രിസഭയറിയാതെ വീര്യംകുറഞ്ഞ മദ്യത്തിന്റെ നിരക്ക് നിശ്ചയിച്ചതിലൂടെ കഴിഞ്ഞ സർക്കാരിന്റെ നയമാണ് യു.ഡി.എഫ് സർക്കാരും തുടരുന്നതെന്നാണ് ബി.ജെ.പി അംഗം വി.മുരളീധരന്റെ ആക്ഷേപം. രണ്ടാം ബാർകോഴയായിട്ടാണ് അദ്ദേഹം ബഡ്ജറ്റ് നിർദ്ദേശത്തെ വിശേഷിപ്പിച്ചത്. കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യയാത്ര നടത്തി സ്ത്രീകൾക്ക് വേണമെങ്കിൽ അപ്പക്കച്ചവടം നടത്താമെന്ന ടി.ഒ.മോഹനന്റെ നിർദ്ദേശം കേൾക്കാൻ സഭയിൽ എം.വി.ഗോവിന്ദൻ ഇല്ലാതെ പോയി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് മണി അടിച്ചതെന്തിനെന്ന് എത്ര ആലോചിച്ചിട്ടും മോഹനന് മനസിലായിട്ടില്ല.
കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് സഭയിൽ ജലപീരങ്കിയിൽ നിന്ന് ചീറ്റിച്ചതെന്ന് പറഞ്ഞ് കുപ്പിയിൽ കൊണ്ടുവന്ന മലിനജലം, റോഡിലെ കുഴിയിൽ നിന്ന് എ.ഐ.വൈ.എഫുകാർ കോരിയെടുത്ത കലക്കവെള്ളമായിരുന്നുവെന്ന് പത്രത്തിൽ വന്ന ചിത്രം സഹിതം കോൺഗ്രസിലെ വി.എസ്. ജോയി വെളിപ്പെടുത്തിയത് പ്രതിപക്ഷത്തിന് ഓർക്കാപ്പുറത്തേറ്റ പ്രഹരമായി. 29 ആയിരുന്ന ബാറുകൾ 900 ആക്കി ഉയർത്തിയിട്ട് മദ്യനികുതിയുടെ പേരിൽ ബഹളം വയ്ക്കുന്ന പ്രതിപക്ഷത്തിന് അൾഷിമേഴ്സാണെന്നും ജോയി പരിഹസിച്ചു.
പി.എം ശ്രീയിൽ ഒപ്പിട്ട് പാതി പണം വാങ്ങി കീശയിലിട്ടതും പ്രതിപക്ഷം മറന്നുപോയെന്ന് അടുത്ത പരിഹാസം. പിണറായി സർക്കാരിന്റെ കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളമാണോ ജലപീരങ്കിയിലൂടെ ചീറ്റിച്ചതെന്നാണ് സുധീർഷാ പാലോടിന് അറിയേണ്ടത്. വസ്തുതകൾ മറച്ചുപിടിക്കുന്ന സാമ്പത്തിക മായാജാലമാണ് ബഡ്ജറ്രെന്നാണ് സി.പി.എം അംഗം എ.പ്രഭാകരന്റെ അഭിപ്രായം. കടലുംകരയും ആകാശവും കുത്തകകൾക്ക് തീറെഴുതുകയാണ്. മേഘവും കാറ്റും കുപ്പിയിലോ കുടത്തിലോ ആക്കി വിൽക്കുന്ന കാര്യവും ആലോചിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
സോഷ്യലിസ്റ്റ് രാജ്യങ്ങൾ തന്നെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്താൻ സി.പി.എം ഇടപെടുമോ എന്നതാണ് പഴയ സി.പി.എമ്മുകാരനായ ടി.കെ. ഗോവിന്ദന്റെ സന്ദേഹം. കഴിഞ്ഞ ദിവസം പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പ്രസംഗം കേട്ടപ്പോൾ എ.കെ.ജി സെന്ററിൽ ഇരിക്കുന്നതായാണ് തനിക്ക് തോന്നിയതെന്നും ഗോവിന്ദൻ തുറന്നുപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |