നീറ്റ് ചോദ്യപേപ്പർ ചോർച്ച തീർത്തും അംഗീകരിക്കാനാവാത്തതായിരുന്നു. അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിദ്യാർത്ഥികളുടെ വിശ്വാസത്തെ തീർച്ചയായും ബാധിച്ചു. എന്നാൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ച ഉടൻതന്നെ ദൃഢനിശ്ചയത്തോടെയും വേഗത്തിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിച്ചത്. പുനഃപരീക്ഷ നടത്തി, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു. ഇത്തരം കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
വ്യാഴാഴ്ച അർദ്ധരാത്രിയിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുടെ ആശങ്കകളെ നേരിട്ട് അഭിസംബോധന ചെയ്യുകയും ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് സമൂഹമാദ്ധ്യമ സന്ദേശത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. ഓരോ യുവാക്കൾക്കും ഇക്കാര്യത്തിൽ ഞാനും ഉറപ്പ് നൽകുകയാണ്. നിങ്ങളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി മോദിജിയേക്കാൾ കൂടുതൽ ആശങ്കയുള്ള ഒരാളും ഇല്ല. പരീക്ഷാ സംവിധാനം ശുദ്ധീകരിക്കുന്നതും വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും നിങ്ങൾക്കായി മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുന്നതും ഉൾപ്പെടെ രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ ആവശ്യമായതെല്ലാം അദ്ദേഹം പന്ത്രണ്ടുവർഷമായി നിരന്തരം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യില്ല എന്നുറപ്പാണ്.
ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് അവരുടെ സാമ്പത്തിക ശക്തിയോ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളോ കാർഷിക മേഖലയുടെ വളർച്ചയോ മാത്രമല്ല; മറിച്ച് സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന യുവതലമുറയാണ്. ഓരോ വിദ്യാർത്ഥിയും കുടുംബത്തിന്റെ പ്രതീക്ഷയും സമൂഹത്തിന്റെ പ്രത്യാശയും രാജ്യത്തിന്റെ നാളെയുമാണ്. അവർ പഠിക്കുന്നത് പാഠപുസ്തകങ്ങളിലെ പാഠങ്ങൾ മാത്രമല്ല; കഠിനാദ്ധ്വാനത്തിലൂടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാമെന്ന വിശ്വാസവും സത്യസന്ധതയിലൂടെ വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസവുമാണ്.
ആ വിശ്വാസത്തെ തകർക്കുന്ന ഓരോ സംഭവവും അവരുടെ ആത്മവിശ്വാസത്തേയും ജീവിതത്തെയും മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെ തന്നെയാണ് ബാധിക്കുന്നത്. ഓരോരുത്തരുടെയും ജീവിതം രാജ്യത്തിന്റെ ഭാവിയുമായി ചേർന്നു പോകുന്നതാണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടത് പരിഹാരങ്ങളാണ്, ചിലർ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളല്ല. ചോദ്യപേപ്പർ ചോർച്ചയെ നിസാരമായി കാണാൻ കഴിയില്ല. പണവും അധികാരവും ഉപയോഗിച്ച് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന ഈ അഴിമതിയെ വെറുമൊരു ഭരണപരമായ വീഴ്ചയെന്നതിലുപരി, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ അദ്ധ്വാനത്തെ ചോദ്യം ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കണം.
'ഒരു സാധാരണ വിഷയം അല്ല' എന്നാണ് പ്രധാനമന്ത്രി ചോദ്യപേപ്പർ ചോർച്ചയെ വിശേഷിപ്പിച്ചത്. ഇത് വെറും ഒരു പരീക്ഷയുടെ പ്രശ്നമല്ല. രാജ്യത്തിന്റെ വിശ്വാസ്യതയുടെയും യുവജനങ്ങളുടെ ഭാവിയുടെയും പ്രശ്നമാണ്. ഈ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കൂടുതൽ കർശനമായ നടപടികൾ കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്നും, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും പരീക്ഷാ സുരക്ഷ ശക്തിപ്പെടുത്തുന്ന പുതിയ നിയമനിർമ്മാണം കൊണ്ടുവരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഇത് ഒരു രാഷ്ട്രീയ പ്രഖ്യാപനമായി മാത്രം കാണരുത്.മറിച്ച് രാജ്യത്തിന്റെ ഭാവി സ്വപ്നങ്ങൾ നടപ്പിലാക്കാനുള്ള ഒരു ഭരണപരമായ പ്രതിബദ്ധതയായിത്തന്നെ കാണണം.
എന്നാൽ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ എടുത്തു പറയേണ്ട മറ്റുചിലതുണ്ട്. പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഏതൊരു വിദ്യാർത്ഥിക്കും തന്റെ ഭാവിയെ ബാധിക്കുന്ന വിഷയത്തെ ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ട്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശമുണ്ട്. സുതാര്യമായ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്.
ജനാധിപത്യത്തിൽ ഈ അവകാശങ്ങളെ ബഹുമാനിക്കണം.പക്ഷേ ഒന്നോർക്കണം പ്രതിഷേധവും അരാജകത്വവും ഒരുപോലെയല്ല. ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ മറവിൽ രാജ്യതലസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം കോൺഗ്രസ് നടത്തുന്നതാണ് കണ്ടത്. ന്യായമായ പ്രതിഷേധ സമരങ്ങളെ ഈ രീതിയിൽ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന ശക്തികളെ ചരിത്രത്തിൽ നാം പലവട്ടം കണ്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ വികാരങ്ങളെ ചിലർ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചോ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നും ഉയരുന്നു.
അതിനാൽ ഈ പ്രശ്നത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുന്നതിനേക്കാൾ, ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
നീറ്റ് വിവാദം
പഠിപ്പിക്കുന്നത്
നീറ്റ് വിവാദം ഒരു വലിയ പാഠവും നമ്മെ പഠിപ്പിക്കുന്നുണ്ട്. പരീക്ഷാ സുരക്ഷ വെറും ചോദ്യപേപ്പർ സൂക്ഷിക്കുന്നതിൽ അവസാനിക്കുന്നില്ല. അത് ഒരു സമഗ്ര സംവിധാനമാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടം മുതൽ വിതരണം, ഡിജിറ്റൽ സുരക്ഷ, പരീക്ഷാകേന്ദ്രങ്ങളുടെ നിരീക്ഷണം, സാങ്കേതിക വിദ്യയുടെ ഉപയോഗം, കർശനമായ ശിക്ഷ,ഇവയെല്ലാം കൃത്യമായും ശക്തമായും നടപ്പിലാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെ കണ്ണാടിയാണ്.
ഇന്ന് ഇന്ത്യ ഒരു പുതിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്ത് ഏറ്റവും വലിയ യുവജനശക്തിയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ നിക്ഷേപമാണ് വിദ്യാഭ്യാസം. ദേശീയ വിദ്യാഭ്യാസ നയം, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്‌കിൽ ഇന്ത്യ, ഗവേഷണ മേഖലകളിലെ നിക്ഷേപം, ആഗോള സർവകലാശാലകളുമായുള്ള സഹകരണം ഇവയെല്ലാം യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാൽ ഈ ശ്രമങ്ങൾക്കെല്ലാം അടിത്തറ ഒരു കാര്യമാണ്- വിശ്വാസ്യത. പരീക്ഷകളിൽ വിശ്വാസമില്ലെങ്കിൽ വിദ്യാഭ്യാസത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടും. വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലെങ്കിൽ രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്കും മങ്ങലേൽക്കും.
അഭ്യൂഹങ്ങൾ വിശ്വസിക്കരുത്
യുവജനങ്ങൾ അവരുടെ സ്വപ്നങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. അനീതിക്കെതിരെ ശബ്ദമുയർത്തണം. സത്യത്തിനുവേണ്ടി നിലകൊള്ളണം. പക്ഷേ നിങ്ങളുടെ ന്യായമായ വികാരങ്ങളെ അക്രമത്തിന്റെയും അരാജകത്വത്തിന്റെയും വഴിയിലേക്ക് നയിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് ജാഗ്രത പാലിക്കുക. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഓരോ സന്ദേശവും സത്യമാണെന്ന് കരുതരുത്. അഭ്യൂഹങ്ങൾ വിശ്വസിക്കരുത്. ദിവസങ്ങൾനീണ്ട നിരാഹാരം അവസാനിപ്പിച്ചുകൊണ്ട് സോനം വാങ്‌ചുക്കും കേന്ദ്രസർക്കാരുമായി ചർച്ചകൾ ആരംഭിച്ച കോക്രോച്ച് ജനതാപാർട്ടി നേതാക്കളും സ്വീകരിച്ച നടപടികൾ സ്വാഗതാർഹമാണ്.
നമ്മുടെ യുവജനങ്ങൾക്കുള്ള അവസരങ്ങൾ വികസിപ്പിക്കാനും ലോകോത്തര വിദ്യാഭ്യാസ സംവിധാനങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ കഴിഞ്ഞ ഒരു ദശകമായി വലിയ ചുവടുവയ്പ്പുകൾ നടത്തിയിട്ടുണ്ട്. ആ നേട്ടങ്ങളെ ഒരു കുറ്റകൃത്യത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിലാക്കാൻ അനുവദിക്കരുത്. കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ലഭിക്കണം. പരീക്ഷാ സംവിധാനം കൂടുതൽ ശക്തമാകണം. അതോടൊപ്പം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസവും നിലനിറുത്തണം.
വിദ്യാർത്ഥികളുടെ പ്രതിഷേധം രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനാകണം, ദുർബലപ്പെടുത്തുന്നതിനാകരുത്. നിങ്ങളുടെ ശബ്ദം വരും തലമുറയ്ക്ക് പ്രചോദനമാകണം; അരാജകത്വത്തിന് ഇന്ധനമാകരുത്. നിങ്ങളുടെ പ്രതിഷേധം നീതിക്കുവേണ്ടിയാകണം; നാശത്തിനുവേണ്ടിയാകരുത്.
(ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാണ് രാജീവ് ചന്ദ്രശേഖർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |